എമ്പുരാനിലൂടെ ഒരിടവേളക്ക് ശേഷം വീണ്ടും ചർച്ചയിൽ നിറയുകയാണ് ഗുജറാത്ത് കലാപം. രാജ്യത്തെ പിടിച്ചുകുലുക്കിയ വംശഹത്യയെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും വ്യക്തമായിത്തന്നെ സിനിമയിൽ അവതരിപ്പിക്കുന്നതിനാൽ സിനിമ ബഹിഷ്കരണത്തിന്നാഹ്വാനം ചെയ്ത് കൊണ്ടും മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ അത്യന്തം ഹീനമായ സൈബർ ആക്രമണങ്ങൾ നടത്തിയുമാണ് കലി തീർക്കുന്നത് സംഘികൾ.
2002 ലെ ഗുജറാത്ത് കലാപത്തിന് തുടക്കം കുറിച്ച സബര്‍മതി എക്‌സ്പ്രസിന് തീവച്ച സംഭവവും സിനിമയില്‍ പരമാര്‍ശിക്കുന്നുണ്ട്.ഗുജറാത്തില്‍ ആര്‍എസ്എസും തീവ്രഹിന്ദുത്വവാദികളും മുസ്ലീങ്ങള്‍ക്കുനേരെ അഴിച്ചു വിട്ട ഭീകരാക്രമണം രാജ്യ ചരിത്രത്തിൽ സമാനതകളില്ലാത്ത വംശീയ കലാപമായിരുന്നു.ഗോധ്ര സംഭവവും ഗുജറാത്ത് കലാപവും സംഘപരിവാര്‍ രാഷ്ട്രീയത്തിനെ പച്ചയായി വെളിപ്പെടുത്തുന്ന വിധത്തില്‍ സിനിമയില്‍ അവതരിപ്പിക്കുന്നത് തന്നെയാണ് സംഘ പരിവാർ കേന്ദ്രങ്ങൾക്കും ഹിന്ദുത്വ വാദികൾക്കും സിനിമ അലോസരമുണ്ടാക്കുന്നത്.അത് കൊണ്ട് തന്നെ സിനിമ ബഹിഷ്‌കരണവും, പൃഥ്വി-മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെയുള്ള വലിയ തോതിലുള്ള സൈബര്‍ ആക്രമണവുംഅവരുടെ സ്വാഭാവിക ഉത്തരവാദിത്വമാകുന്നു.
ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്‌സ്പ്രസ് ആക്രമിക്കപ്പെടുകയും തീവണ്ടിയുടെ എസ് കോച്ച് കത്തി 59 പേർ വെന്തുമരിക്കുകയും ചെയ്ത സംഭവമാണ് ഗുജറാത്തിലെ വർഗീയ കലാപങ്ങൾക്ക് തുടക്കമായി പറയപ്പെടുന്നത്.മുസാഫർപൂരിൽ നിന്ന് യാത്ര ആരംഭിച്ച് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന സബർമതി എക്സ്പ്രസ് ഗുജറാത്തിലെ ഗോധ്ര സ്റ്റേഷനിൽ എത്തിയപ്പോഴാണ് എസ് കോച്ച് അഗ്നിക്കിരയായത്.

രാമക്ഷേത്ര നിർമാണ വുമായി ബന്ധപ്പെട്ട് വി എച് പി യുടെ ആഭിമുഖ്യത്തിൽ പൂർണാഹുതി മഹായജ്ഞത്തിൽ പങ്കെടുക്കാൻ പോയ 2000 കർസേവകർ അയോധ്യയിൽ നിന്ന് അന്നേ ദിവസം സബർമതി എക്സ്പ്രസ് ട്രെയിനിൽ കയറിയിരുന്നു. ആ കോച്ചിൽ യാത്ര ചെയ്ത 59 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും കർസേവകരായിരുന്നു.
2004-ല്‍ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ഗോധ്ര സംഭവം അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ജസ്റ്റിസ് യു സി ബാനർജി കമ്മീഷൻ ഗോധ്ര സംഭവം ആസൂത്രണം ചെയ്‌തതല്ലെന്നും തീപിടിച്ചത് ട്രെയിനിനുള്ളിൽ നിന്നാണെന്നും ആകസ്മികമായിട്ടാണെന്നുമുള്ള റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
എന്നാൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് ഗുജറാത്ത് ഹൈക്കോടതി തടയുകയായിരുന്നു. ഗോദ്ര സംഭവത്തിന് പിന്നിൽ തീവ്ര വാദ പശ്ചാത്തലം ആരോപിച്ചു കൊണ്ട് ഹിന്ദുത്വത്തിന്റെയും ഫാസിസത്തിന്റെയും പരീക്ഷണകേന്ദ്രമാക്കി ഗുജറാത്തിനെ മാറ്റുന്നതാണ് പിന്നീട് മതേതര ഇന്ത്യ കാണുന്നത്.
ഗുജറാത്തിലെ ഗുൽബർഗ് സൊസൈറ്റി എന്ന മുസ്ലീം ഹൗസിങ് കോളനിക്ക് ഫാസിസ്റ്റ്കൾ തീവെക്കുകയും മുതിർന്ന കോൺഗ്രസ് നേതാവായ ഇഹ്സാൻ ജെഫ്രി ഉൾപ്പെടെ 35 പേരെ അതി ക്രൂരമായി കൊല്ലപ്പെടുത്തുകയും ചെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു.പിന്നീടുണ്ടായ നര നായാട്ടിൽ2000 ത്തിൽ പരം ആളുകൾ കൊല്ലപ്പെടുകയും മുസ്ലീം സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗം ചെയ്യപ്പെടുകയും 1,38,000 പേര്‍ അഭയാര്‍ഥികളായി മാറുകയും ചെയ്തതായാണ് കണക്കുകൾ പറയുന്നത്.

