എൻ അരുൺ
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്
മലയാള സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് പഠിച്ച് ഹേമ കമ്മിറ്റി പുറത്തു വിട്ട റിപ്പോർട്ട് കേരളത്തിൽ വ്യാപകമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴി വെച്ചിരിക്കുകയാണ്. ചരിത്രപരമായി നിലനിന്നിരുന്ന സാംസ്‌കാരിക വിനിമയങ്ങളെയൊന്നടങ്കം അപ്രസക്തമാക്കിക്കൊണ്ട് സാമൂഹ്യ മേഖലയെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന പ്രതിലോമ പ്രവർത്തനങ്ങൾ സിനിമ രംഗത്ത് വ്യാപകമാകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. ആണ് ലിംഗസ്വത്വംകുറ്റകൃത്യങ്ങൾക്കുള്ള സ്വാഭാവിക ലൈസൻസായി മാറുന്ന സാമൂഹ്യ ചുറ്റുപാടിൽ സിനിമാഭിനയത്തിനെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സ്വസ്ഥവുമായ ഇടങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും തൊഴിലിടങ്ങളിൽ ലൈംഗിക അധിക്ഷേപവും അധികാരപ്രയോഗം മൂലമുള്ള മാനസിക സംഘർഷവും അനുഭവിക്കേണ്ടി വരുന്നത് നിത്യ സംഭവമായി മാറുകയും ചെയ്യുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ചലച്ചിത്ര അക്കാദമി ചെയർമാന്റെയും എ.എം.എം.എ ജനറൽ സെക്രട്ടറിയുടെയും രാജിയിലേക്ക് നയിച്ചതിന് ശേഷവും കൂടുതൽ ആരോപണങ്ങളുമായി ഇരകൾ രംഗത്ത് വരികയാണ്. സിനിമയിൽ അവസരം നൽകുന്നതിനു പകരമായി ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങാൻ ആവശ്യപ്പെടുന്നത് പതിവാണെന്നും ഇതിനായി ഇടനിലക്കാർ നിരവധിയുണ്ടെന്നും വിവിധ മൊഴികൾ എടുത്തുദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്. പരാതിപ്പെട്ടാൽ സിനിമയിൽനിന്ന് പുറന്തള്ളപ്പെടുമെന്നതിനൊപ്പം ജീവന് ഭീഷണി കൂടിയുണ്ടെന്ന വെളിപ്പെടുത്തലാണ് കമ്മിറ്റിക്ക് മുന്നിൽ അഭിനേത്രികൾ നടത്തിയിരിക്കുന്നത്. സാമൂഹ്യ നവോത്ഥാനത്തിന്നുതകുന്ന വിധത്തിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന ചലച്ചിത്രസംസ്കാരത്തിനു മേൽ കളങ്കം ചാർത്തുന്ന വാർത്തകളാണ് ഓരോ ദിനവും പുറത്തു വരുന്നത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമയിലെ ലിംഗാധിഷ്ഠിത അക്രമവും സ്ത്രീ സുരക്ഷയുമടക്കം നടിമാർ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ പോലെ തന്നെ സിനിമ മേഖലയെ തകർത്തു കൊണ്ടിരിക്കുന്ന ഗുരുതരമായ മറ്റു ചില പ്രശ്നങ്ങളെ കൂടിചൂണ്ടിക്കാണിക്കുന്നുണ്ട്. അത് എല്ലാ അർത്ഥത്തിലും മലയാള സിനിമക്കും സാംസ്‌കാരിക മേഖലക്കും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്ന് കാണാൻ കഴിയും. സിനിമ മേഖലയിൽ മാഫിയ സംഘങ്ങൾ കടന്നു വരുന്നു എന്നതും ലഹരി മാഫിയ സംഘങ്ങൾ ഈ മേഖലയെ സുരക്ഷിത താവളമാക്കി മാറ്റുന്നു എന്ന തരത്തിലുമുള്ള പരാമർശങ്ങൾ റിപ്പോർട്ടിൽ വെളിപ്പെടുത്തിയത് അത്യന്തം ഗൗരവത്തോട് കൂടി തന്നെ കാണേണ്ടതുണ്ട്.
