Thursday, November 21, 2024
spot_imgspot_img
HomeOpinionമണിപ്പൂർ കലാപം തുടർക്കഥയാക്കുന്ന ഫാസിസ്റ്റ് കഴുകന്മാർ

മണിപ്പൂർ കലാപം തുടർക്കഥയാക്കുന്ന ഫാസിസ്റ്റ് കഴുകന്മാർ

ടി കെ മുസ്തഫ വയനാട്

“ഫാസിസത്തിന്റെ മുഖം എത്ര ഭീതിജനകം!
കത്തികൊണ്ട് കൃത്യമായ് അവർ പരിപാടി നടത്തുന്നു,
കാര്യമല്ലവർക്കൊന്നും
രക്തമെന്നാൽ അവർക്കു മെഡലുകൾ
കശാപ്പു വീരകൃത്യം.
പാടാനെത്ര കഠിനം മഹാഭയത്തിന്റെ ഗാനം
ഞാൻ ജീവിക്കുന്ന മഹാഭയം “

1973 സെപ്റ്റംബർ 11-ന്, ചിലിയിലെ സോഷ്യലിസ്റ്റ് ഭരണാധികാരിയായിരുന്ന സാൽവദോർ അലൻഡയെ അധികാരത്തിൽ നിന്ന് അട്ടിമറിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ശേഷം അഗസ്റ്റോ പിനോഷെയുടെ ഫാസിസ്റ്റ് ഭീകരതയുടെ ഇരയായി തടവറയിൽ കഴിയവെ ചിലിയൻ കവിയും സംഗീതജ്ഞനും ഗായകനുമായ വിപ്ലവകാരി വിക്ടർ ഹാറ കുറിച്ച വരികൾ ഹിംസാത്മക ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റ ഉപോൽപന്നങ്ങളായ വെറുപ്പും വിദ്വേഷവും വിതച്ചു കൊണ്ടുള്ള സങ്കുചിതവും ശത്രുതാപരവുമായ വംശീയ ഏകാധിപത്യ മൂല്യങ്ങളെയാണ് വെളിപ്പെടുത്തുന്നത്.

മനുഷ്യത്വവിരുദ്ധതയുടെ ആദർശസൂക്തങ്ങളിലൂന്നിയുള്ള ഫാസിസ്റ്റ് അധികാരം സൃഷ്ടിച്ച് വികസിപ്പിച്ചെടുത്ത മണിപ്പൂർ കലാപം ഇടവേളക്ക്‌ വീണ്ടും ശക്തമാവുകയാണ്. സാമൂഹ്യവും സ്വത്വ പരവുമായ ഗോത്ര വിഭാഗങ്ങളുടെ അവകാശത്തർക്കത്തെ ജനാധിപത്യ പരമായും ബഹു സ്വരതയുടെ സത്തയിലൂന്നിയും അഭിമുഖീകരിക്കുന്നതിന് പകരം വർഗ്ഗീയതയുടെ മാനം നൽകി ക്രിസ്ത്യൻ വിരുദ്ധ സംഘർഷമാക്കി സംഘ് പരിവാർ ഇച്ഛക്കനുസരിച്ച് മാറ്റിയെടുക്കുന്നതാണ് അക്ഷരാർത്ഥത്തിൽ നാം മണിപ്പൂരിൽ കാണുന്നത്. മുൻപ് നൂറു കണക്കിനാളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ഭവനങ്ങൾ ചാമ്പലാവുകയും നിരവധി ചർച്ചുകൾ തകരുകയും അയ്യായിരത്തോളം പേർക്ക് പാലായനം ചെയ്യേണ്ടി വരികയും കുക്കി വംശജരായ നിരവധി സ്ത്രീകളുടെ മാനം പരസ്യമായിത്തന്നെ മെയ്തി ഭീകരരാൽ പിച്ചിച്ചീന്തപ്പെടുകയും ചെയ്തിട്ടും ഇരകളെ വക വരുത്തുന്ന വേട്ടക്കാരന്റെ ലാഘവത്തോട് നിസ്സംഗത കാട്ടുകയായിരുന്നു കേന്ദ്രം.