ബലാത്‌സംഗത്തെ രാഷ്ട്രീയ ആയുധമായി കണക്കാക്കുന്ന സംഘപരിവാർ ഭീകരതഅഞ്ച് മാസം ഗർഭിണിയായ ബിൽക്കിസ് ബാനുവെന്ന പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും പിഞ്ചു കുഞ്ഞിനെയടക്കം കുടുംബത്തിലെ പതിനാലു പേരെ നിർദയം കൊലപ്പെടുത്തുകയും ചെയ്തത് ഓർക്കുന്നുണ്ടാകും.
മൂന്നുവയസ്സുകാരിയായ മകളെ അക്രമികൾ കല്ലിൽ തലയടിച്ചു കൊല്ലുന്നത് ആ അമ്മയ‌്ക്ക‌് കണ്ടുനിൽക്കേണ്ടിവന്നു.തുടർന്ന‌് 22 തവണയാണ് അവർ കൂട്ട ബലാത്സംഗത്തിനിരയായത്.അവസാനം ദണ്ഡുകൊണ്ട് തലയിൽ ആഞ്ഞടിച്ച് കുറ്റിക്കാട്ടിലേക്ക് ചവിട്ടിയെറിയുക യായിരുന്നു അക്രമികൾ.നീണ്ട പതിനേഴ് വർഷത്തെ നിയമ പോരാട്ടത്തെ തുടർന്ന് ബിൽകീസ് ബാനുവിന് അനുകൂലമായി പുറപ്പെടുവിച്ച വിധിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ‌്‌യും ജസ്റ്റിസ് ദീപക് ഗുപ്തയും ഉൾപ്പെട്ട ബെഞ്ച് ഗുജറാത്ത് സർക്കാരിന്റെ അഭിഭാഷകനോട് സർക്കാരിനെതിരെ ഉത്തരവിൽ തങ്ങൾ ഒന്നും പറയാത്തത് ഭാഗ്യമായി കരുതണമെന്ന് പറഞ്ഞത് ഈയവസരത്തിൽ ഓർത്തു പോകുന്നു.കേസിൽ ഉൾപ്പെട്ട കൊടും ക്രിമിനലുകളായ പ്രതികളെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ തീവ്ര ശ്രമം സുപ്രീംകോടതിയുടെ ഇടപെടലോട് കൂടിയാണ് പൊളിഞ്ഞത്.അത് പോലെ തന്നെ 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം വംശഹത്യ തടയാന്‍ വാജ്പേയി സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് കെ ആര്‍ നാരായണന്‍ അന്ന് വിമര്‍ശിച്ചിരുന്നു.

ഗുജറാത്ത് വംശഹത്യയെ ‘തന്റെ കരിയറിലെ ഏറ്റവും പ്രയാസകരമായ ധര്‍മ്മസങ്കടം’ എന്ന് വിശേഷിപ്പിച്ച അന്നത്തെ രാഷ്‌ട്രപതി കെ ആർ നാരായണൻ സംസ്ഥാനത്ത് സൈന്യത്തെ വിന്യസിക്കാന്‍ സര്‍ക്കാരിനോട് താൻ നിര്‍ദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്നും ആരോപിച്ചു.കെ ആർ നാരായണന്റെ വാക്കുകൾ കേൾക്കാം,”ഗുജറാത്ത് കലാപത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഞാന്‍ നിരവധി കത്തുകള്‍ അയച്ചിരുന്നു, അദ്ദേഹവുമായി സംസാരിച്ചു. എന്നാല്‍ അദ്ദേഹം ഫലപ്രദമായി ഒന്നും ചെയ്തില്ല,”സമഗ്രാധിപത്യവും ജനാധിപത്യ വിരുദ്ധതയും മുഖ മുദ്രയാക്കുന്ന പ്രത്യയ ശാസ്ത്രം ഉന്മൂലന സിദ്ധാന്തത്തെ എക്കാലത്തും ന്യായീകരിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്.
വംശഹത്യകള്‍ക്ക് ചുക്കാന്‍ പിടിച്ചവരുടെ രക്തം പുരണ്ട കൈകളാണ് ഇന്ന് ജനാധിപത്യ ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്നത് എന്നതും ഇതിനോട് ചേർത്ത് വായിക്കണം.അപരവത്കരണത്തെ സിദ്ധാന്തവത്കരിക്കുന്ന ഫാസിസം ഇന്ത്യൻ മതേതരത്വത്തിന് മേൽ വീഴ്ത്തിയ പൊറുക്കാനാവാത്ത അപരാധമായി ചരിത്രത്തിലെന്നും ഗുജറാത്ത് കലാപം നിറഞ്ഞു നിൽക്കും.