ബംഗളൂരു: കർഷക ആത്മഹത്യയെ വഖഫ് ബോർഡുമായുള്ള ഭൂമി തർക്കവുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തേജസ്വി സൂര്യക്കൊപ്പം ചില കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസെടുത്തതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
തൻ്റെ ഭൂമി വഖഫ് ബോർഡ് കൈയേറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഹാവേരി ജില്ലയിലെ ഒരു കർഷകൻ ആത്മഹത്യ ചെയ്തുവെന്ന് ബംഗളൂരു സൗത്ത് എം.പിയായ തേജസ്വി സൂര്യ കന്നഡ ന്യൂസ് പോർട്ടലുകൾ ഉദ്ധരിച്ച് പറഞ്ഞിരുന്നു. തുടർന്ന് തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ബിജെപി എംപി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസ് എടുക്കുകയായിരുന്നു.