കടുത്തുരുത്തി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്ക്കാരം ഇന്ന്. കടുത്തുരുത്തിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്ക്കരിക്കുക. പൊതു ദര്‍ശനത്തിനു ശേഷം രാവിലെ 2മണിക്കാണ് സംസ്ക്കാരം. ഇന്നലെ വൈകീട്ടോടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ വന്ദനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും രാത്രി എട്ടു മണിയോടെ കോട്ടയം കടുത്തുരിത്തി മുട്ടച്ചിറയിലെ വീട്ടിലെത്തിച്ചിരുന്നു. നിരവധി പേരാണ് വന്ദനനയ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ കടുത്തുരുത്തിയിലെ വീട്ടിലെത്തിയത്.
ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. ഇവിടെയെല്ലാം ആയിരക്കണക്കിന് ആളുകളാണ് വന്ദനയെ അവസാനമായി കാണാനായി എത്തിയത്.