തൃശൂര്‍: ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ഹവാല വഴി ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മാറ്റുകയും പിന്നീട് ഈ കള്ളപ്പണം ജോയ് ആലുക്കാസ് വർഗീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിക്കുകയും ചെയ്തു എന്നും കണ്ടെത്തിയിട്ടുണ്ട്. 1999 ഫെമയുടെ സെക്ഷൻ 4 ലംഘിച്ചതിന് 1999ലെ ഫെമ സെക്ഷൻ 37എ പ്രകാരമാണ് നടപടി.
ഹവാല ഇടപാട് നടത്തിയെന്നാരോപിച്ച് ജോയ് ആലുക്കാസിന്റെ അഞ്ച് ഓഫീസുകളില്‍ ബുധനാഴ്ച റെയ്ഡ് നടത്തിയിരുന്നു. അതിനു പിന്നാലെയാണ് സ്വത്തുവകകള്‍ കണ്ടുകെട്ടിയത്.
തൃശൂര്‍ ശോഭാ സിറ്റിയിലെ ഭൂമിയും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 33 സ്ഥാവര ജംഗമ വസ്തുക്കളും മൂന്ന് ബാങ്ക് അക്കൗണ്ടുകളും 5.58 കോടി രൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. ഇന്ത്യയില്‍ നിന്ന് ഹവാല ചാനല്‍ വഴി ദുബൈയിലേക്ക് ഭീമമായ തുക കൈമാറ്റം ചെയ്തതും ദുബൈയിലെ ജോയ് ആലുക്കാസ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചതുമാണ് കേസിനാസ്പദമായ സംഭവമെന്നും ഇ.ഡി. പ്രസ്താവനയില്‍ പറഞ്ഞു.
ആലുക്കാസ് ഹവാല പണമിടപാട് നടത്തിയെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖകള്‍, മെയിലുകള്‍ എന്നിവ റെയ്ഡിനിടെ ലഭിച്ചുവെന്നും ഇ.ഡി. കൂട്ടിച്ചേര്‍ത്തു. 305.84 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് ഫെമ ആക്ടിലെ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) 37 എ വകുപ്പ് പ്രകാരം കണ്ടുകെട്ടിയത്.
ജ്വല്ലറി ശൃംഖലയായ ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ ഫെമ നിയമ ലംഘനം ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. അതേസമയം ഈ വിഷയത്തില്‍ ആലുക്കാസ് ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രാഥമിക ഓഹരി വില്‍പനയില്‍ നിന്ന് ജോയ് ആലുക്കാസ് പിന്മാറിയിരുന്നു. നേരത്തെ ഐ.പി.ഒ വഴി 2300 കോടി രൂപ നിക്ഷേപിക്കാനായിരുന്നു ആലുക്കാസിന്റെ തീരുമാനം. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലായിരുന്നു ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്.
ഈ വര്‍ഷം ആദ്യം ഐ.പി.ഒയിലൂടെ ഓഹരികള്‍ വിറ്റഴിച്ച് പണം സമാഹരിക്കാന്‍ ആലുക്കാസിന് ആലോചനയുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തെ ഐ.പി.ഒ കൂടി ഉള്‍പ്പെടുത്തി പുതിയ അപേക്ഷ നല്‍കാമെന്നാണ് അന്ന് ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചത്.