മണിപ്പൂർ നിവാസികൾ പ്രധാനമായും മൂന്ന് സമുദായങ്ങളിൽ പെട്ടവരാണെന്ന് കാണാൻ കഴിയും. ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തികൾ ഇംഫാൽ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. നാഗന്മാരും കുക്കികളും ഉൾപ്പെടുന്ന ആദിവാസികളാകട്ടെ മലയോര ജില്ലകളിലാണ് വസിക്കുന്നത്. മെയ്തികൾ 2,000 വർഷത്തിലേറെയായി സ്ഥിരതാമസമാക്കിയ ഒരു കാർഷിക സമൂഹമായാണ് അറിയപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബ്രിട്ടീഷ് ഭരണാധികാരികൾ കുക്കികളെ മണിപ്പൂർ കുന്നുകളിൽ സ്ഥിരതാമസമാക്കാനും അവരുടെ ചുമട്ടുതൊഴിലാളികളും കൂലിപ്പടയാളികളും ആയി ജോലി ചെയ്യാനും കൊണ്ടുവരികയായിരുന്നു. ‘വിഭജിച്ച് ഭരിക്കുക’ എന്ന തങ്ങളുടെ എക്കാലത്തെയും ഹിഡൻ അജണ്ടയിലൂടെ മെയ്‌തികളും കുക്കികളും തമ്മിൽ ഭിന്നത വളർത്തിയെടുത്ത് അതിലൂടെയുള്ള രാഷ്ട്രീയ നേട്ടം മുതലെടുത്തത് തുടക്കത്തിൽ ബ്രിട്ടീഷ് ഭരണാധികാരികളാണ്. ബഹുസ്വരതയുടെ നാടായ ഭാരതം ജാതി മത വർണ വർഗ ഭാഷ ദേശ ഭേദമന്യേ നാനാത്വത്തിൽ ഏകത്വം മുറുകെപ്പിടിച്ചപ്പോൾ ഇന്ത്യയിൽ തങ്ങളുടെ അധീശത്വം സ്ഥാപിക്കാനായി ബ്രിട്ടീഷുകാർ കണ്ടെത്തിയ അപകട തന്ത്രമായിരുന്നുവല്ലോ ഭിന്നിപ്പിച്ചു ഭരിക്കൽ നയം! 1905ൽ കാഴ്‌സൺ പ്രഭു നടപ്പാക്കിയ ബംഗാൾ വിഭജനം ഇന്ത്യയിൽ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ചു അവർക്കിടയിൽ നിന്നുമുടലെടുക്കുന്ന സ്പർദ്ധയുടെ മറവിലുള്ള അധിനിവേശം ലക്ഷ്യം വെച്ചായിരുന്നു. മണിപ്പൂരിൽ സംഘ് പരിവാർ നടപ്പാക്കിയതുമതാണ്.

മെയ്‌തികളിൽ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളും അതേ സമയം കുക്കികൾ ക്രൈസ്തവരുമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത മതങ്ങളെ തങ്ങളുടെ കീഴിൽ കൊണ്ടുവരാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമായി ഇതര വിഭാഗങ്ങൾക്കെതിരായുള്ള വിദ്വേഷ പ്രചാരണം മെയ്‌തികളും കുക്കികളും തമ്മിലുള്ള മതപരമായ ഭിന്നതകളെ കൂടുതൽ രൂക്ഷമാക്കുകയായിരുന്നു എന്നതാണ് സത്യം.

മണിപ്പൂർ ഉൾപ്പെടെയുള്ള ഗോത്ര മേഖലയിൽ ഇതര വിഭാഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിച്ചു കൊണ്ട് അതിൽ നിന്ന് ഉടലെടുക്കുന്ന രാഷ്ട്രീയ സാഹചര്യം സമർത്ഥമായി മുതലെടുക്കുകയായിരുന്നു കേന്ദ്ര ഭരണ കൂടം. എന്നാൽ അശുഭകരമായ ഈ സാഹചര്യം കൂടുതൽ അപകടകരമാകുന്നതിലേക്ക് നയിച്ച മറ്റ് കാരണങ്ങളും മണിപ്പൂരുമായി ബന്ധപ്പെട്ട് പറയേണ്ടതുണ്ട്. പരിസ്ഥിതി ലോലമായ മലയോര മേഖലകളിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ ബിജെപി സർക്കാർ 2023 ഫെബ്രുവരിയിൽ കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചതോടെയാണ് സംഘർഷം ആരംഭിക്കുന്നത്. എന്നാൽ, കുക്കികളുടെ വാദം 1000-ത്തിലധികം ആളുകൾ വീതമുള്ള 38 ഗ്രാമങ്ങൾ കഴിഞ്ഞ 50 ലേറെ വർഷങ്ങളായി ഇവിടെ നിലനിൽക്കുന്നുണ്ടെന്നായിരുന്നു.

