വേതന വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ആശാ തൊഴിലാളികൾ ദിവസങ്ങളായി സമരത്തിലാണ്. ആരാണ് ആശാ പ്രവർത്തകർ? എന്താണ് അവരുടെ കടമകൾ, എത്രയാണ് വരുമാനം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്രയാണ് നൽകുന്നതെന്ന് പരിശോധിക്കാം. ‘അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്’ എന്നതിന്റെ ചുരുക്കപ്പേരാണ് ‘ആശ ‘. സർക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാ വർക്കർ എന്ന പദവിയുടെ സ്ഥാപിത ലക്ഷ്യം. അതിനായി നിയമിക്കപ്പെടുന്ന സ്ത്രീകൾക്ക് മുഖ്യമായും എട്ട് നിബന്ധനകളാണുള്ളത്.
സ്ത്രീകളായ ആരോഗ്യ പ്രവർത്തകരെ, സന്നദ്ധ പ്രവർത്തകരായി നിയമിക്കാൻ മൻമോഹൻ സിങ് സർക്കാരാണ് തീരുമാനിക്കുന്നത്. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി നിയമിക്കപ്പെടുന്ന സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് ആശാ വർക്കർമാർ. ആശാ വർക്കർ എന്ന അസംഘടിത തൊഴിലാളികൾ സാമൂഹികാരോഗ്യ രംഗത്തെ ചാലകങ്ങളായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 18 വർഷമായി. ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആശാ വർക്കർമാരുടെ സേവനമുണ്ട്. 18 വർഷത്തെ ആശാ വർക്കർരുടെ അധ്വാനം വിലയിരുത്തുമ്പോൾ ആശമാർ ആരോഗ്യ മേഖലക്ക് നൽകിയ സംഭാവന ഏറെയാണ്.
2008 ലാണ് കേരളത്തിൽ ആദ്യമായി ആശമാരെ നിയമിക്കുന്നത്. ആയിരം പേർക്ക് ഒരു ആശ എന്നായിരുന്നു കണക്ക്. എന്നാൽ ഇന്ന് ഒരു വാർഡിൽ ഒരു ആശയാണ്. മാതൃ-ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വേണ്ടിയായിരുന്നു ആശമാരുടെ ആദ്യ നിയമനം. നിയമപരമായും സാമൂഹ്യപരമായും കിട്ടുന്ന തൊഴിൽപരമായ അംഗീകാരം ലഭിക്കാതെ തികച്ചും പ്രതിഫലമില്ലാതെ സാമൂഹിക പ്രവർത്തനമായാണ് സ്ത്രീകൾ ആദ്യ കാലങ്ങളിൽ ലഭിച്ചിരുന്ന ജോലികൾ ചെയ്തിരുന്നത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് ആശ വർക്കർമാരുടെ പ്രവർത്തനം.

300 രൂപയാണ് ആദ്യമായി ആശ വർക്കർമാർക്ക് കിട്ടിയ വരുമാനം. പിന്നീട് അത് 500 ആയി, 1000 മായി, 1500 ആയി. നിരന്തരമായ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി കേരള സർക്കാർ നൽകുന്ന ഓണറേറിയം 7000 രൂപയാക്കി. കേന്ദ്ര സർക്കാർ ഇപ്പോഴും ഇൻസന്റീവായി നൽകുന്നത് 2000 രൂപയാണ്.
കോർപറേറ്റുകളുടെ സ്പോൺസർഷിപ്പിൽ അധികാരത്തിലേറിയ മോദി ഗവൺമെന്റിന്റെ നിലപാടിന്റെ ഭാഗമായി, അവരുടെ അജൻഡ അടിച്ചേൽപിക്കുന്നതിനായി എൻഎച്ച്എമ്മിനെയും മറ്റ് കേന്ദ്ര സ്പോൺസേർഡ് സ്കീമുകളെയും വിവിധ മാർഗങ്ങൾ വഴി ദുർബലമാക്കുന്നതിനുള്ള നടപടികളാരംഭിച്ചു. ഈ സ്കീമുകൾ നടപ്പാക്കുന്നതിനുവേണ്ടിയുള്ള പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്ന ആസൂത്രണകമ്മീഷൻതന്നെ ഉപേക്ഷിച്ചു. അത് പദ്ധതികളുടെ ഭാവി തന്നെ അപകടത്തിലാക്കി. മോദി ഗവൺമെന്റ് അതിന്റെ ആദ്യ ബജറ്റിൽ തന്നെ എൻഎച്ച്എമ്മിനായുള്ള വകയിരുത്തലിൽ 25% വെട്ടിക്കുറച്ചു. 2014–15ലെ 24491 കോടി രൂപയിൽനിന്നും 2015–16ൽ 18000 കോടി രൂപയായി കുറച്ചു.

