ലഖ്നൗ: വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിക്കുന്ന സംഘങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനധികൃത സ്ഥാപനങ്ങളാണ് വ്യാജ ആധാർ, പാൻ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ നിര്‍മ്മിക്കുന്നത്. ഇതിനായി ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മിതമായ നിരക്കില്‍ ചെയ്ത് നല്‍കാമെന്ന് ഓഫറുകള്‍ നല്‍കിയാണ് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കരസ്ഥമാക്കുന്നതിന് ഇവര്‍ ആളുകളെ ക്ഷണിക്കുന്നത്.
അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്താനും നിയമവിരുദ്ധമായി സിം കാർഡുകൾ നൽകാനുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഇവര്‍ ഉപഭോക്താക്കളുടെ രേഖകള്‍ ദുരുപയോഗം ചെയ്യുന്നതെന്ന് സൈബർ സുരക്ഷാ ഗവേഷണ സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലയളവിനുശേഷമാണ് ഇത്തരം സംഘങ്ങള്‍ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായത്. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി സൈബര്‍ പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെടുന്നപക്ഷം സര്‍ക്കാരിനെ അറിയിക്കാനും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലഘട്ടത്തില്‍പ്പോലും ആളുകള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് അതിശയമാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയായ ക്ലൗഡ്സെക്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നിരവധി ഇന്ത്യക്കാര്‍ ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ അകപ്പെട്ടിട്ടുണ്ട്.