വനസംരക്ഷണത്തിന്റെയും കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നതിന്റെയും പേരിൽ നടത്തുന്ന കുടിയൊഴിപ്പിക്കലുകൾ ഉപജീവനത്തിനായി കുന്നുകളെ ആശ്രയിക്കുന്ന ആളുകൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും വഴിയുണ്ടാക്കാതെ അപ്രകാരം ചെയ്യുന്നത് അനീതിയുടെ ആഴം വർദ്ധിപ്പിക്കുന്നുവെന്ന വിലയിരുത്തൽ പൊതുവെ ഉണ്ടായി. വിഷയം പാർട്ടിക്കകത്ത് ഉന്നയിക്കാനും പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിൽ മാറ്റം ആവശ്യപ്പെടാനും ഭരണകക്ഷിയായ ബിജെപിയുടെ ചില ഗോത്രവർഗ എംഎൽഎമാർ ശ്രമിച്ചു.

2023 മാർച്ചിൽ, ആദിവാസികളുടെ ഭൂമി കയ്യേറിയെന്നാരോപിച്ച് കുക്കി ജനത നടത്തിയ പ്രതിഷേധ റാലിയിൽ കാങ്പോപ്പിയിൽ സംഘർഷം ഉടലെടുത്തതിനെത്തുടർന്ന് മാർച്ച് 11 ന് ബിജെപി നയിക്കുന്ന സംസ്ഥാന ഗവൺമെന്റ് ത്രികക്ഷി ചർച്ചകളിൽ നിന്ന് പിന്മാറിക്കൊണ്ട് കുക്കികൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുകയും രണ്ട് സായുധ രാഷ്ട്രീയ ഗ്രൂപ്പുകളായ കുക്കി നാഷണൽ ആർമി, സോമി റെവല്യൂഷണറി ആർമി എന്നിവയുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ കരാർ പിൻവലിക്കുകയും ചെയ്തു.ആദിവാസി സംഘടനകൾ വനം കയ്യേറ്റക്കാരെ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുകയാണെന്നും റാലിക്ക് സംഘടനകളുടെ പിന്തുണയുണ്ടെന്നും സർക്കാർ പറഞ്ഞു. ആദിവാസികളുടെ ഉടമസ്ഥതയിലുള്ള വനഭൂമി ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുക, വനവാസികളായ പാവപ്പെട്ട ജനങ്ങളെ കുടിയൊഴിപ്പിക്കുക, വനം ഉപയോഗപ്പെടുത്തി വൻ ലാഭം കൊയ്യാൻ കുത്തകകൾക്കും ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്കും അവസരമൊരുക്കുക എന്നീ ലക്ഷ്യത്തോടെയുള്ള സർക്കാരിന്റെ പ്രഖ്യാപിത നയത്തിനനുസൃതമായി ആദിവാസി കുന്നുകളിലെ വനഭൂമി ഇനിമുതൽ സർക്കാരിന്റെ ഉടമസ്ഥതയിൽവരുമെന്ന പ്രഖ്യാപനം ഗവണ്മെന്റ് നടത്തി. ഗോത്രവർഗ കുക്കികൾ അത്തരമൊരു പ്രഖ്യാപനത്തിൽ രോഷാകുലരായിരുന്നു. തങ്ങളെ വീടുകളിൽ നിന്നും കുടിയൊഴിപ്പിക്കുക മാത്രമല്ല, മൊത്തത്തിൽ നിർമ്മൂലനം ചെയ്യാനുള്ള ഭരണ കൂട ഗൂഢാലോചന നടക്കുകയാണെന്ന് അവർ വിശ്വസിച്ചു.

