തിരുവനന്തപുരം: സംഘ്പരിവാർ പ്രൊപ്പഗാണ്ട മുന്നോട്ട് വെക്കുന്ന ‘കേരള സ്റ്റോറി’ പ്രദർശനത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ചാനലുകളുടെ ലോഗോ നിറം മാറ്റിയ സംഭവം സർക്കാർ സ്ഥാപനങ്ങളെ ആർ.എസ്.എസ് നിയന്ത്രണത്തിലേക്ക് കൊണ്ടുവന്ന് രാജ്യത്തെ സമഗ്രാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും നയിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റ ഭാഗമാണെന്ന് എഐവൈഎഫ്. തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചുള്ള വർഗീയ ധ്രുവീകരണ അജൻഡ തന്നെയാണ് ജനാധിപത്യത്തിന്റെ എല്ലാ നടപടിക്രമങ്ങളെയും ലംഘിക്കുന്ന സ്വേച്ഛാധികാര പ്രവണതയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും എഐവൈഎഫ് പ്രസ്ഥാവനയിലൂടെ പറഞ്ഞു.
വിദ്വേഷരാഷ്ട്രീയത്തിൽ അഭിരമിക്കുന്ന ഹിന്ദുത്വവാദികൾ ചരിത്രത്തെയും വിദ്യാഭ്യാസത്തെയും സ്ഥാപനങ്ങളെയും തങ്ങളുടെ വർഗീയ അജണ്ടക്കനുസൃതമായ രീതിയിൽ കേന്ദ്ര ഭരണത്തിന്റെ കീഴിൽ നിരന്തരം കാവി വത്കരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ദൂരദർശൻ ലോഗോയുടെ നിറം മാറ്റം. സംഘ് പരിവാറിന്റെ തീവ്രദേശീയതയുടെ മറവിലുള്ള സങ്കുചിത വാദങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ നിലനിൽക്കുന്ന മതനിരപേക്ഷതയുടെ തത്വങ്ങളെ നിർമ്മാർജനം ചെയ്ത് രാജ്യത്തെ മത രാഷ്ട്രമാക്കി പരിവർത്തിപ്പിക്കാനുള്ള ഗൂഢ തന്ത്രങ്ങളാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.