കൊച്ചി: വിദ്യാർഥിനികൾക്കു ആർത്തവ അവധി അനുവദിക്കാൻ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്). ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യമാണ് വിദ്യാർഥിനികൾക്കുണ്ടാകുക. ഉത്തരവ് നടപ്പിലാക്കാൻ സാധിച്ചാൽ കേരളത്തിൽ ആദ്യമായി ആർത്തവ അവധി നടപ്പാക്കുന്ന സർവകലാശാലയായി കുസാറ്റ് മാറും.
സെമസ്റ്റർ പരീക്ഷ എഴുതാൻ നിർബന്ധമായ 75 ശതമാനം ഹാജരിലാണ് ഇളവ്. 75ശതമാനത്തിൽ കുറവ് ഹാജരുള്ളവർ വൈസ് ചാൻസലർക്ക് അപേക്ഷ നൽകി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതാണ് നിലവിലുള്ള പതിവ്. എന്നാൽ ആർത്തവ അവധിക്ക് പെൺകുട്ടികൾക്ക് ഹാജർ ഇളവിന് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട, പകരം അപേക്ഷ മാത്രം നൽകിയാൽ മതി.