സംഘപരിവാർ രാഷ്ട്രീയം വളര്‍ത്തുന്നതിന് വേണ്ടി സർക്കാർ സ്ഥാപനങ്ങളും സംവിധാനങ്ങളും നിരന്തരം ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ‘കേരള സ്റ്റോറി’ സിനിമ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനമെന്ന് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. കെട്ടുകഥകൾ മെനഞ്ഞു കേരളത്തെ രാജ്യത്തിനു മുന്നിൽ അപമാനിച്ച് കാണിക്കുക എന്നതാണ് സംഘപരിവാർ ശക്തികൾ നാളിതുവരെ കൈക്കൊണ്ട നിലപാട്. ഈ സിനിമ പ്രദർശിപ്പിക്കാനുള്ള ദൂരദർശന്റെ ശ്രമം പ്രതിഷേധാർഹമെന്ന് എഐവൈഎഫ് വ്യക്തമാക്കി.
2023 ഫെബ്രുവരി മാസത്തിൽ പ്രസാര്‍ ഭാരതിയുടെ വാര്‍ത്ത സ്രോതസ്സായി ആര്‍എസ്എസുമായി ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറിനെ തെരഞ്ഞെടുക്കുക വഴി വാർത്തകളുടെ കാവി വത്കരണം ലക്ഷ്യം വെക്കുകയായിരുന്നു കേന്ദ്ര സർക്കാർ. കേരളത്തെ അപമാനിക്കുവാനും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അപകീർത്തിപ്പെടുത്തുവാനുമുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളുടെ ഭാഗമായി നിർമ്മിച്ച ‘ കേരള സ്റ്റോറി ‘ക്ക് പിന്നിൽ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പെന്ന പതിവ് സംഘപരിവാർ അജണ്ട തന്നെയാണുള്ളത്. വിദ്വേഷ പ്രചാരണം ലക്ഷ്യമാക്കുന്ന ‘കേരള സ്റ്റോറി’ യിലൂടെ കേരളത്തിന്റെ മതേതര സംസ്കാരത്തോട് അസ്വസ്ഥപ്പെടുകയും കേരളീയ പൊതു സാമൂഹ്യ സാഹചര്യങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്യുകയാണ് തല്പര കക്ഷികൾ.
വ്യാജ പ്രചാരണങ്ങളിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താനും മത നിരപേക്ഷതയെ തകർത്ത് സംസ്ഥാനത്ത് വർഗ്ഗീയ ചേരി തിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുമുള്ള ഏതൊരു ശ്രമത്തെയും കേരളീയ സമൂഹം ചെറുത്ത് തോല്പിക്കുക തന്നെ ചെയ്യുമെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ അറിയിച്ചു.