കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. ട്രാക്ടറുകള്‍ കടത്തിവിടാതെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. കര്‍ഷകരെ പിരിച്ചുവിടാനായി പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് പഞ്ചാബില്‍ നിന്ന് ഹരിയാന അതിര്‍ത്തിയില്‍ എത്തിയത്. കഴിഞ്ഞദിവസം തന്നെ ഈ അതിര്‍ത്തി പോലീസ് ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. വന്‍ പൊലീസ് സന്നാഹമാണ് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കർഷക പ്രക്ഷോഭത്തെ നേരിടാൻ വിന്യസിച്ചിരിക്കുന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ എടുത്തുമാറ്റിയ കര്‍ഷകര്‍, ഇവ പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞു. ഇതോടെ, പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയായിരുന്നു.
ചിതറിയോടിയ കര്‍ഷകര്‍, വീണ്ടും സംഘടിച്ചെത്തി ബാരിക്കേഡുകള്‍ എടുത്തു മാറ്റാനുള്ള ശ്രമം തുടരുകയാണ്. കണ്ണീര് വാതകം പ്രയോഗിക്കാനായി പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചു. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് ഇവിടേക്ക് ആദ്യം എത്തിയത്. ഹരിയാന ഭാഗത്തുനിന്നുള്ള കര്‍ഷകരും ഇവിടേക്ക് എത്തുന്നുണ്ട്. ആറു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് പഞ്ചാബിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. അനിശ്ചിതകാലത്തേക്ക് സമരം നീണ്ടുപോകുമെന്ന സൂചനയാണ് കര്‍ഷകര്‍ നല്‍കുന്നത്.
രാവിലെ പത്തുമണിയോടെയാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. ഡല്‍ഹിയിലെ പ്രധാന പാതകളില്‍ കനത്ത മുൻകരുതലുകളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കര്‍ഷക സമരത്തെ നേരിടാനായി ഡല്‍ഹിയില്‍ 11 കമ്പനി അധിക പൊലീസ് സേനയെ വിന്യസിച്ചതായി ഡല്‍ഹി പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയേന്ദ്ര കുമാര്‍ അറിയിച്ചു.