ഹരിയാനയിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് നേരെ കർഷകരുടെ പ്രതിഷേധം. തിങ്കളാഴ്‌ച രാത്രി ബദ്‌വാലി ധാനി ഗ്രാമത്തിൽ പൊതുയോഗത്തിൽ സംസാരിക്കവെ ഹിസാറിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി ഡോ.കമൽ ഗുപ്തയ്‌ക്ക് നേരെയും റാതിയ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സുനിത ദുഗ്ഗലിന് നേരെയുമാണ് കർഷകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടായത്. കമൽ ഗുപ്തയ്‌ക്ക് നേരെ ചെരുപ്പ് എറിഞ്ഞതായും സുനിത ദുഗ്ഗലിനെ പ്രചരണത്തിനിടയിൽ കർഷകർ ഓടിച്ചുവിട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖനൗരി, ശംഭു അതിർത്തികളിൽ കർഷകർ നടത്തുന്ന സമരത്തെ അംഗീകരിക്കാനും ഖനൗരി അതിർത്തിയിൽ വെടിയേറ്റ് മരിച്ച പഞ്ചാബിൽ നിന്നുള്ള കർഷകൻ ശുഭ്‌കരൺ സിങിന്റെ മരണത്തിൽ അന്വേഷണം നടത്താനും ബിജെപി സ്ഥാനാർഥി സുനിത ദുഗ്ഗലിനോട് ഭാരതീയ കിസാൻ യൂണിയൻ(ബികെയു) ആവശ്യപ്പെട്ടു.
തുടർന്നുണ്ടായ പ്രതിഷേധത്തിൽ ദുഗ്ഗലിനെ സുരക്ഷാ ഉദ്യോഗസ്ഥർ അടുത്തുള്ള മൺപാതയിലൂടെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ധാനി ഗ്രാമത്തിൽ വച്ച് ദുഗ്ഗലിനെ പ്രതിഷേധക്കാർ ഓടിച്ചു വിട്ടു. സമരം നടത്തുന്ന കർഷകരോട് ഹരിയാന സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് തെറ്റാണെന്ന് സമ്മതിക്കുവാനും സമരക്കാർ ദുഗ്ഗലിനോട് ആവശ്യപ്പെട്ടു.