കൊച്ചി : പീഡനക്കേസിൽ അന്വേഷണം നേരിടുന്ന എംഎൽഎ ഒളിവിൽ. എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് രംഗത്തെത്തിയതോടെയാണ് എംഎൽഎ ഒളിവിൽ പോയത്. കേസുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. എംഎൽഎയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തതിനാണ് നിലവിൽ എംഎൽഎക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച്ചയാണ് എംഎൽഎയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത്. എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യ നൽകിയ പരാതിയിൽ പെരുമ്പാവൂർ കുറുപ്പംപടി പൊലീസ് ഇന്ന് എംഎൽഎയുടെ ഭാര്യയിൽ നിന്ന് മൊഴിയെടുക്കും.
പരാതിക്കാരിയായ യുവതി എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചെന്നാണ് എംഎൽഎയുടെ ഭാര്യയുടെ പരാതി. ഈ ഫോൺ ഉപയോഗിച്ച് എംഎൽഎയ്ക്ക് എതിരെ അപകീർത്തികരമായ വിവരങ്ങൾ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിലുണ്ട്. പൊലീസ് ഇന്നലെ വിളിപ്പിച്ചിരുന്നെങ്കിലും പരാതി സംബന്ധിച്ച് മൊഴി നൽകാൻ എംഎൽഎയുടെ ഭാര്യ തയ്യാറായിരുന്നില്ല.
അതെസമയം എൽദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന പരാതി ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ച കോവളം എസ് എച്ച് ഒ പ്രൈജു ജിയെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് മാറ്റിയത്. എൽദോസിനെതിരെ നൽകിയ പരാതിയിൽ കേസെടുക്കാൻ തയ്യാറാകാതെ ഒത്തുതീര്‍പ്പാക്കാൻ പൊലീസ് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.