Friday, November 22, 2024
spot_imgspot_img
HomeKeralaഡോക്ടർ ഷഹ്നയുടെ ആത്മഹത്യ; ഡോ. റുവൈസിൻ്റെ ബന്ധുക്കളെയും പ്രതിചേർക്കാനൊരുങ്ങി പൊലീസ്

ഡോക്ടർ ഷഹ്നയുടെ ആത്മഹത്യ; ഡോ. റുവൈസിൻ്റെ ബന്ധുക്കളെയും പ്രതിചേർക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥി ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ പേർ പ്രതികളാകും. കേസിൽ അറസ്റ്റിലായ സുഹൃത്ത് ഡോക്ടർ റുവൈസിൻ്റെ ബന്ധുക്കളെ പ്രതിചേർക്കുന്നതിനാണ് പൊലീസ് തീരുമാനം. ബന്ധുക്കൾ സ്ത്രീധന തുക ചോദിക്കുകയും സമ്മർദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ അമ്മ മൊഴി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ റുവൈസിൻ്റെ ബന്ധുക്കളെ ചോദ്യം ചെയ്യും. അതേസമയം, റുവൈസിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക.

അതിനിടെ, കേസിലെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷഹ്നയുടെ മരണകാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹ്നയുടെ ആത്മഹത്യ കുറിപ്പ്. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിന്‍റെ വക്താവാണ് ഡോ. റുവൈസെന്നാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട് പറയുന്നത്. ഒ പി ടിക്കറ്റിന്‍റെ പുറക് വശത്താണ് ഷഹ്ന റുവൈസിനെക്കുറിച്ച് എഴുതിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാണ്.

ഒന്നര കിലോ സ്വർണ്ണവും ഏക്കർകണക്കിന് ഭൂമിയും ആവശ്യപ്പെട്ടാൽ നൽകാൻ തനിക്കില്ലെന്നാണ് ഒ പി ടിക്കറ്റിന്‍റെ പുറകിൽ ഡോ. ഷഹ്ന എഴുതിയ ആത്മഹത്യ കുറിപ്പ്. അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നുവെന്നും ഇത്ര പണം ആവശ്യപ്പെടുന്നത് അവന്‍റെ സഹോദരിക്ക് വേണ്ടിയാണോ എന്നും ഞാൻ വ‍ഞ്ചിക്കപ്പെട്ടു എന്നും ഷഹ്ന ഒ പി ടിക്കറ്റിൽ കുറിച്ചിരുന്നു. ഒ പി ടിക്കറ്റിന്‍റെ പുറകിൽ ഷഹ്ന എഴുതിയ ആത്മഹത്യകുറിപ്പിലെ ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ അറസ്റ്റ് ചെയ്തതെന്നും കത്തിൽ റുവൈസിന്‍റെ പേരുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച പുല‍ർച്ചയോടെ കൊല്ലത്തെ വീട്ടിൽ നിന്നാണ് റുവൈസിനെ പിടികൂടിയത്. റുവൈസിന്റെ ഫോണിലെ മെസെജുകൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഷഹ്നക്ക് അയച്ച മെസേജുകളാണ് മായ്ച്ചുകളഞ്ഞിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഈ സന്ദേശങ്ങൾ വീണ്ടെടുക്കാൻ ഫോൺ സൈബർ പരിശോധനയക്ക് അയച്ചിട്ടുണ്ട്. റുവൈസും ഷഹ്നയും തമ്മിലുള്ള ബന്ധം വിവാഹനിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നു. പക്ഷെ ഭീമമായ സ്ത്രീധനം ചോദിച്ച് റുവൈസ് ഷഹ്നയെ സമ്മർദ്ദത്തിലാക്കി. കടുത്ത മാനസികസമർദ്ദത്തിലായ ഷഹ്ന അത് താങ്ങാനാകാതെ ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് കണ്ടെത്തൽ.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares