Sunday, November 24, 2024
spot_imgspot_img
HomeOpinionജനാധിപത്യ ഇന്ത്യ പൊളിച്ചെഴുതിയ ഫാസിസ്റ്റ് കാഴ്ചപ്പാടുകൾ

ജനാധിപത്യ ഇന്ത്യ പൊളിച്ചെഴുതിയ ഫാസിസ്റ്റ് കാഴ്ചപ്പാടുകൾ

ബിന്ദു സജി

തിനെട്ടാം ലോക സഭ തെരഞ്ഞെടുപ്പ് ഫലം ബിജെപി കേന്ദ്രങ്ങളിൽ സൃഷ്ടിച്ച അമ്പരപ്പും ആഘാതവും ചെറുതല്ല. സമസ്ത ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ അധികാരമുപയോഗിച്ച് വരുതിക്ക് നിർത്തിയും വെറുപ്പും വിദ്വേഷവും നിറഞ്ഞ പ്രചാരണങ്ങൾ അഴിച്ചുവിട്ടും ‘മൂന്നാമൂഴത്തിൽ മൂന്നിൽ രണ്ട്’ പ്രതീക്ഷിച്ചവർ രാഷ്ട്രീയ സ്ഥിരത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഘടക കക്ഷികളുടെ ഇംഗിതത്തിന് വഴങ്ങി ഭരണത്തെ നയിക്കുന്ന ദയനീയ കാഴ്ചയാണിന്ന് രാജ്യം ദർശിച്ചു കൊണ്ടിരിക്കുന്നത്.

രാമക്ഷേത്ര പ്രതിഷ്ഠ നടന്ന അയോധ്യയിൽ വൻ മുന്നേറ്റം നടത്താനാകുമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടിയത്. 2014 ലും 2019 ലും ബിജെപി വിജയം നേടിയ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ സിറ്റിംഗ് എം പി ലല്ലുസിങ്ങിനെതിരെ സമാജ്‌വാദി പാർട്ടിയുടെ അവദേഷ് പ്രസാദ് സിങ് അര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന്നാണ് വിജയിച്ചത്. ജനറൽ സീറ്റിൽ ഒരു ദലിത് സ്ഥാനാർഥിയെ നിർത്തിയാണ് സമാജ് വാദി പാർട്ടി ബി.ജെ.പിയോട് ഏറ്റുമുട്ടിയതെന്നോർക്കണം.

രാമ ക്ഷേത്രം, പൗരത്വ ഭേദ ഗതി നിയമം, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചുള്ള വർഗീയ ധ്രുവീകരണ അജൻഡയിൽ നിന്നുള്ളതായിരുന്നു. ലേഖിക ഈ ലേഖനം തയ്യാറാക്കുന്നത് അയോദ്ധ്യയിൽ വെച്ചാണ്. (അയോദ്ധ്യയിൽ കായിക മത്സരത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി കടന്ന് വന്നതാണ്) തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശീയരായ വോട്ടർമാരുമായി നടത്തിയ സംവാദത്തിൽ നിന്ന് ബിജെപി യുടെ തീവ്ര ഹിന്ദുത്വ അജണ്ടകൾ ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും എപ്രകാരം കാർന്നു തിന്നുന്നുവെന്നതിനെ കുറിച്ചുള്ള കൃത്യമായ അവബോധം അവരിലുണ്ടെന്ന് ബോധ്യപ്പെട്ടു.

അത് പോലെ തന്നെ ഭരണഘടനയിലെ 44ാം അനുഛേദപ്രകാരം ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന് നിർദേശക തത്വങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിർദേശക തത്വങ്ങളെക്കാൾ ഭരണഘടന പ്രാമുഖ്യം നൽകുന്നത് പൗരന്റെ മൗലികമായ അവകാശങ്ങൾക്കാണ് എന്ന് എകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ മോഡി സർക്കാർ നിയോഗിച്ച ബിഎസ് ചൗഹാൻ കമ്മീഷൻ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. മതം, ഭാഷ, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതാത് വിഭാഗത്തിന്റ പിന്തുണയില്ലാതെ ഭരണകൂട ഇടപെടലുകൾ ഉണ്ടാകുന്നത് അപകടകരമായ ഫലങ്ങൾ സൃഷ്ടിക്കുമെന്നും വിവിധ സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ളവർ ഏക നിയമവും ഏക ആചാരക്രമങ്ങളും പിന്തുടരണമെന്ന് ഉപദേശിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നുമാണ് അവർ (അയോധ്യ നിവാസികൾ ) പ്രതികരിച്ചത്!

ഭരണഘടനയിൽ നിലനിൽക്കുന്ന മതനിരപേക്ഷതയുടെ തത്വങ്ങളെ ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങൾ വ്യാപകമാക്കിയും പാർലമെന്ററി സംവിധാനത്തിനും ഫെഡറലിസത്തിനും പ്രഹരം ഏൽപ്പിക്കുന്ന വിധത്തിലുള്ള ജനാധിപത്യ വിരുദ്ധ ഏകീകരണത്തിന് ശ്രമം നടത്തിയും രാജ്യത്ത് ഭരണത്തുടർച്ച സാധ്യമാകുമെന്ന കാഴ്ചപ്പാടിനെയാണ് ജനാധിപത്യ ഇന്ത്യ പൊളിച്ചെഴുതിയത്. ഒരു പോരാട്ടവും വെറുതെയാവില്ലെന്നും ഒരു ഏകാധിപതിക്കും അധിക നാൾ പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും ഒരിക്കൽ കൂടി തെളിയിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം!

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares