Friday, November 22, 2024
spot_imgspot_img
HomeKeralaരാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം നിർഭയ മാധ്യമപ്രവർത്തനം അസാധ്യമാക്കി: കെ രാജൻ

രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം നിർഭയ മാധ്യമപ്രവർത്തനം അസാധ്യമാക്കി: കെ രാജൻ

കോഴിക്കോട്: രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം നിർഭയ മാധ്യമപ്രവർത്തനം അസാധ്യമാക്കിയെന്ന് റവന്യുമന്ത്രി കെ രാജൻ. സീനിയർ ജേണലിസ്റ്റ്സ് ഫോറം പത്താമത് സംസ്ഥാന സമ്മേളനം കോഴിക്കോട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള ഇടപെടലുകൾ ആവശ്യമാണ്. ഫാസിസ്റ്റ് കാലത്ത് ഭരണകൂടങ്ങൾ മാധ്യമപ്രവർത്തനങ്ങളിൽ ഇടപെടുന്നു. ഇഷ്ടമില്ലാത്ത മാധ്യമങ്ങൾ പൂട്ടിക്കുക എന്ന പുതിയ ശീലത്തിലേക്ക് വന്നു. മീഡിയാ വണും ഡക്കാൺ ഹെറാൾഡുമൊക്കെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു. അക്ഷരങ്ങളുടെ കൂട്ടുകാരെ അടച്ച്പൂട്ടുന്ന തന്ത്രത്തിലേക്ക് ഭരണകൂടം പോവുന്നത് ഗൗരവത്തിലെടുക്കണം.

പത്രാധിപൻമാരും മാധ്യമ പ്രവർത്തകരും തമ്മിൽ അകലമേറുന്നോയെന്ന് പരിശോധിക്കണം. മാനേജ്മെന്റിന്റെ ആവശ്യത്തിനായി എഴുതാനാവില്ലയെന്ന് പ്രഖ്യാപിച്ചും ഇടഞ്ഞും നിന്ന മാധ്യമപ്രവർത്തകരുടെ നാടാണ് കേരളം. സമരസപ്പെടുന്നതിന്റെ തുല്യതയിലേക്ക് പോവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടായി എന്നത് പലപ്പോഴും നാം വിസ്മരിച്ചു പോവുന്നു. പ്രകൃതിയുടെ അനിയന്ത്രിതമായ ചൂഷണമാണ് കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്നതെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തം മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചിട്ടും നാം പാഠം പഠിക്കുന്നില്ല. മലയാളി അവന്റെ പൈതൃകത്തെ വിസ്മരിക്കരുതെന്നും അദ്ദേഹം സൂചിപ്പിച്ചു.മുതിർന്ന പത്രപ്രവർത്തകരുടെ പ്രശ്നങ്ങളിൽ സർക്കാർ പരിഹാരമുണ്ടാക്കും. അതൊരു ആദരവിന്റെ പ്രശ്നമായി കാണുമെന്നും കോഴിക്കോട്ട് മീഡിയ മ്യൂസിയമുണ്ടാക്കാൻ സഹായം നൽകുമെന്നും അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു.

സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. വി പ്രതാപചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, അഡ്വ. എം രാജൻ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീത, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ, എ മാധവൻ എന്നിവർ സംസാരിച്ചു. സി എം കൃഷ്ണപണിക്കർ സ്വാഗതവും ഹരിദാസൻ പാലയിൽ നന്ദിയും പറഞ്ഞു. നിധീഷ് നടേരി രചിച്ച് സായി ബാലൻ സംവിധാനം ചെയ്ത അവതരണഗാനവുമുണ്ടായി. സമ്മേളനത്തിന് തുടക്കും കുറിച്ചുകൊണ്ട് പി കെ മുഹമ്മദ് പതാകയുയർത്തി. സമ്മേളനം ശനിയാഴ്ച സമാപിക്കും.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares