വലന്റൈൻസ് ദിനത്തിൽ കൗ ഹഗ് ഡേയ് ആയി ആചാരിക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം വെറും മണ്ടത്തരമായി കണക്കാക്കരുത്. അദാനി വിഷയം അടക്കം കത്തി നിൽക്കുന്ന സമയത്താണ് കേന്ദ്രം പതിവ് ഉഡായിപ്പ് പരിപാടികളുമായി രംഗത്ത് വരുന്നത്. പാർലമെന്റിൽ അദാനി-മോദി കൂട്ടുകെട്ട് ഉയർത്തി ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
എന്തുകൊണ്ടാണ് അദാനിക്ക് എതിരെ കേസെടുക്കാത്തത് എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിൽ നിന്ന് തന്റെ പതിവ് സെന്റി ഡയലോഗ് അടിച്ചു രക്ഷപ്പെടാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്ന ഗൗരവതരാമായ വിഷയം ആയതുകൊണ്ട് സംയുക്ത പർലമന്ററി സമിതിയോ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലൊ അന്വേഷണം നടത്തണം എന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ ഇതൊന്നും കേന്ദ്ര സർക്കാർ മുഖവിലയ്ക്ക് എടുത്തിട്ടില്ല.
പ്രതിപക്ഷ പ്രതിഷേധം ജനങ്ങളിലേക്ക് ചർച്ചയാകും എന്ന സ്ഥിതി വന്നപ്പോഴാണ് പതിവ് ഉഡായിപ്പുമായി ബിജെപി രംഗത്തെതിയത്. മുഖ്യധാരാ മാധ്യമങ്ങൾ അദാനി വിഷയത്തിന് നേരെ കണ്ണടച്ച് നിൽക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ പക്ഷെ ജനവികാരം ആളുന്നുണ്ട്. ഇത് മനസിലാക്കിയാണ് ബിജെപി പശു രാഷ്ട്രീയം വീണ്ടും എടുത്തിടുന്നത്. കേന്ദ്ര സർക്കാരിന് നേരെ അതിശക്തമായ വിമർശനം ഉയരുമ്പോൾ എല്ലാം തന്നെ എന്തെങ്കിലും വർഗ്ഗീയ പരാമർശങ്ങളും മണ്ടത്തരങ്ങളും വിളമ്പി രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുക എന്നത് ബിജെപി ഐടി സെല്ലിന്റെ സ്ഥിരം കലാപരിപാടിയാണ്. ഇത് തിരിച്ചറിഞ്ഞു വേണം പ്രതികരണങ്ങൾ.
പശു രാഷ്ട്രീയം കൊണ്ടു വോട്ട് നേടാൻ പറ്റുമെന്നു ബിജെപിക്ക് നല്ലതുപോലെ അറിയാം. തലയിൽ ആൾതാമസില്ലാത്ത സംഘ പരിവാർ ക്രിഞ്ചു ഗ്രൂപ്പുകൾ പ്രണയ ദിന വിരുദ്ധ കാമ്പായിനുകൾ സ്ഥിരമായി എടുക്കാറുണ്ട്. വർഷാവർഷം നടക്കുന്ന പ്രണയ ദിന ആൾക്കൂട്ട ആക്രമണങ്ങൾക്ക് പ്രത്യക്ഷത്തിൽ പിന്തുണ നൽകുന്ന നിർദ്ദേശം കൂടിയാണ് കേന്ദ്രത്തിന്റേത്. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഹനുമാൻ സേനയെ പോലുള്ള തീവ്രവാദി ഗ്രൂപ്പുകൾ പ്രണയ ദിനത്തിൽ ആക്രമണം നടത്തുന്നത് പതിവാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന കർണാടകയിൽ പശു രാഷ്ട്രീയം കൂടുതൽ സജീവമാക്കാൻ കൂടി ബിജെപി പദ്ധതി ഇടുന്നുണ്ടെന്നു വേണം ഈ ആഹ്വാനത്തിൽ നിന്ന് മനസിലാക്കാൻ.