ഹൈദരാബാദ്: വാറങ്കല്‍ ഭൂസമരത്തില്‍ പങ്കെടുത്ത ബിനോയ് വിശ്വം എംപിയെയും മറ്റു സിപിഐ നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കിയ സുബേദാരി പൊലീസ് സ്റ്റേഷന്‍ വളഞ്ഞ് കര്‍ഷകര്‍. തെലങ്കാന വാറങ്കലിലെ മട്ടേവാഡ പ്രാന്തപ്രദേശത്ത് സിപിഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭൂസമരത്തില്‍ പങ്കെടുക്കുവാനായിരുന്നു കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവര്‍ എത്തിയത്. സമര സ്ഥലത്തേക്ക് പോകുന്ന വഴിയായിരുന്നു നേതാക്കളെ വന്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് സുബദാരി പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. നേതാക്കളെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഭൂസമരത്തില്‍ പങ്കെടുക്കുകയായിരുന്ന ആയിരകണക്കിനാളുകള്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് ചെയ്തു. ഇതിന് പിന്നാലെ നേതാക്കളെ വിട്ടയക്കുകയായിരുന്നു.
ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സിപിഐയുടെ നേതൃത്വത്തില്‍ വാറങ്കലിലെ മട്ടേവാഡ പ്രാന്തപ്രദേശത്തുള്ള നിമ്മയ്യ കുളത്തിന് സമീപത്തെ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി സമരമാരംഭിച്ചത്.സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി ശ്രീനിവാസ റാവു, വാറങ്കല്‍ ജില്ലാ സെക്രട്ടറി മേകല രവി, അസിസ്റ്റന്റ് സെക്രട്ടറിമാരായ ഷെയ്ക് ബഷ്മിയ, പനസ പ്രസാദ്, മണ്ഡലം സെക്രട്ടറി ബുസ്സ രവീന്ദര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടിലുകള്‍ കെട്ടിയത്.ഒരാഴ്ചയിലധികമായി പാവപ്പെട്ടവര്‍ ഇവിടെ കുടിലുകളില്‍ താമസിക്കുകയാണ്. ഭൂമി എത്രയും വേഗം പതിച്ചു നല്കണമെന്നാവശ്യപ്പെട്ട് നൂറകണക്കിന് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസ് ഉപരോധിച്ചു.