Sunday, November 24, 2024
spot_imgspot_img
HomeOpinionസർക്കിൾ ഇൻസ്പക്ടറെ 'വൃത്ത പരിശോധകൻ' എന്ന് വിളിക്കേണ്ടി വരുമോ!, ചില മാതൃഭാഷാ ചിന്തകൾ

സർക്കിൾ ഇൻസ്പക്ടറെ ‘വൃത്ത പരിശോധകൻ’ എന്ന് വിളിക്കേണ്ടി വരുമോ!, ചില മാതൃഭാഷാ ചിന്തകൾ

1977 ൽ കേരള നിയമ സഭയിൽ ബില്ലുകൾ മലയാളത്തിൽ അവതരിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഒരു സ്വകാര്യ പ്രമേയം അവതരിപ്പിക്കുന്നു.
അവതാരകൻ ലോനപ്പൻ നമ്പാടനോട്‌ അന്ന് നിയമ സഭ അംഗമായിരുന്ന വയലാർ രവി ഫലിത രൂപത്തിൽ ചോദിക്കുകയുണ്ടായി

“ഈ ബില്ല് നിയമമായി കഴിഞ്ഞാൽ ‘സർക്കിൾ ഇൻസ്‌പെക്ട’റെ ‘വൃത്ത പരിശോധകൻ’ എന്ന് വിളിക്കേണ്ടി വരുമോ?

നമ്പാടൻ മാഷിന്റെ മറുപടി

“വേണ്ട, ബില്ല് നിയമമായി മാറിയാലും ബഹുമാനപ്പെട്ട മെമ്പർ സ്വന്തം ഭാര്യയെ ‘കരുണ’ എന്നോ ‘ദയ’ എന്നോ വിളിക്കേണ്ടി വരില്ല. ഇപ്പോൾ വിളിക്കുന്ന പേര് തന്നെ വിളിച്ചാൽ മതിയാകും”
(വയലാർ രവിയുടെ ഭാര്യയുടെ പേര് മേഴ്‌സി എന്നായിരുന്നുവല്ലോ!)

1928 ലാണ് കൊച്ചി നിയമ സഭയിലേക്ക് സഹോദരൻ അയ്യപ്പൻ തെരഞ്ഞെടുക്കപ്പെടുന്നത്. നിയമ സഭയിലെ ആദ്യ മലയാള പ്രസംഗത്തിന്റെ ഉടമയും അദ്ദേഹമായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാത്തതിന്റെ കാരണമാരാഞ്ഞ ദിവാൻജിയുടെ ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം ‘ബോംബ് മലയാളത്തിൽ ആണെങ്കിലും ബോംബാണല്ലോ ‘ എന്നായിരുന്നു.

മലയാള ഭാഷയുടെ അക്കാദമികവും ഔദ്യോഗികവുമായ നില നിൽപ്പുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ഗൗരവകരമായ ചർച്ചകളും ആശയ പരമായ സംവാദങ്ങളും വർത്തമാന കേരളത്തിൽ സജീവമായി ഉയർന്നു വരുന്നുണ്ട്. ശ്രേഷ്ഠ ഭാഷ തലയെടുപ്പോടെ നില കൊള്ളുന്ന സംസ്ഥാനത്ത് ഭരണ കൂട നയങ്ങളെ പോലും കാറ്റിൽ പറത്തിക്കൊണ്ടുള്ള പി എസ് സി യുടെ ഗൂഢ നീക്കങ്ങൾക്കെതിരെ ഐതിഹാസികമായ പോരാട്ടങ്ങൾക്ക് ഈയിടെ സാക്ഷ്യം വഹിച്ചിരുന്നു കേരളം. മാതൃ ഭാഷയിലുള്ള ഉറച്ച ധാരണയുടെയും അവബോധത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം പ്രാഥമിക വിദ്യാഭ്യാസമെന്ന സാമാന്യ ബോധത്തെ വെല്ലുവിളിച്ചു കൊണ്ട് കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ലോവർ പ്രൈമറി അപ്പർ പ്രൈമറി ക്ലാസ്സുകളിലേക്കായുള്ള എഴുത്തു പരീക്ഷയുടെ സിലബസ്സിൽ നിന്നും മലയാള ഭാഷയെ പൂർണ്ണമായും തഴയുന്നതിന്നെതിരെയുള്ള പ്രക്ഷോഭങ്ങളും നാം കാണുകയുണ്ടായി.

പ്രൈമറി ക്ലാസ്സുകളിലെ മലയാളം പാഠ പുസ്തകങ്ങളിൽ മലയാളം അക്ഷര മാലകളുടെ അഭാവവുമായി ബന്ധപ്പെട്ട് കൊണ്ട് രൂപപ്പെട്ട് വന്ന പ്രതിഷേധങ്ങളും സമാനതകളില്ലാത്തതായിരുന്നു. ഐക്യ കേരളപ്പിറവിയെ തുടർന്ന് അധികാരത്തിൽ വന്ന ഇ എം എസ് സർക്കാർ ഭരണഭാഷ വിഷയത്തിൽ ക്രിയാത്മകമായി ഇടപെടുകയും പ്രസ്തുത വിഷയം സമഗ്രമായി പഠിക്കുന്നതിനായി 1957 ഓഗസ്റ്റ് 31 ന് കോമാട്ടിൽ അച്യുത മേനോൻ അധ്യക്ഷനായുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ജനങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി നടത്തുന്ന ജനങ്ങളുടെ ഭരണം ജനങ്ങളുടെ ഭാഷയിലായിരിക്കണമെന്ന് നിഷ്കർഷിച്ച പ്രസ്തുത കമ്മിറ്റി ഭരണ ഭാഷ മലയാളമാക്കുന്നതിനായുള്ള പ്രാരംഭ നടപടികൾ 1958 ഓഗസ്റ്റ് 16 ന് പുറത്തു വിട്ട റിപ്പോർട്ടിൽ നിർദേശിക്കുകയും ചെയ്തു. ഏറെ താമസിയാതെ തന്നെ ഭരണഭാഷ പൂർണ്ണമായും മലയാളമാക്കുക എന്നത് സർക്കാർ നയമായി പ്രഖ്യാപിക്കപ്പെട്ടു.

1965 ൽ ഭരണ ഭാഷാ മാറ്റ നടപടിക്രമങ്ങൾ പ്രായോഗിക തലത്തിലെത്തുകയും 1969 ൽ കേരള ഔദ്യോഗിക ഭാഷാ ആക്ട് പാസാക്കുകയും പ്രസ്തുത നിയമം 1973 ൽ ഭേദഗതി നടത്തി ‘ കേരള ഔദ്യോഗിക ഭാഷകൾ ‘ എന്ന് പുനർ നാമകരണം നടത്തുകയും ചെയ്തു. തൽഫലമായി മലയാളവും ഇംഗ്ലീഷും ഔദ്യോഗിക ഭാഷകളായി അംഗീകരിക്കപ്പെട്ടു. വിവിധ സർക്കാർ വകുപ്പുകളിൽ മലയാളം ഔദ്യോഗിക ഭാഷയാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് അധികാരം നൽകുന്ന 1(B) വകുപ്പും കേരളത്തിലെ ന്യൂനപക്ഷ ഭാഷകളായ തമിഴിനും കന്നടക്കും പരിരക്ഷ ഏർപ്പെടുത്തിക്കൊണ്ടുള്ള 3:10 വകുപ്പും നിയമത്തിൽ വ്യവസ്ഥ ചെയ്യുകയുമുണ്ടായി. 1971 മുതൽ സെക്രട്ടറിയേറ്റിൽ ഔദ്യോഗിക ഭാഷ വിഭാഗത്തിന്റെ പ്രവർത്തനമാരംഭിച്ചിരുന്നു. 1983 ൽ മലയാളത്തിൽ എഴുതുന്ന ഫയലുകൾ ഇംഗ്ലീഷിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

1984 ലെ മറ്റൊരു ഉത്തരവ് പ്രകാരം സർക്കാർ കാര്യാലയങ്ങളിൽ നിത്യേന ഉപയോഗിക്കുന്നതും സംസ്ഥാനത്തിനുള്ളിലെ ആവശ്യങ്ങൾക്ക് മാത്രമുള്ളതുമായ അപേക്ഷ പത്രങ്ങൾ മലയാളത്തിൽ മാത്രമേ അച്ചടിക്കാവൂ എന്ന് നിഷ്കർഷിക്കുകയുണ്ടായി. ഹൈക്കോടതിയുടേയും കീഴ്ക്കോടതികളുടേയും നടപടികൾ മലയാളത്തിലാക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ജസ്റ്റിസ് നരേന്ദ്രനെ അധ്യക്ഷനാക്കിക്കൊണ്ട് 1985 ൽ കമ്മിറ്റിയെ നിയോഗിക്കുകയും 1987 ലെ പ്രസ്തുത കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കീഴ്‌ക്കോടതികളിലെ ഔദ്യോഗിക ഭാഷ മലയാളമാക്കി ഉത്തരവിറക്കുകയും ചെയ്തു. 1999 മുതൽ സർക്കാർ ജീവനക്കാരിൽ ഭാഷാഭിമുഖ്യo ലക്ഷ്യമിട്ട് കൊണ്ടുള്ള ഔദ്യോഗിക ഭാഷാ പരിശീലന പരിപാടികൾക്ക് രൂപം നൽകുകയും 2002 മുതൽ നവംബർ 1 മലയാള ദിനമായും 1 മുതൽ 7 വരെ ഭരണഭാഷാ വാരമായും സർക്കാർ തലത്തിൽ ആചരിച്ചു വരുന്നു.