പല അധികാര സംവിധാനങ്ങളും ഇത്തരത്തിലുള്ള ചില ശക്തികളുടെ താല്പര്യാനുസരണം പ്രവർത്തിക്കുന്നതായാണ് കാണുന്നത്. അവരുടെ ഭാഗമായിക്കൊണ്ട് ഈ മേഖലയിലേക്ക് കടന്നു വരുന്ന സിനിമ സംഘടനകൾ ഇത്തരക്കാരുടെ ആജ്ഞാനുവർത്തികളായി നില കൊള്ളുകയും തങ്ങൾക്ക് അനഭിമതരായവരെയും എതിർപ്പിൻ സ്വരം ഉയർത്തുന്നവരെയും വിലക്കിയും ബഹിഷ്കരിച്ചും പ്രതിഭകളെ ഇല്ലായ്മ ചെയ്യുന്ന പ്രവണത മലയാള സിനിമയിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. മുൻ കാലങ്ങളിൽ ബോളിവുഡ് സിനിമ രംഗം ഭരിക്കുന്നത് അധോലോക സംഘമാണെന്ന വാർത്തകൾ വ്യാപകമായിരുന്നു. എന്നാൽ അത്തരം അധോലോക സംഘങ്ങൾ കേരളത്തിലും സജീവമാണെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ നമുക്ക് മനസ്സിലാകുന്നത്.
ഇതിന് മുൻപും പല ഘട്ടങ്ങളിലും സമാന രീതിയിലുള്ള പരാതികൾ സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുണ്ട്. കൊടും കുറ്റവാളി- ലഹരി മാഫിയ സംഘങ്ങളും കള്ളക്കടത്തുകാരും ഉൾപ്പെടെ സിനിമ മേഖലയിലേക്ക് കടന്നു വരുന്നു എന്നത് യാഥാർഥ്യമാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. പണവും അധികാരവും സ്വാധീനവും കേന്ദ്രീകരിക്കുന്ന ഒരു സ്ഥിതിവിശേഷം സിനിമയിലും നില നിൽക്കുന്നതിന്റെ പ്രതിഫലനമാണ് കാണാൻ കഴിയുന്നത്. അത് കൊണ്ട് നടിമാരുടെ വിഷയം ചർച്ച ചെയ്യുന്ന അതേ ഗൗരവത്തിൽ സിനിമയിലെ മാഫിയ സംഘങ്ങളുടെ പ്രവർത്തനങ്ങളും നോക്കിക്കാണേണ്ടതുണ്ട്.
സിനിമ മേഖല മാഫിയ സംഘങ്ങളുടെ നിയന്ത്രണത്തിലേക്ക് മാറുന്ന സാഹചര്യം സാംസ്‌കാരിക കേരളത്തിന് തീരാ കളങ്കമാണ്. ചില വ്യക്തികളെ മാത്രം കേന്ദ്രീകരിച്ചാണ് മലയാള സിനിമ നിലവിൽ പ്രവർത്തിക്കുന്നതെന്നും നിയമനിർമാണത്തിലൂടെ മാത്രമെ അതിന് അറുതി വരുത്താൻ സാധിക്കുകയുള്ളു എന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. പെൺകുട്ടികൾ അടക്കം മലയാള സിനിമയിൽ ചൂഷണത്തിനിരയാകുന്നു എന്ന വെളിപ്പെടുത്തൽ അതീവ ഗൗരവ സ്വഭാവമുള്ളതാണ്. പോക്‌സോ കേസ് അടക്കം രജിസ്റ്റർ ചെയ്യാവുന്ന മൊഴികളാണ് ഹേമകമ്മറ്റിക്ക് മുമ്പിലുളളത്.
തിരശ്ശീലക്ക് പിന്നിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും നെറികേടുകളുടെയും ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. അത് കൊണ്ട് തന്നെ സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള മുഴുവൻ ആരോപണങ്ങളെക്കുറിച്ചുമുള്ള സമഗ്രാന്വേഷണമാണ് നടക്കേണ്ടത്.
പുരോഗമന ആശയങ്ങളും രാഷ്ട്രീയ ബോധ്യങ്ങളും മലയാള സിനിമ പ്രമേയങ്ങളിൽ കഴിഞ്ഞ നാളുകളിൽ സൃഷ്ടിച്ച വിപ്ലവകരമായ പരിവർത്തനങ്ങളുടെ കടക്കൽ കത്തി വെക്കുന്ന സംഭവ വികാസങ്ങളെ വേരോടെ പിഴുതെറിയുക തന്നെ വേണം. മനുഷ്യന്റെ മൗലികതയിൽ നിന്നുത്ഭവിച്ച് സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളെയാകമാനം ചൂഴ്ന്നുനിൽക്കുന്ന നീതിബോധം ദുർബലപ്പെട്ട് പോവുകയും ചെയ്യരുത്.
അധികാര ദുർമോഹവും അഴിമതിയും മുഖ മുദ്രയാക്കിയ ഒരു സംഘം സാമൂഹ്യ പ്രതിബദ്ധതയോട് കൂടി പ്രവർത്തിക്കുന്ന വലിയൊരു വിഭാഗത്തിന് പോലും അപഖ്യാതി ഉണ്ടാക്കുകയാണ് നിലവിൽ ഉയർന്നു വന്നിട്ടുള്ള എല്ലാ വിഷയങ്ങളുടെയും അടിസ്ഥാന കാരണം സിനിമ രംഗത്തെ മാഫിയ വത്കരണം തന്നെയാണ്. മാഫിയ സംഘത്തിന്റെ സ്വൈര്യ വിഹാര കേന്ദ്രമായി സിനിമ മേഖല മാറിയതോട് കൂടി ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത ശക്തിയായി ഒരു വിഭാഗം വളർന്നു വന്ന് വലിയ അരാജകാവസ്ഥ ഇവിടെ ഉടലെടുത്തിരിക്കുകയാണ്. അതിന് അടിയന്തിരമായി പരിഹാരം കാണുകയാണ് വേണ്ടത്.
അധികാരങ്ങളും ലഭ്യമായ മറ്റു സംവിധാനങ്ങളും സ്വകാര്യ സ്വത്തായി കാണുകയും സ്വാർത്ഥ താല്പര്യങ്ങൾക്കായി അത്തരം സംവിധാനങ്ങളെ
ഒരുക്കിയെടുക്കുന്നതിനുമായുള്ള തന്ത്രങ്ങൾ മെനയുകയാണ് മൂല്യ ച്യുതി സംഭവിച്ച ചില നേതൃത്വങ്ങൾ. അതിന്റെ പരിണിത ഫലമാണ് ഇന്ന് മലയാള സിനിമയുമായി ബന്ധപ്പെട്ട് കേട്ടു കൊണ്ടിരിക്കുന്ന അശുഭകരമായ വാർത്തകൾ. സങ്കുചിത കാഴ്ചപ്പാട് പുലർത്തുന്ന സംഘടനകളോ സ്വകാര്യ എജൻസികളോ അല്ലാതെ സർക്കാർ നിയന്ത്രണത്തിൽ സിനിമ രംഗത്തെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയാനുമുള്ള സംവിധാനം അടിയന്തിരമായി രൂപീകരിക്കേണ്ടതുണ്ട്. ഏത് മേഖലകളിലും അവമതിപ്പ് സൃഷ്ടിക്കുന്ന ഒരു ന്യൂനപക്ഷമുള്ളത് പോലെ തന്നെ സിനിമ മേഖലയിലും അത്തരക്കാർ സ്വാഭാവികമാണ്. കള്ള നാണയങ്ങൾ തുറന്നു കാട്ടപ്പെടുക തന്നെ വേണം. എന്നാൽ പൊയ്‌മുഖങ്ങളെ തിരിച്ചറിഞ്ഞുള്ള ശുദ്ധി കലശത്തിന് പകരം സിനിമ പ്രവർത്തകരെയൊന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തുന്നതും താറടിക്കുന്നതും ഉചിതമല്ല.