മെയ്‌തി -കുക്കി വിഭാഗങ്ങൾക്കിടയിൽ ചരിത്രപരമായ സംഘർഷം 90 കളുടെ തുടക്കം മുതൽ നില നിൽക്കുന്നുണ്ട്. ‘സ്വാതന്ത്ര്യത്തിന്റെ ഭൂമി’ അഥവ സാലെൻ ഗാം(Zale’n gam) എന്ന് വിശേഷിപ്പിക്കുന്ന അവരുടെ മാതൃരാജ്യം സ്ഥാപിച്ചു കിട്ടണമെന്ന ആവശ്യവുമായി നിരന്തര പോരാട്ടത്തിന്റെ പാതയിലാണ് കുക്കികൾ. കുക്കികളുടെ അധിവാസപ്രദേശ(കുക്കിലാൻഡ്)ത്തിന്റെ വലിയൊരു ഭാഗവും ‘നാഗാലിമു’മായി (ഗ്രേറ്റർ നാഗാലാൻഡ് എന്ന പേരിൽ നാഗകൾ ആവശ്യമുന്നയിക്കുന്ന സ്വതന്ത്രനാട്) ചേർന്നു കിടക്കുന്നതാണെന്നും കാണാൻ കഴിയും. തൽഫലമായി നാഗകളുമായുള്ള സംഘർഷത്തിന്നാണ് 90 കളിൽ കുക്കികൾ ആയുധമെടുക്കുന്നത്. മണിപ്പൂർ രാജവംശവും ഇന്ത്യൻ യൂണിയൻ സർക്കാരും തമ്മിൽ 1949 ൽ ഒപ്പ് വച്ച ലയന കരാറിൽ തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന ആരോപണവും കുക്കികൾക്കുണ്ട്. ഗോത്ര സമുദായങ്ങൾക്കുള്ളതു പോലെയുള്ള പ്രത്യേക അവകാശങ്ങൾ തങ്ങൾക്കും ലഭ്യമാകുന്നതിന്റെ ഭാഗമായി പട്ടികവർഗപദവി ലഭിക്കണമെന്ന മെയ്തി വിഭാഗത്തിന്റെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

സംവരണ ആവശ്യം ഉന്നയിച്ച് ‘ഷെഡ്യൾഡ് ട്രൈബ് ഡിമാൻറ്​ കമ്മിറ്റി’യുണ്ടാക്കി കാലങ്ങളായി അവർ പ്രക്ഷോഭ രംഗത്തുമാണ്.
1949 ൽ മണിപ്പൂർ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനുമുമ്പ് തങ്ങൾ പട്ടികവർഗക്കാരായിരുന്നുവെന്നാണ് ഇവർ പറയുന്നത്. (മെയ്‌തി വിഭാഗത്തിന് ഇപ്പോൾ പട്ടികജാതി- ഒ.ബി.സി സംവരണവുമുണ്ട്​). 2023 ഏപ്രിലിൽ മണിപ്പൂർ ഹൈക്കോടതി പട്ടികവർഗപദവി ലഭ്യമാകുന്ന വിഷയത്തിൽ മെയ്‌തികൾക്കനുകൂലമായ വിധി പുറപ്പെടുവിക്കുകയും നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ സർക്കാരിനു നിർദേശം നൽകുകയും ചെയ്‌തു. എന്നാൽ മെയ്തി വിഭാഗത്തിന്റെ ഈ ആവശ്യത്തിനെതിരെ ഗോത്രസമുദായങ്ങളൊന്നടങ്കം പ്രതിഷേധമുയർത്തുകയും എസ്‍ടി പദവി നൽകാനുള്ള മണിപ്പൂർ ഹൈക്കോടതി ഉത്തരവിനെതിരെ ‘ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ ‘ മെയ് 3ന് ജില്ലകളിൽ ഐക്യദാർഢ്യ മാർച്ച് നടത്തിയതിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്യുകയായിരുന്നു. ചുരചന്ദൻപൂർ ജില്ലയിലെ ടോർബംഗിലെ മെയ്‌തി സെറ്റിൽമെന്റിൽ ആയുധ ധാരികൾ ആക്രമണം നടത്തുകയും പ്രദേശ വാസികളുടെ വീടുകൾ അഗ്നിക്കിരയാക്കുകയും നിരവധി ആളുകളെ പാലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ശേഷം കുക്കി സായുധ സംഘങ്ങൾ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് താഴേക്കിറങ്ങി മെയ്‌തി ഗ്രാമങ്ങൾക്ക് നേരെ ആക്രമണമഴിച്ചു വിടുകയും അതേ തുടർന്ന് മെയ്‌തി സംഘങ്ങൾ ഇംഫാൽ പ്രദേശത്തെ കുക്കി സെറ്റിൽമെന്റുകൾ ലക്ഷ്യമിട്ട് കനത്ത പ്രത്യാക്രമണം നടത്തുകയും സമസ്ത നിയമങ്ങളെയും കാറ്റിൽപ്പറത്തി വർഗീയ ക്രിമിനലുകൾക്കൊപ്പം ഭരണകൂട സംവിധാനങ്ങളും സംഘടിതാക്രമണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

മണിപ്പൂരിൽ സാമ്പത്തികമായും സാമൂഹികമായും മേധാവിത്വം പുലർത്തുന്ന വിഭാഗം മെയ്‌തികളാണ്. കലാപ സമയത്ത് സംസ്ഥാന നിയമസഭയിൽ ആകെയുള്ള 60 എംഎൽഎമാരിൽ 40 പേരും മെയ്‌തി വിഭാഗത്തിൽ നിന്നായിരുന്നുവെന്നത് അവരുടെ അധികാരശക്തിയും സ്വാധീനവും വിളിച്ചോതുന്നു. മ്യാൻമാറിൽ നിന്നും വൻതോതിലുള്ള കുടിയേറ്റം ഒഴിപ്പിക്കാനെന്ന പേരിലുള്ള സർക്കാർ നടപടികൾ തങ്ങളെ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നതിന്റെ പ്രതിഷേധം ഒരു ഭാഗത്ത്‌ നിലനിൽക്കെ ഇപ്പോൾ തങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഷെഡ്യൂൾ ട്രൈബ് ഗണത്തിൽ മെയ്‌തികളെയും ഉൾപ്പെടുത്തുന്നത് തങ്ങളുടെ സംരക്ഷിത മേഖലകളായ മലയോരങ്ങളിലേക്ക് കടന്നുവരാൻ അവർക്ക് സഹായകരമാകുമെന്ന ആശങ്ക കുക്കികൾക്കുണ്ടായിരുന്നു.

ഭൂരിപക്ഷ മെയ്തി വിഭാഗങ്ങളെ മുന്നിൽ നിർത്തിക്കൊണ്ട് ഗോത്ര വിഭാഗങ്ങളിൽ നുഴഞ്ഞു കയറി തീവ്ര വാദ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും ‘കുക്കി ഭീകര സംഘ’ങ്ങളും നിയമ വിരുദ്ധ ‘ബർമീസ് കുടിയേറ്റ’ക്കാരും ചേർന്നുള്ള ‘ഹൈന്ദവ ഉന്മൂലന’ അജണ്ടയെന്ന വ്യാപക പ്രചാരണത്തിൽ നിന്നുമുടലെടുക്കുന്ന ഹൈന്ദവ ഏകീകരണത്തെയും അനന്തരമുള്ള പ്രതിരോധത്തെയും സമർത്ഥമായി ഉപയോഗിച്ച് കൊണ്ടുള്ള രാഷ്ട്രീയത്തെയാണ് മണിപ്പൂരിൽ കാണാൻ കഴിയുന്നത്. കഴിഞ്ഞ വർഷം ഇംഫാലിലെ മണിപ്പൂർ യൂണിവേഴ്സിറ്റിയുടെ മെയിൻ ഗേറ്റിൽ നിന്ന് ഒരു അക്രമി, താൻ കുക്കി വിഭാഗത്തിൽ പെട്ടവരെ ആക്രമിക്കാൻ പോവുകയാണെന്നാക്രോശിക്കുന്ന വീഡിയോ ആസൂത്രിതമായിത്തന്നെ സൃഷ്ടിച്ച കലാപത്തിന്റെ തെളിവുകളിലേക്ക് വിരൽ ചൂണ്ടിയിരുന്നു. പൗരന്മാർക്കിടയിൽ വിഭജനം സൃഷ്ടിച്ച് തങ്ങൾക്കനുകൂലമായ ഭൂരിപക്ഷ ഏകീകരണം ഉണ്ടാക്കുകയെന്ന പതിവ് തന്ത്രം ഇവിടെയും സമർത്ഥമായി പയറ്റുകയായിരുന്നു സംഘ് പരിവാർ.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares