തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് അരങ്ങൊരുങ്ങുന്നു. സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവജന സംഘടനയായ എഐവൈഎഫ് ജില്ലാ കമ്മറ്റിയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 11, 12 തീയതികളിലായിയാണ് കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ (കെഐഎഫ്എഫ്) നടക്കുക. ആഗസ്റ്റ് 11 ന് മലയാളത്തിലെ പ്രശസ്ത സംവിധായകൻ കമൽ കെഐഎഫ്എഫ് 2022 ന്റെ ഉദ്ഘാടനം നിർവഹിക്കും. ജബ്ബാർ പട്ടേൽ സംവിധാനം നിർവഹിച്ച ഡോ. ബാബസാഹേബ് അംബേദ്കറായിരിക്കും മേളയിൽ ആദ്യം പ്രദർശിപ്പിക്കുക.രണ്ട് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ ഇരുപതിലധികം ചിത്രങ്ങൾ പ്രദർശനത്തിനെത്തിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി തോപ്പിൽ ഭാസി നാട്യഗൃഹത്തിൽ വച്ചാണ് കെഐഎഫ്എഫിന്റെ പ്രദർശനം നടക്കുക. ചലചിത്ര മേളയ്ക്കുള്ള പ്രവേശനം പൊതുജനങ്ങൾക്ക് തീർത്തും സൗജന്യമായിരിക്കും.
ചലച്ചിത്രമേളയുടെ സമാപന ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. ചലച്ചിത്ര സംവിധായകരായ മധുപാൽ, പ്രിയനന്ദൻ, ജിബു ജേക്കബ്, ഷൈജു അന്തിക്കാട്, ചലച്ചിത്ര നടൻ സുധി കോപ്പ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, വി എസ് സുനിൽകുമാർ, പി ബാലചന്ദ്രൻ എംഎൽഎ, ടി ആർ രമേഷ്കുമാർ, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ തുടങ്ങിയവർ പങ്കെടുക്കും.
പ്രദർശന ചിത്രങ്ങൾ
SHADE, കോത്തി, തനിയെ, ബ്രാൽ, കൂടോത്രം, കാക്കാക്കെണി,CLOWN, ആലിൻ ചോട്ടിലെ തകരം മറച്ച വീട്, ഉള്ളൊരുക്കം,WORSHIP, താഹിറ, അവകാശികൾ,സമീർ, ന്യൂ നോർമൽ, കടലാഴം, മഗ്ദലന മറിയം, വറീതേട്ടൻ since 1980’s, വില്ലേജ് ക്രിക്കറ്റ് ബോയ്