Thursday, November 21, 2024
spot_imgspot_img
HomeEditorialആകാശ് തില്ലങ്കേരിയല്ല, ആ പന്ത്രണ്ട് ധീര സഖാക്കളാണ് തില്ലങ്കേരി ദേശത്തിന്റെ അടയാളം- എഡിറ്റോറിയൽ

ആകാശ് തില്ലങ്കേരിയല്ല, ആ പന്ത്രണ്ട് ധീര സഖാക്കളാണ് തില്ലങ്കേരി ദേശത്തിന്റെ അടയാളം- എഡിറ്റോറിയൽ

കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഒരു ദേശനാമം ചർച്ചയായിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ തില്ലങ്കേരി എന്ന മലയോര പ്രദേശം, അവിടുത്തെ ഗുണ്ടാ ഗ്യാങ്ങുകളുടെ പേരിൽ അറിയപ്പെടുകയാണ്. ആകാശ് തില്ലങ്കേരിമാരാൽ അടയാളപ്പെടുത്തേണ്ട ഭൂമികയല്ല തില്ലങ്കേരി. മറിച്ച്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയ ഉജ്വലരായ പന്ത്രണ്ട് രക്തസാക്ഷികളുടെ പേരിനൊപ്പം വായിക്കേണ്ട ദേശനാമമാണ് തില്ലങ്കേരി.

കേരളത്തിലെ കർഷക കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് തില്ലങ്കേരി. ജന്മി നാടുവാഴിത്തത്തിന് എതിരായ തില്ലങ്കേരിയിലെ കർഷക പ്രക്ഷോഭത്തിൽ സിപിഐയുടെ 12 ധീര സഖാക്കളാണ് രക്തസാക്ഷികളായത്.

നെൽകൃഷിക്ക് കാവലിരിക്കുന്ന കുടിയാൻ കോട്ട് വായിട്ടാൽ ശിക്ഷ വിധിക്കുന്നവരായിരുന്നു തില്ലങ്കേരിയിലെ ജൻമിമാർ. വിഷുവിനും ഓണത്തിനും പാടത്ത് പണിയെടുക്കുന്നവൻ പട്ടിണി കിടന്നാലും ജൻമി പുരകളിലേക്ക് മുടക്കമില്ലാതെ കാഴ്ചകളെത്തിക്കണം എന്നായിരുന്നു നിയമം. ജന്മിമാരുടെ കൊടിയ ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ കർഷകസംഘം രംഗത്തെത്തി. വെച്ചുകാണൽ അവസാനിപ്പിക്കുന്നതായി കർഷക സംഘം പ്രഖ്യാപിച്ചു. 1948 ലെ വിഷുവിന് കാഴ്ചകൾ ജൻമി ഭവനങ്ങളിലേക്ക് എത്തിയില്ല.

ക്ഷുഭിതരായ ജന്മികൾ ഗുണ്ടകളേയും എം എസ് പി പൊലീസിനേയും ഉപയോഗിച്ച് കർഷക സംഘം നേതാക്കളെയും പ്രവർത്തകരേയും വേട്ടയാടി. പ്രതിഷേധ ജാഥയ്ക്ക് നേരെ ഇടിക്കുണ്ട് തോട്ടിൻ കരയിലെ കൈതോലക്കാട്ടിൽ ഒളിച്ചിരുന്ന പൊലീസ് വെടിയുതിർത്തു. 1948 ഏപ്രിൽ 15 ന് ഉശിരരായ ഏഴ് കമ്യൂണിസ്റ്റ് പോരാളികൾ രക്തസാക്ഷികളായി.

അറസ്റ്റിലായ ബാക്കി സഖാക്കളെ സേലം ജയിലിലാക്കി. 1950 ഫെബ്രുവരി 11 ന് സേലം ജയിലിൽ നടന്ന വെടിവയ്പ്പിലും തില്ലങ്കേരിയിലെ അഞ്ച് സമര ഭടൻമാർ പിടഞ്ഞ് മരിച്ചു. തില്ലങ്കേരി വെടിവയ്പ്പിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോലും ബന്ധുക്കളെയോ നാട്ടുകാരെയോ കാണിച്ചില്ല.

പുന്നപ്ര വയലാർ, കയ്യൂർ, കരിവള്ളൂർ, കാവുമ്പായി, ശൂരനാട് തുടങ്ങി കേരളത്തിൽ ജൻമിത്വത്തിന് എതിരെ പോരാട്ടങ്ങൾ നടന്ന ഐതിഹാസിക സമര ഭൂമികകൾക്കൊപ്പമാണ് കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ തില്ലങ്കേരിയുടെ സ്ഥാനം. ഇന്നലെ കുരുത്ത ഗുണ്ടാ മൊട്ടുകളുടെ പേരിൽ അടയാളപ്പെടുത്തേണ്ടതല്ല, ആ മഹത്തായ നാടിന്റെ പേര്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares