ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. പകരം സാംസ്കാരിക വകുപ്പ് ഡയറക്ടറെയും കേസിൽ കക്ഷിച്ചേർക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയ സംവിധായകൻ വിനയനെയും ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകൾ നടത്തിയ നേമം പുഷ്പരാജ്, ജെൻസി ഗ്രിഗറി എന്നീ ജൂറിയംഗങ്ങളേയും കേസിൽ കക്ഷിചേർക്കും.
അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയങ്ങളിൽ സർക്കാരിന്റെ അഭിപ്രായവും കോടതി ആരാഞ്ഞിട്ടുണ്ട്. ചലച്ചിത്ര അവാർഡുകൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചെങ്കിലും അവാർഡ് വിതരണത്തിനു മുന്നോടിയായി തന്നെ സർക്കാർ വിശദീകരണവും കക്ഷി ചേർത്ത വ്യക്തികളുടെ വാദവും കേട്ടശേഷം മാത്രമായിരിക്കും തീരുമാനമെടുക്കുക. ഈ കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കോടതി വീണ്ടും വാദം കേൾക്കും. കേസുമായി ബന്ധപ്പെട്ട് കോടതി തന്നെ രംഗത്തെത്തിയതോടെ പരാതിക്കാർക്കും പ്രതീക്ഷ നൽകിയിട്ടുണ്ട്.