തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിന്റെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓണക്കിറ്റുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആശങ്ക വേണ്ട. ഒരു കുടുംബത്തിനും കിറ്റ് നിഷേധിക്കപ്പെട്ടില്ല. ഉൽപ്പന്നങ്ങളുടെ കുറവുണ്ടായാൽ അത് മാറ്റി നൽകും. കിറ്റ് വിതരണം 71 ശതമാനം പൂർത്തിയായി. റാഗിപ്പൊടിയും കാബോളിക്ക് കടലയും റേഷൻകടകൾ വഴി വിതരണം ചെയ്യാനാകും. അടുത്ത മാസം മുതൽ ഇത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്.
ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ മെട്രോ ഫെയറുകൾക്കും തുടക്കമായിരുന്നു. തിരുവനന്തപുരത്തെ മെട്രോ ഫെയർ ഓഗസ്റ്റ് 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകൾ മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ് എന്നിവരും കോട്ടയം ജില്ലാ ഫെയർ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിലും ഉദ്ഘാടനം ചെയ്തിരുന്നു.മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ഉദ്ഘാടനം നിർവഹിച്ചു. മിൽമ, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, കൈത്തറി ഉത്പന്നങ്ങൾ, ഗ്രാമപ്രദേശങ്ങളിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ എന്നിവ ഓണം ഫെയറിലൂടെ വിതരണത്തിനെത്തും.