തിരുവനന്തപുരം: ഉയർന്ന മാനവികമൂല്യങ്ങളോടെ പ്രവാസി സമൂഹങ്ങളിൽ സേവനനിരതരായി തുടരുന്നതിനുള്ള പാർട്ടിയുടെ അംഗീകാരമാണ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള അവസരമെന്ന് വിദേശരാജ്യങ്ങളിൽ നിന്നുള്ള സംസ്ഥാന സമ്മേളന പ്രതിനിധികൾ പറഞ്ഞു.
സമ്മേളനത്തിന് കൊടിയിറങ്ങുമ്പോൾ തിരികെ വിമാനം കയറാനുള്ള ടിക്കറ്റുമായാണ് ഇവരിൽ പലരും എത്തിയത്. എല്ലാ തിരക്കുകളിലും സാമ്പത്തിക നേട്ടങ്ങളിലും പാർട്ടിയും ചെങ്കൊടിയും ഉള്ളിൽ ചേർന്നിരിക്കുന്നു. ആറ് ഗൾഫ് രാജ്യങ്ങളിലെ പാർട്ടി ബ്രാഞ്ചുകളിലെ 11 പ്രതിനിധികളാണ് സമ്മേളനത്തിനെത്തിയിരിക്കുന്നത്.
യുഎഇയിൽ നിന്ന് ബിജു ശേഖർ, റോയ് വർഗീസ്, അനീഷ് നിലമേൽ. ഒമാനിൽ നിന്ന് ഇ ആർ ജോഷിയും സന്തോഷ് കുമാറും സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഉണ്ണി മാധവ്, പി പി റഹിം, ദാസൻ രാഘവൻ എന്നിവരാണ് സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്നത്. ഖത്തറിനെ പ്രതിനിധീകരിച്ച് സിറാജുദ്ദീനും കുവൈറ്റിൽ നിന്നും ഷാജി മംഗലശ്ശേരിയും സമ്മേളനത്തിലുണ്ട്. ബഹറിനെ പ്രതിനിധീകരിച്ച് എ കെ സുഹൈലും സമ്മേളനത്തിന് എത്തി . യുഎഇയിൽ യുവകലാസാഹിതിയുടെ ബാനറിലും മൈത്രി ഒമാൻ എന്ന പേരിൽ ഒമാനിലും കുവൈറ്റിൽ കേരളാ അസോസിയേഷൻ എന്ന ബാനറിലും പ്രവാസികൾക്കിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകർ വിശ്വസ്തയോടെ നിലകൊള്ളുന്നു.
ബഹറിനിൽ നവകേരള വേദി , സൗദിയിൽ ന്യൂ എജ് ഫോറം, നവയുഗം, ഖത്തറിൽ യുവകലാസാഹിതി എന്നീ സംഘടനകളിലൂടെ കോവിഡ് കാലത്തുൾപ്പെടെ നടത്തിയ സേവനങ്ങൾ ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. പ്രവാസികളുടെ ഏതാവശ്യത്തിലും സജീവമാണ് സംഘടനയും പ്രവർത്തകരും.