ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയവെ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന വാദത്തിൽ ഔദ്യോഗിക പ്രതികരണത്തിനു തയ്യാറാവാതെ എൻഐഎ. അമേരിക്കയിലെ ഫോറൻസിക് സ്ഥാപനമായ ആഴ്സണൽ കൺസൾട്ടിങ്ങിന്റെ റിപ്പോർട്ടിലാണ് സ്റ്റാൻ സ്വാമിക്കെതിരെ എൻഐഎ നിരത്തിയ തെളിവുകളിൽ കൃതൃമം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ ഔദ്യോഗിക പ്രതികരണം തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് എൻഐഎ. അമേരിക്കൻ ഫോറൻസിക്ക് എജൻസിയുടെ പരിശോധന ഫലത്തിന്റെ ആധികാരികതയിൽ അടക്കം കോടതിയിൽ എൻഐഎ എതിർപ്പ് ഉന്നയിക്കും.
അതേസമയം, യു.എസ് ഫോറൻസിക് ലബോറട്ടറിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഫാദർ സ്റ്റാൻ സ്വാമിയ്ക്ക് എതിരായ് ഗൂഢാലോചന വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹ്യപ്രപർത്തകരും വിവിധ സംഘടനകളും രംഗത്ത് എത്തിയിരുന്നു. സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ്പിലുണ്ടായിരുന്നതായി അന്വേഷണ എജൻസി സമർപ്പിച്ചിരിക്കുന്ന 44 രേഖകൾ ഹാക്ക് ചെയ്ത് പ്ലാന്റ് ചെയ്തതാണെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. 2014ൽ ലാപ്‌ടോപ്പിലേക്ക് ആക്‌സസ് നേടിയ സൈബർ അറ്റാക്കർ അന്ന് മുതൽ 2019ൽ റെയ്ഡ് നടക്കുന്നത് വരെയുള്ള അഞ്ച് വർഷത്തോളം ഈ ലാപ്‌ടോപ്പിൽ കൃത്രിമ രേഖകളും മറ്റും ചേർത്തുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
നെറ്റ്‌വെയർ എന്ന മാൽവെയർ ഉപയോഗിച്ചാണ് ഹാക്കർ 2014 ഒക്ടോബർ 19ന് ലാപ്‌ടോപ്പിലേക്ക് കടന്നുകയറിയത്. ഈ ലാപ്‌ടോപ്പിൽ നടക്കുന്ന ആക്ടിവിറ്റികളെല്ലാം നിരീക്ഷിക്കുക, പല ഡോക്യുമെന്റുകളും പ്ലാന്റ് ചെയ്യുക എന്നിവയായിരുന്നു ഈ ഹാക്കർ പ്രധാനമായും ചെയ്തിരുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ഭീകരബന്ധം ആരോപിച്ച് ജയിലിലടക്കപ്പെട്ട് കസ്റ്റഡിയിൽ മരിച്ച മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയും അറസ്റ്റിലായ മറ്റുള്ളവരും തമ്മിൽ നടത്തിയെന്നു പറയുന്ന ഇ-മെയിലുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) 2020ൽ ഭീകരവാദ കുറ്റമടക്കം അദ്ദേഹത്തിനെതിരെ ചുമത്തിയത്. കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരായ റോണ വിൽസന്റെയും സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെയും കമ്പ്യൂട്ടറുകളിൽ ഇതേ മാതൃകയിൽ നുഴഞ്ഞുകയറിയതായ് നേരത്തെ ആരോപണം ഉയർന്നിരുന്നു. മൂവരെയും ഒരേ ഹാക്കറാണ് ലക്ഷ്യമിട്ടതെന്നും പറയുന്നു. തന്റെ കമ്പ്യൂട്ടറിൽ കയറിക്കൂടിയ രേഖകളെല്ലാം നിഷേധിച്ച സ്റ്റാൻ സ്വാമിക്കു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് നിജഃസ്ഥിതിക്കായി ആഴ്‌സനൽ ലാബിനെ സമീപിച്ചത്.