വിഭജന രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ചു കൊണ്ടുള്ള സംഘപരിവാർ ഹിഡൻ അജണ്ട കാലങ്ങളായി കലാപഭൂമിയാക്കി മാറ്റിയ മണിപ്പൂരിൽ ജനാധിപത്യ അവകാശങ്ങളെ പൂർണ്ണമായും കവർന്നെടുത്തുകൊണ്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.മുഖ്യമന്ത്രിയുടെ രാജിയെ തുടർന്ന് രൂപപ്പെട്ട രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്ര പതി ഭരണം ഏർപെടുത്തുന്നത്. മണിപ്പൂരിന്റെ ചരിത്രത്തിൽ ഇതിന് മുൻപ് പത്ത് തവണ വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.
1967 ജനുവരി 12 മുതൽ മാർച്ച് 19 വരെ 66 ദിവസമായിരുന്നു മണിപ്പൂരിലെ ആദ്യ രാഷ്ട്രപതി ഭരണം. മുഖ്യമന്ത്രി മൈരേംബാം കൊയ്‌റെങ് സിംഗിന്റെ രാജിക്ക് ശേഷമുള്ള രാഷ്ട്രീയ അസ്ഥിരത മൂലമാണ് അന്ന് രാഷ്ട്രപതി ഭരണം ഏർപെടുത്തേണ്ടി വന്നത്.
പിന്നീട് അതെ വർഷം തന്നെ ഒക്ടോബർ 25 മുതൽ 1968 ഫെബ്രുവരി 18 വരെ 116 ദിവസം മുഖ്യമന്ത്രി ലോങ്‌ജാം തമ്പൗ സിംഗിന്റെ ഹ്രസ്വകാല കാലാവധിക്ക് ശേഷം, കേന്ദ്ര ഇടപെടലിലേക്ക് നയിച്ച ഒരു രാഷ്ട്രീയ പ്രതിസന്ധിയും സംസ്ഥാനം നേരിട്ടിരുന്നു.

മണിപ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രപതി ഭരണം 1969 ലായിരുന്നു. ഒക്ടോബർ 17 മുതൽ 1972 മാർച്ച് 22 വരെയുള്ള കാലയളവിൽ. വർദ്ധിച്ചുവരുന്ന കലാപവും സംസ്ഥാന പദവിക്കായുള്ള ആവശ്യങ്ങളും അന്ന് രാഷ്ട്രപതി ഭരണം ദീർഘിപ്പിച്ചിരുന്നു.ഇത് സംസ്ഥാനത്തിന്റെ ക്രമസമാധാന തകർച്ചയ്ക്കും കാരണമായി. രാഷ്ട്രീയ അസ്ഥിരതയും കൂറുമാറ്റങ്ങളുമാണ് 1973 ലെ രാഷ്ട്രപതി ഭരണം അനിവാര്യമാക്കിയത്.
മാർച്ച് 28 മുതൽ 1974 മാർച്ച് 3 വരെയായിരുന്നു അന്ന് രാഷ്ട്രപതി ഭരണം.1977 മെയ് 16 മുതൽ ജൂൺ 28 വരെ 41 ദിവസം ഭരണകക്ഷിയിലെ ആഭ്യന്തര വിയോജിപ്പും അഴിമതി ആരോപണങ്ങളും രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കാരണമായി.1979 നവംബർ 14 മുതൽ 1980 ജനുവരി 13 വരെ 60 ദിവസംകൂറുമാറ്റങ്ങളെത്തുടർന്ന് സർക്കാർ തകർന്നതിനെത്തുടർന്ന് വീണ്ടും കേന്ദ്രഭരണം മണിപ്പൂരിൽ നിലവിൽ വന്നു.
ഒരു വർഷത്തിന് ശേഷം ജനതാ പാർട്ടി സർക്കാരിനുള്ളിലെ അതൃപ്തിയും അഴിമതി ആരോപണങ്ങളും സർക്കാരിനെ പിരിച്ചുവിടുന്നതിലും നിയമസഭ പിരിച്ചുവിടുന്നതിലും കലാശിച്ചു. 1981 ഫെബ്രുവരി 28 മുതൽ ജൂൺ 18 വരെ 111 ദിവസമായിരുന്നു അന്നത്തെ രാഷ്‌ട്രപതി ഭരണം. ചെറിയ ഇടവേളക്ക് ശേഷം 1992 ജനുവരി 7 മുതൽ ഏപ്രിൽ 7 വരെ 92 ദിവസത്തെ കേന്ദ്ര ഇടപെടലിന് കാരണം കൂറുമാറ്റങ്ങളെത്തുടർന്ന് അന്നത്തെ സർക്കാർ വീണതിനെ തുടർന്നുടലെടുത്ത രാഷ്ട്രീയ അനിശ്ചിതാവസ്ഥയായിരുന്നു.1993 ഡിസംബർ 31 മുതൽ 1994 ഡിസംബർ 13 വരെ 347 ദിവസം രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കാരണമായതും രാഷ്ട്രീയ അസ്ഥിരതയും ഭരണത്തിലെ തകർച്ചയും തന്നെയായിരുന്നു.
ഏറ്റവും ഒടുവിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് 2001 ജൂൺ 2 മുതൽ 2002 മാർച്ച് 6 വരെ 276 ദിവസമായിരുന്നു.കൂറുമാറ്റങ്ങളെത്തുടർന്നുള്ള സർക്കാരിന്റെ പതനം തന്നെയായിരുന്നു അന്ന് കേന്ദ്രഭരണത്തിലേക്ക് നയിച്ചത്. ഇനി നിലവിലെ സാഹചര്യത്തിലേക്ക് വരികയാണെങ്കിൽ മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാൾ മുഖ്യമന്ത്രിയാകുന്നതിനെ ശക്തമായി എതിർക്കുന്ന കുക്കി വിഭാഗക്കാർ രാഷ്ട്രപതി ഭരണത്തെ അനുകൂലിച്ച് രംഗത്ത് ,രാഷ്‌ട്രപതി ഭരണത്തോട് കടുത്ത എതിർപ്പ് പുലർത്തുകയാണ് മെയ്തെയ് വിഭാഗം. നിയമസഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പിന് ശ്രമിക്കാതെ രാഷ്ട്രപതി ഭരണത്തിലൂടെ വീണ്ടും നാടിനെ വിഭജിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുക തന്നെയാണ് ഇവിടെ കേന്ദ്രം ചെയ്യുന്നത്.

മുൻപ് മണിപ്പൂർ കത്തിയപ്പോൾ നിസ്സംഗ മനോഭാവം സ്വീകരിച്ചവർ നിലവിലെ ഭരണ വ്യവസ്ഥയിൽ കുക്കി – മെയ്തെയ് വിഭാഗങ്ങൾക്കുള്ള അഭിപ്രായ വ്യത്യാസങ്ങളെ വർദ്ധിപ്പിച്ച് സംഘർഷം സജീവമായി നിലനിർത്തുവാൻ തന്നെയാണ് ശ്രമിക്കുന്നതെന്ന് പകൽ പോലെ വ്യക്തം. പൗരന്മാർക്കിടയിൽ വിഭജനം സൃഷ്ടിച്ച് തങ്ങൾക്കനുകൂലമായ ഭൂരിപക്ഷ ഏകീകരണം ഉണ്ടാക്കുകയെന്ന പതിവ് തന്ത്രം ഇവിടെയും സംഘപരിവാർ സമർത്ഥമായി പയറ്റുമ്പോൾ ജനാധിപത്യ ഇന്ത്യ വീണ്ടും ആശങ്കപ്പെടുകയാണ്.