2015 ഡിസംബർ 17 ന് മലയാള ഭാഷ ബിൽ കേരള നിയമ സഭ ഐക്യ കണ്ഠേന പാസ്സാക്കി. പ്രസ്തുത സർക്കാരിന്റെ നിയമ വകുപ്പ് 2016 ഫെബ്രുവരി 11 ന് രാഷ്ട്ര പതിയുടെ അംഗീകാരം ആവശ്യമാണെന്ന ശുപാർശയോടെ ഗവർണ്ണർക്ക് ബില്ലയച്ചു. 2017 മെയ്‌ 1 മുതൽ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ മലയാളമാക്കുകയും നിയമപരമായി ഇംഗ്ലീഷിനെയും ന്യൂനപക്ഷ ഭാഷകളെയും സ്വീകരിക്കേണ്ട സാഹചര്യങ്ങളിലൊഴികെയുള്ള എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കേണ്ടത് മലയാളമായിരിക്കണമെന്ന് നിഷ്കർഷിക്കുകയും ചെയ്തു. മാതൃ ഭാഷ ഭരണ ഭാഷ എന്ന നയം പിൻപറ്റാത്ത സർക്കാർ ഉദ്യോഗസ്ഥർ ശിക്ഷാർഹരാണെന്ന ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ് പുറത്തു വന്നത് 2017 ഏപ്രിൽ 26 നാണ് .

ഭാഷയുടെ സജീവതയും ദൃശ്യതയും പൊതു മണ്ഡലത്തിൽ ഉറപ്പിക്കാതെയുള്ള കേവല പ്രഹസനങ്ങൾ കൊണ്ട് ഫലമുണ്ടെന്ന് തോന്നുന്നില്ല.അനുഷ്ഠാന പരമായ യാന്ത്രികതയിൽ അവസാനിക്കുന്ന മാതൃ ഭാഷാ വാരാചരണത്തിലൂടെയുള്ള പുക മറ കൊണ്ടും ഫലമില്ല. ഇവിടെ മാറേണ്ടത് നമ്മുടെ സമീപനം തന്നെയാണ്. മലയാളം മാതൃ ഭാഷയാണെന്ന് മലയാളികളെ ഓർമ്മിപ്പിക്കേണ്ട ദുരവസ്ഥയാണിന്ന്. മലയാളം സംസാരിക്കുന്നത് അപമാനമായിക്കാണുന്ന ജനത ഭാഷ കേവലം വാക്കുകളുടെ കൂട്ടം മാത്രമല്ല ഒരു ജനതയുടെ അതിജീവനത്തിന്റെയും ആത്മാഭിമാനത്തിന്റെയും കൊടിയടയാളം കൂടിയാണെന്നത് മറക്കുന്നു. ഭരണത്തിലും പഠനത്തിലും പലപ്പോഴും മലയാളത്തെ തിരസ്കരിക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് സാങ്കേതിക പദങ്ങളുടെ അഭാവമാണ്. ചില പദങ്ങൾക്ക് തത്തുല്യമായ മലയാള പദം കണ്ടെത്താനുള്ള ഗവേഷണം തുടങ്ങിയിട്ട് കാലമേറെയായി. പ്രസ്തുത ഗവേഷണമാണ് ദൈനം ദിന ജീവിതത്തിൽ ശരാശരി മലയാളി ഉപയോഗിക്കുന്ന ‘സ്വിച്ച്’ നെ ‘വിദ്യുച്ഛക്തി ഗമനാഗമന നിയന്ത്രണ യന്ത്ര’വും ‘ഡിമാൻഡ് ‘ നെ ‘ചോദന’ വുമാക്കി സങ്കീർണ്ണമാക്കുന്നത്.

അന്യ ഭാഷകളിൽ നിന്നും വാക്കുകൾ കടമെടുത്ത് കൊണ്ട് തന്നെയാണ് ഭാഷകൾ വളരുന്നതെന്നിരിക്കെ സാങ്കേതിക പദങ്ങളെ മാറ്റമില്ലാതെ സ്വീകരിക്കാൻ തയ്യാറാവുകയാണ് വേണ്ടത്. ഭാഷ മാറുമ്പോൾ ‘മേഴ്‌സി’ യെ ‘കരുണ’ എന്ന് മാറ്റേണ്ടതില്ലെന്ന് നമ്പാടൻ മാഷ് ഓർമ്മിപ്പിച്ചത് ശ്രദ്ധേയം.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares