വർഷം 1978, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതിനൊന്നാം പാർട്ടി കോൺഗ്രസ് പഞ്ചാബിലെ ഭട്ടിൻഡയിൽ ചേർന്നു. ഇടതുഐക്യം ഊട്ടിയുറപ്പിക്കാൻ പാർട്ടി മുൻകൈ എടുക്കണമെന്ന് സമ്മേളനം തീരുമാനിച്ചു. കേരളം അന്ന് ഭരിക്കുന്നത് സിപിഐ-ഐഎൻസി മുന്നണി. സ്വജനപക്ഷപാതവും സ്വാർത്ഥ താത്പര്യങ്ങളും നയിക്കുന്ന വർത്തമാനകാല രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് ചിന്തിക്കാൻ പോലുമാകാത്ത ചരിത്രപ്രധാനമായ ആ തീരുമാനത്തിന് നാട് സാക്ഷിയായി. പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരം, മുഖ്യമന്ത്രിസ്ഥാനമുൾപ്പടെ രാജിവച്ച് മുന്നണിക്ക് പുറത്തുവരാനും തുടർന്ന് സിപിഐ(എം) നെ കൂടെക്കൂട്ടി ഇടതുപക്ഷജനാധിപത്യമുന്നണി രൂപീകരിക്കാനും സിപിഐ തീരുമാനിച്ചു.
അതിൻപ്രകാരം തൽസ്ഥാനം രാജിവച്ചിട്ട് തമ്പാനൂർ നിന്ന് പെരുമ്പാവൂരിലെ സ്വന്തം വീട്ടിലേക്ക് കെഎസ്ആർടിസി ബസിൽ മടങ്ങിയ ഒരു മുഖ്യമന്ത്രിയുണ്ടായിരുന്നു കേരളത്തിന്. ലാളിത്യത്തിന്റെയും സംശുദ്ധരാഷ്ട്രീയത്തിന്റെയും ആദർശശുദ്ധിയുടെയും പ്രതിരൂപമായ പടയാട്ട് കേശവപിള്ള വാസുദേവൻ നായർ എന്ന സഖാവ് പികെവി.
ആലുവ യുസി കോളേജിൽ പഠിക്കുന്ന കാലത്താണ് പികെവിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എഐഎസ്എഫ് പ്രവർത്തകനായിട്ടാണ് അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്കു രംഗപ്രവേശം ചെയ്യുന്നത്. കെ സി മാത്യു ആയിരുന്നു അവിടെ സംഘടനാ നേതാവ്. അദ്ദേഹമാണ് വാസുദേവനെ സംഘടനയിൽ ചേർത്തത്. സ്വാതന്ത്ര്യസമരത്തിന്റെ അവസാന കാണ്ഡമായിരുന്നു അത്. ഊർജ്ജതന്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം അദ്ദേഹം നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളേജിൽ ചേർന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായിരുന്ന എഐഎസ്എഫ് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടുന്ന കാലമായിരുന്നു അത്.
അദ്ദേഹം 1945 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഒരു വിദ്യാർത്ഥിനേതാവായിരുന്ന അദ്ദേഹം 1947-ൽ തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1948-ൽ പികെവി ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ‘വേൾഡ് ഫെഡെറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്ത്’ എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.
തിരുവിതാംകൂർ രാജഭരണത്തിനെതിരായി പ്രസംഗിച്ചതിനായിരുന്നു പികെവിയുടെ ആദ്യത്തെ അറസ്റ്റ്. ഭരണകൂടത്തിനെതിരെ സായുധവിപ്ലവം ആഹ്വാനം ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കത്താ തീസീസിനെ തുടർന്ന് നൂറുകണക്കിന് കമ്മ്യൂണിസ്റ്റുകാർ ഒളിവിൽ പോയി. അക്കൂട്ടത്തിൽ പികെവിയും ഉണ്ടായിരുന്നു. ഒളിവിലിരുന്ന് പാർട്ടിപ്രവർത്തനം തുടർന്ന അദ്ദേഹത്തെ 1951-ൽ വിദ്യാർത്ഥിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെയും അഖില കേരള വിദ്യാർത്ഥി യൂണിയന്റെയും അഖിലേന്ത്യാ വിദ്യാർത്ഥി സംഘടന(എഐഎസ്എഫ്)യുടെയും സ്ഥാപകരിൽ ഒരാളായിരുന്നു പികെവി. 1964-ൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനുശേഷം അദ്ദേഹം സിപിഐയിൽ തുടർന്നു. 1982-ൽ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ 2004 വരെ അദ്ദേഹം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന് പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. സിപിഐ പാർട്ടി സെക്രട്ടറിയായി അദ്ദേഹം ഈ കാലയളവിൽ പ്രവർത്തിച്ചു.
അദ്ദേഹം നാലുതവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1957 (തിരുവല്ല), 1962 (അമ്പലപ്പുഴ), 1967 (പീരുമേട്), 2004 (തിരുവനന്തപുരം)). രണ്ടു തവണ കേരള നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1977, 1980). സിപിഐ നിയമസഭാകക്ഷി നേതാവായിരുന്നു അദ്ദേഹം. നീണ്ട ലോക്സഭാ ജീവിതത്തിനു ശേഷം അദ്ദേഹം 1970-ൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. തന്റെ ലോക്സഭയിൽ ചിലവഴിച്ച കാലഘട്ടത്തിനിടയിൽ അദ്ദേഹം സിപിഐയുടെ പാർലമെന്ററി പാർട്ടി സെക്രട്ടറി, അദ്ധ്യക്ഷൻ, എന്നിവരുടെ പാനലിൽ അംഗമായിരുന്നു.
1954 മുതൽ 1957 വരെ പാർട്ടി ദിനപ്പത്രമായ ജനയുഗം ദിനപ്പത്രത്തിന്റെ ലേഖകനായിരുന്നു അദ്ദേഹം. 1978 ൽ പികെവി കേരളത്തിന്റെ 9-ാമാത് മുഖ്യമന്ത്രിയായി. അദ്ദേഹം കേരളത്തിൽ സിപിഐ യും സിപിഐ(എം) ഉം കൂടിച്ചേർന്ന് സർക്കാർ രൂപവത്കരിക്കുന്നതിനു പാത തെളിക്കാൻ 1979 ഒക്ടോബർ 7നു മുഖ്യമന്ത്രിപദം രാജിവെച്ചു.
ലളിതമായ ജീവിതരീതിയുടെയും ലാളിത്യമാർന്ന പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു പികെവി മരിക്കുന്നതിന് ഒരുവർഷം മുൻപുവരെ തിരുവനന്തപുരത്തെ തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നു കെഎസ്ആർടിസി ട്രാൻസ്പോർട്ട് ബസ്സുകളിൽ പികെവി യാത്രചെയ്യുമായിരുന്നു.