ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് 2019നും 2024നുമിടയിൽ ഇലക്ട്രൽ ബോണ്ടുകൾ സംഭാവന ചെയ്ത ആദ്യ അഞ്ചിലെ മൂന്ന് കമ്പനികളും ഇഡിയുടെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണം നേരിടുന്നവർ.ലോട്ടറി കമ്പനിയായ ഫ്യൂച്ചർ ഗെയ്മിങ്, നിർമാണ സ്ഥാപനമായ മേഘ എഞ്ചിനീയറിങ്, ഖനന ഭീമന്മാരായ വേദാന്ത എന്നീ കമ്പനികളാണ് ഇതിൽ ഉൾപ്പെടുന്നത്
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ബോണ്ടുകൾ സംഭാവന ചെയ്തത് സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയ്മിങ് ആൻഡ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡാണ്. 1,368 കോടി രൂപയുടെ ഇടപാടാണ് 2019നും 2024നുമിടയിൽ നടന്നത്.
കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ 2019 തുടക്കത്തിൽ കമ്പനിക്കെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചിരുന്നു. ആ വർഷം ജൂലൈയിൽ കമ്പനിയുടെ 250 കോടി രൂപയുടെ ആസ്തി അന്വേഷണ ഏജൻസി കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരധോന നിയമവുമായി ബന്ധപ്പെട്ട് 2023ൽ കോയമ്പത്തൂരിലും ചെന്നൈയിലുമായി ഇ ഡി തിരച്ചിൽ നടത്തിയിരുന്നു. കേരളത്തിൽ സിക്കിം സർക്കാരിന്റെ ലോട്ടറി വിറ്റതുമായി ബന്ധപ്പെട്ട സിബിഐ കേസിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണമെന്നാണ് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.
ഫ്യൂച്ചർ കമ്പനി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയത് ഹൈദരാബാദ് ആസ്ഥാനമായ മേഘ എഞ്ചിനീയറിങ്ങാണ്. 2019-2024 കാലയളവിൽ 1000 കോടി രൂപയുടെ ബോണ്ടുകളാണ് അവർ വാങ്ങിയത്. 2019ൽ ആദായ നികുതി വകുപ്പ് കമ്പനിയിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ഇഡിയും അന്വേഷണം ആരംഭിച്ചു. ഇതേവർഷം ഏപ്രിലിൽ 50 കോടി രൂപയുടെ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്.
ക്വിക്ക് സപ്ലെ ചെയിൻ പ്രൈവറ്റ് ലിമിറ്റഡാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 410 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ കമ്പനി വാങ്ങിയതായാണ് കണക്കുകൾ. കമ്പനിയുടെ ഡയക്ടർമാരിലൊരാൾ റിലയൻസ് ഗ്രൂപ്പിലെ ഡയറക്ടറാണെന്നും റിപ്പോർട്ടുകളുണ്ട്.അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പാണ് 376 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി പട്ടികയിലെ വലിയ സംഭാവനകളിൽ അഞ്ചാമത് കമ്പനിയായി മാറിയത്.
ചൈനീസ് പൗരന്മാർക്ക് നിയമം ലംഘിച്ചുകൊണ്ട് വിസ നൽകിയ കേസിൽ കമ്പനിക്കെതിരെ തെളിവുകളുണ്ടെന്ന് 2018ൽ ഇ.ഡി ആരോപിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടും സി.ബി.ഐയും ഇ.ഡിയും വേദാന്ത ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നുണ്ട്.
കൽക്കരി ഖനനവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ 123 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. ടി.ഡി.പി എം.പിയായിരുന്ന സി.എം. രമേശിന്റെ ഉടമസ്ഥതയിലുള്ള ഋത്വിക് പ്രൊജക്റ്റസ് പ്രൈവറ്റ് ലിമിറ്റഡ് 45 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങിയത്. 2018ൽ കമ്പനിയിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു.
100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ മാസങ്ങൾക്കകം രമേശ് ബി.ജെ.പിയിൽ ചേർന്നു.
ഇ.ഡി അന്വേഷണം നേരിട്ട അറബിന്തോ ഫാർമ, രശ്മി സിമെന്റ് എന്നീ കമ്പനികളും ആദായ നികുതി വകുപ്പ് കഴിഞ്ഞ വർഷം റെയ്ഡ് ചെയ്ത ഷിർദി സായ് ഇലക്ട്രിക്കൽസും കോടികൾ ഇലക്ടറൽ ബോണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.