വിജയവാഡ: സമൂഹത്തെ മാറ്റാനുള്ള വഴിയാണ് കമ്മ്യൂണിസമെന്ന് ചലച്ചിത്ര നിർമ്മാതാവ് തമ്മാറെഡ്ഡി ഭരദ്വാജ. സിപിഐ 24-ാമത് ദേശീയ കോൺഗ്രസിനോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയവാഡ ഹനുമന്തരായ ലൈബ്രറിയിൽ ആന്ധ്രപ്രദേശ് പ്രജനനാട്യമണ്ഡലി ട്രഷറർ ആർ. പിച്ചയ്യയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചലച്ചിത്രമേഖലയ്ക്ക് നിരവധി കലാകാരന്മാരെ നൽകിയതിന്റെ ബഹുമതി പ്രജനനാട്യമണ്ഡലത്തിനാണെന്ന് ഭരദ്വാജ അഭിപ്രായപ്പെട്ടു.
ചലച്ചിത്രമേഖലയ്ക്ക് കലാകാരന്മാരെയും കലാരൂപങ്ങളെയും നൽകിയ പീപ്പിൾസ് തിയറ്റർ കൗൺസിലിന് പൂർണ പിന്തുണ നൽകണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ആഗ്രഹിക്കുന്നു. ഈ മാസം 14ന് ആരംഭിച്ച പാർട്ടി കോൺഗ്രസിനു മുന്നോടിയായി നടന്ന പ്രൗഢഗംഭീര പ്രകടനത്തിലെ ചെങ്കടൽ കണ്ടാൽ ‘എവരു രാ കൂശനി കമ്മ്യൂണിസം’ എന്നു തുടങ്ങുന്ന സിനാരെ ഗാനത്തിന്റെ അർത്ഥം മനസ്സിലാവുമെന്ന് അതിഥിയായെത്തിയ മറ്റൊരു ചലച്ചിത്ര ഗാനരചയിതാവും നടനുമായ സഞ്ജീവി അഭിപ്രായപ്പെട്ടു. കൃഷ്ണ നദിയേക്കാൾ ചൂടേറിയതാണെന്നാണ് ചെങ്കടലായി തീർന്ന ആ റാലിയെന്ന് അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ പീപ്പിൾസ് തിയറ്റർ കൗൺസിലിൽ നല്ലൊരു നാടകം അവതരിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐപിടിഎ ദേശീയ സെക്രട്ടറി ഗനി, ആന്ധ്രപ്രദേശ് പ്രജനനാട്യമണ്ഡലം പ്രസിഡന്റ് ചന്ദ്രനായക്, ജനറൽ സെക്രട്ടറി ചിന്നം പെൻഹലയ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എ.പി.പ്രജാ നാട്യമണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് ഗുരപ്പയ്ക്ക് ആശംസകൾ അർപ്പിച്ചു.