സുല്‍ത്താന്‍ ബത്തേരി: വിവാദമായ ബത്തരേി തെരഞ്ഞടുപ്പ് കോഴക്കേസിലെ ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ തന്നെയെന്ന് സ്ഥിരീകരിച്ചു. ജെആര്‍പി നേതാവ് പ്രസീത അഴീക്കോടാണ് കോഴക്കേസിലെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. ഇത് സുരേന്ദ്രന്റെ ശബ്ദം തന്നെയാണ് എന്ന് പരിശോധനയിൽ തെളിഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സുരേന്ദ്രന്‍ ജെആര്‍പി സംസ്ഥാന അധ്യക്ഷ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട 14 ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വിവരം പൊലീസിന് കിട്ടി. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ്. ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്‍കിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 2021 മാര്‍ച്ചില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്‌റ്റേയില്‍ വെച്ച് 25 ലക്ഷം രൂപയും സികെ ജാനുവിന് കൈമാറിയെന്നാണ് കേസ്.