സ്കീം തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കണമെന്നും എല്ലാ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും അവർക്കു ലഭ്യമാക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് മോദി ഗവൺമെന്റ് നിരാകരിച്ചു. ഈ നിർദ്ദേശങ്ങളിന്മേൽ ഗവൺമെന്റ് ഒരു നടപടിയും എടുത്തില്ലെന്നു മാത്രമല്ല ചില ഇൻസെന്റീവുകൾ വർധിപ്പിച്ചുകൊണ്ടുള്ള അവരുടെ തന്നെ ഒരു വർഷം മുമ്പുള്ള സർക്കുലർ നടപ്പാക്കിയുമില്ല. വിവിധ പാർലമെന്ററി കമ്മിറ്റികളുടെയും അതുപോലെ ആരോഗ്യമേഖലയിലെ വിദഗ്ദ്ധരുടെയും നിർദ്ദേശങ്ങൾ അംഗീകരിച്ചുമില്ല.
ഒരു വശത്ത് സന്നദ്ധ പ്രവർത്തകർ എന്ന് ആശമാരെ സംബോധന ചെയ്യുമ്പോൾ മറുവശത്ത്, അവരുടെ ജോലി ഭാരവും പ്രതിഫലവും ആരും പരിഗണിക്കുന്നില്ല.കേരളത്തെ സംബന്ധിച്ച് ആശമാരുടെ മൂല്യം തിരിച്ചരിഞ്ഞത് കൊവിഡ് മഹാമാരി കാലത്താണ്. ആശമാർ സ്വന്തം ആരോഗ്യം വകവെക്കാതെ വീടുകൾ തോറും കയറി ഇറങ്ങി ശേഖരിച്ച വിവരങ്ങളാണ് എല്ലാ ദിവസവും വൈകീട്ട് ആറു മണിക്ക് വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പൊതുജനത്തിലേയ്ക്ക് എത്തിച്ചത്.
ഗൾഫിൽ നിന്നും മറ്റു രാജ്യങ്ങളിലും നിന്നും നാട്ടിലെത്തിയ പ്രവാസികളുടെ ക്വാറന്റൈൻ, അവരുടെ ദൈനംദിന ആരോഗ്യ പുരോഗതി, പരിപാലനം, ആവശ്യമായ മരുന്നുകൾ എത്തിക്കൽ, വാക്‌സിനേഷൻ, കൊവിഡ് ടെസ്റ്റ് എടുക്കൽ, കൊവിഡ് രോഗികളുള്ള വീടുകളുടെ പരിപാലനം തുടങ്ങി കൊവിഡ് കാലത്തെ ആശമാരുടെ ഇടപെടലാണ് മഹാമാരിയുടെ പടർച്ച കുറക്കുന്നതിൽ സഹായകമായത്.

അതുമാത്രമല്ല, കൊവിഡുമയി ബന്ധപ്പെട്ട എല്ലാ ഡേറ്റകളും എഴുതി തയ്യാറാക്കുകയും വിവിധ സർവേകൾ എടുത്തു നൽകുകയും ചെയ്തിട്ടുണ്ട്. രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ ആശ വാർക്കർമാർ തെരുവിൽ പണിയെടുത്തത് കൊണ്ടാണ് കൊവിഡ് പ്രതിരോധത്തിൽ കേരള മോഡൽ സാധ്യമായത്. കൊവിഡ് സമയത്തെ ഈ അധ്വാനമാണ് ലോകാരോഗ്യ സംഘടനയുടെ മികച്ച ആരോഗ്യ പ്രവർത്തകർക്കുള്ള അവാർഡിനായി ആശമാരുടെ പേരു കൂടി എത്തിച്ചത്.
മിനിമം വേജസ് അനുവദിച്ചു കിട്ടാൻ വേണ്ടി രാജ്യമെമ്പാടുമുള്ള ആശാ വർക്കർമാർ നിരവധി തവണ സമരങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അന്നൊക്കെ അവർക്കു നൽകിയ വാഗ്ദാനങ്ങൾ ഇതുവരെ നിറവേറ്റപ്പെട്ടിട്ടില്ല. 2018 -ൽ നരേന്ദ്ര മോദിയും, 2019 -ൽ പിയുഷ് ഗോയലും ആശാവർക്കർമാരുടെ ഓണറേറിയത്തിന്റെ 50 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ചെങ്കിലും, അത് കടലാസ്സിൽ തന്നെ ഒതുങ്ങുകയാണ് ഉണ്ടായത്. ആകെ 500 രൂപയാണ് ബജറ്റിൽ അവർക്ക് വർധിപ്പിച്ച നൽകിയത്.
വാഗ്ദാനം ചെയ്ത വർദ്ധനവ് പോട്ടെ, കിട്ടേണ്ട വേതനം അതതുമാസം കിട്ടിയാൽ തന്നെ വലിയ കാര്യം എന്നാണ് അവർ പറയുന്നത്. ആശാ വർക്കർമാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം, ഏപ്രിൽ ആയിട്ടും പൂർണമായും കൊടുത്തു തീർത്തിട്ടില്ല പല സംസ്ഥാനങ്ങളും. ഇനി എത്രകാലം ഇങ്ങനെ വെയിലും കൊണ്ട് വീടുകൾ കയറിയിറങ്ങാനാവും എന്നറിയാത്തതുകൊണ്ട്, ചുരുങ്ങിയ ഒരു തുകയെങ്കിലും പെൻഷനായി അനുവദിച്ചു കിട്ടിയിരുന്നെങ്കിൽ എന്നും ആശാ വർക്കർമാർ ആഗ്രഹിക്കുന്നുണ്ട്.