മഞ്ഞുമ്മൽ ബോയ്സ് നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയിലും പറവ ഫിലിംസ് എന്ന കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലുമാണ് നടപടി. സൗബിനെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യൽ നടന്നത്. രണ്ടുതവണ സൗബിന് കൊച്ചിയിലെ ഇ ഡി ഓഫിസിൽ എത്തേണ്ടിവന്നെന്നാണ് വിവരം. പരാതിയുമായി ബന്ധപ്പെട്ട് മുൻപ് സിനിമയുടെ സഹനിർമാതാവായ ഷോൺ ആന്റണിയെ ഇ ഡി ചോദ്യം ചെയ്തിരുന്നു.
കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.
അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്‍റെ പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ ചുവടുപിടിച്ചാണ് പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം. പാന്‍ ഇന്ത്യന്‍ ഹിറ്റായ പടം മുന്നൂറ് കോടിയിലേറെയാണ് നേടിയത്.