ഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിലേക്ക് ഇന്ന് കാൽനട മാർച്ചുമായി കർഷകർ. പഞ്ചാബിലെ ശംഭു അതിർത്തിയിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മാർച്ച് ആരംഭിക്കുന്നത്. മിനിമം താങ്ങുവില ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ലഖിംപൂർ ഖേരി അക്രമത്തിന്റെ ഇരകൾക്ക് നീതി ഉറപ്പാക്കുക എന്നിങ്ങനെ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് കിസാൻ മസ്ദൂർ മോർച്ച, രാഷ്ട്രീയതര സംയുക്ത കിസാൻ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്നത്. മാർച്ചിൽ കർഷകരുടെ വൻസംഘം അണിനിരക്കും. ശംഭുവിൽ നിന്നും പുറപ്പെടുന്ന ആദ്യ സംഘത്തിന് കർഷക നേതാക്കളായ സത്നാംസിങ്, സുർജിത് സിങ് ഫൂൽ തുടങ്ങിയവർ നേതൃത്വം നൽകും.
മാർച്ചിന് ഹരിയാന സർക്കാർ അനുമതി നൽകിയിട്ടില്ല. കർഷകരെ തടയാൻ വൻ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അംബാലയിൽ ബിഎൻഎസ് 163 പ്രഖ്യാപിച്ചിരിക്കുകയാണ്. സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുയോഗങ്ങൾക്കും മാർച്ചുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. അതിർത്തിയിൽ ബാരിക്കേഡ് സ്ഥാപിക്കുകയും അർദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഡ്രോണുകളും ജലപീരങ്കികളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
ഫെബ്രുവരിയിലും ശംഭു അതിർത്തി വഴി ഡൽഹിയിലേക്ക് മാർച്ച് നടത്തിയ കർഷകരെ ഹരിയാന സർക്കാർ തടഞ്ഞിരുന്നു. പിന്നാലെ കഴിഞ്ഞ 10 മാസമായി ഇവർ ഖനൗരി, ശംഭു അതിർത്തികളിൽ സമരം തുടരുകയാണ്. ഖാപ് പഞ്ചായത്തുകളിൽ നിന്നും വ്യാപാരി സംഘടനകളിൽ നിന്നും മാർച്ചിന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും പ്രതിഷേധ മാർച്ചുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും കർഷക സംഘടനകൾ അറിയിച്ചു. കർഷകർ ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നു എന്നതടക്കമുള്ള ഹരിയാന ഭരണകൂടത്തിന്റെ ആരോപണങ്ങൾ കളവാണ്. മാർച്ച് സമാധാനപരമായിരിക്കും. പ്രതിഷേധിക്കാനുള്ള തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ സർക്കാർ അനുവദിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.