ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു. ലോക്സഭാ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാജി. 2027 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. അരുൺ ഗോയലിന്റെ രാജി പ്രസിഡന്റ് ദ്രൗപതി മുർമു സ്വീകരിച്ചു.രാജിയുടെ കാരണം വ്യക്തമല്ല. ഇതോടെ കമ്മീഷൻ പാനലിൽ ഒഴിവുകളുടെ എണ്ണം രണ്ടായി ഉയർന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് പാനലിൽ ഇനി അവശേഷിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ച ഒഴിവിൽ ആരെയും കേന്ദ്രസർക്കാർ നിയമിച്ചിരുന്നില്ല. തെരഞ്ഞടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനുള്ള സംസ്ഥാനങ്ങളിലെ സന്ദർശനം നടക്കുമ്പോഴാണ് അരുൺ ഗോയൽ രാജിവെക്കുന്നത്. 11 ന് ജമ്മുകശ്മീരിലായിരുന്നു സന്ദർശനം നടത്തേണ്ടിയിരുന്നത്.
പഞ്ചാബ് കേഡർ ഐഎഎസ് ഓഫിസറായ അരുൺ ഗോയൽ 2022ലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ചുമതലയേറ്റെടുത്തത്. അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയിൽ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹർജി നൽകിയിരുന്നു. കേന്ദ്രഘനവ്യവസായ സെക്രട്ടറിയായിരുന്ന അരുൺ ഗോയൽ 2022 നവംബർ 18നാണ് വിആർഎസ് എടുത്തത്. ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു.