റവന്യു മന്ത്രി കെ രാജനെ കുറിച്ച് വി കെ സുരേഷ് ബാബു ഫേസ്ബുക്കിൽ കുറിച്ചത്.
ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ എട്ട് വിഷയങ്ങൾ പരിഹരിക്കാനാണ് പോയത്. അതിലൊന്ന് എൻ്റെ സ്വന്തം കാര്യമായിരുന്നു. പക്ഷേ എൻ്റെ കാര്യമൊഴിച്ച് ബാക്കി ഏഴ് കാര്യവും നടന്നു.
അതിൻ്റെ സമാധാനത്തിൽ റവന്യുമന്ത്രിയുടെ ഓഫീസിൽ നിന്നിറങ്ങി കൻ്റോൺമെൻ്റ് ഗേറ്റിലെ തട്ടുകടയിൽ നിന്ന് ഒരു ചായയും ഗോതമ്പ് വടയും കഴിക്കുമ്പോൾ പിറകിൽ നിന്നൊരു വിളി …… “
സുരേഷ് ബാബൂ … ഒരു ചായയ്ക്ക് എനിക്കും കൂടി പറയൂ …..”
തിരിഞ്ഞ് നോക്കിയപ്പോൾ മറ്റാരുമല്ല സാക്ഷാൽ റവന്യു വകുപ്പ് മന്ത്രി ശ്രീ കെ.രാജൻ. കെ.രാജൻ മന്ത്രിയാകുന്നതിന് മുമ്പും മന്ത്രിയായിരിക്കുമ്പോഴും
സഖാവ് കണ്ണൂരിൽ വന്നാൽ പട്ടണത്തിലൂടെ മുണ്ടും മാടിക്കുത്തി ഞങ്ങളുടെ കൂടെ ഒരു നടപ്പുണ്ട്.
വലിയ ഹോട്ടലിലൊന്നും കയറില്ല. തട്ടുകടയാണ് അദ്ദേഹത്തിന് പഥ്യം.
കോളയാടുള്ള ഒരു വയോധികൻ്റെ 30 വർഷം പഴക്കമുള്ള ഭൂമിപ്രശ്നം നിയമത്തിൻ്റെ നൂലാമാലകളിൽ കുടുങ്ങി കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയായിരുന്നു.
ഇന്ന് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി അര മണിക്കൂർ കൊണ്ട് അതിൻ്റെ എല്ലാ ഫയലുകളും വരുത്തി പഠിച്ച്
പ്രശ്നം തീരാത്തതിൻ്റെ അടിസ്ഥാന കാരണം കണ്ടെത്തി.
2000 ൽ റെവന്യു സെക്രട്ടറി ഇറക്കിയ തലതിരിഞ്ഞ ഒരു ഉത്തരവായിരുന്നു അത് .
പെട്ടെന്ന് തന്നെ ചട്ടം ഭേദഗതി ചെയ്ത് പ്രശ്നം പരിഹരിക്കാമെന്നും
അവർക്ക് പട്ടയം കൊടുത്തിരിക്കുമെന്നും ഉറപ്പ് കിട്ടിയ സന്തോഷത്തിൽ ചായ കുടിക്കുമ്പോഴാണ് മന്ത്രിയും ഞങ്ങളുടെ കൂടെ കൂടിയത്.
പരിഹരിച്ചതിന് കോഴയായി ചായയുടെ പൈസ ഞങ്ങൾ കൊടുക്കാൻ ശ്രമിച്ചപ്പോൾ കടയിലെ സ്ത്രീ പറഞ്ഞു -മന്ത്രിയുടെ പറ്റ് കണക്കിൽ എഴുതിപ്പോയി, ആരോടും ചായ പ്പൈസ വാങ്ങാൻ അനുവദിക്കാറില്ല എന്ന്.
ജനാധിപത്യത്തിൽ ഇത് ഒരു അത്ഭുത സംഭവമല്ല. വെറും സാധാരണ രീതി മാത്രം.