Friday, April 4, 2025
spot_imgspot_img
HomeOpinionആവേശ്വജലം ആ ഓർമ്മകൾ: വിദ്യാർത്ഥി ഫെഡറേഷന്റെ ആദ്യ സംസ്ഥാന സമ്മേളനം

ആവേശ്വജലം ആ ഓർമ്മകൾ: വിദ്യാർത്ഥി ഫെഡറേഷന്റെ ആദ്യ സംസ്ഥാന സമ്മേളനം

വി.എന്‍.അച്ചുതക്കുറുപ്പ്

കേരള രൂപീകരണത്തിനുശേഷം തിരു-കൊച്ചി വിദ്യാര്‍ത്ഥി ഫെഡറേഷന്റെയും മലബാര്‍ ഐക്യ വിദ്യാര്‍ത്ഥി സംഘ‍ടനയുടെയും സംയുക്ത സമ്മേളനം ചേര്‍ന്ന് കേരള വിദ്യാര്‍ത്ഥി ഫെഡറേഷന്‍ രൂപീകരിച്ചു. കെ.എസ്.എഫിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി.എന്‍.അച്ചുതക്കുറുപ്പ് 1956 നവബര്‍ 24-നു പ്രസിദ്ധീകരിച്ച നവയുഗത്തിലെഴുതിയ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.

ആ രണ്ട് വാർഷിക യോഗങ്ങൾ കഴിഞ്ഞിട്ടു വർഷം ഒന്ന് തികഞ്ഞിട്ടില്ല. കഴിഞ്ഞ നവംബറിലാണ് കൊല്ലത്തു വെച്ചു തിരു-കൊച്ചി വിദ്യാർത്ഥി ഫെഡറേഷന്റേയും രാമനാട്ടുകര വെച്ചു മലബാർ ഐക്യ വിദ്യാർത്ഥി സംഘടനയുടേയും വാർഷിക സമ്മേളനങ്ങൾ നടന്നത്. അതിനു ശേഷം നിർണ്ണായകങ്ങളായ പല സംഭവവികാസങ്ങളും ഈ രാജ്യത്തുണ്ടായി. കേരളീയരുടെ ദീർഘകാല സ്വപ്നമായിരുന്ന കേരള സംസ്ഥാനം സാക്ഷാൽക്കരിക്കപ്പെട്ടു. ഈ പരിതസ്ഥിതിയിൽ, വിദ്യാർത്ഥികളുടെ സംഘടനാ കാര്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഒരു ഏകീകരണം ഉണ്ടാവേണ്ടതാവശ്യമായിത്തീർന്നു. ഈ വസ്തുത കാലേകൂട്ടി കണ്ടു കൊണ്ട് തിരു കൊച്ചി വിദ്യാർത്ഥി ഫെഡറേഷന്റേയും മലബാർ ഐക്യവിദ്യാർത്ഥി സംഘടനയുടേയും പ്രതിനിധികൾ കൂടിയാലോചിച്ചു. അങ്ങിനെയാണ് തൃശൂർ വച്ച് കേരളാ വിദ്യാർത്ഥി ഫെഡറേഷൻ സമ്മേളനം നടത്തുവാൻ തീരുമാനമെടുത്തത്.

ഒരു പ്രധാന വിദ്യാഭ്യാസകേന്ദ്രമെന്ന നിലയിലും വടക്കുനിന്നും തെക്കുനിന്നുമുളള പ്രതിനിധികൾക്കു വന്നെത്താൻ കൂടുതൽ സൗകര്യമുളള സ്ഥലമെന്ന നിലയിലുമാണ് സമ്മേളനസ്ഥലമായി മനോഹരമായ തൃശൂർ പട്ടണം തിരഞ്ഞെടുക്കപ്പെട്ടത്. പോരെങ്കിൽ തിരു- കൊച്ചി വിദ്യാർത്ഥി ഫെഡറേഷന്റെ ഈ വർഷത്തെ വാർഷികം തൃശൂർവെച്ചു നടത്തുവാൻ കഴിഞ്ഞു. ‘കൊല്ലം’ കോൺഫെറൻസിൽ വെച്ചു തന്നെ തൃശൂർ വിദ്യാർത്ഥി ഫെഡറേഷൻ കമ്മിറ്റി ക്ഷണിച്ചിരുന്നതുമാണ്.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി

ഹൃദയംഗമമായ സഹായസഹകരണങ്ങൾ നൽകുവാൻ സ്‌നേഹസമ്പന്നരായ തൃശൂർനിവാസികൾ തയ്യാറായി. മുൻസിപ്പാൽ ചെയർമാൻ ശ്രീ.പി.എൻ.കൃഷ്ണയ്യർ അധ്യക്ഷനും ശ്രീ ജോസഫ് മുണ്ടശ്ശേരി ഡോ.മീനാക്ഷി, ശ്രീ കെ ബാലകൃഷ്ണമേനോൻ, ശ്രീ.വി.ശിവരാമൻ എന്നിവർ ഉപാധ്യക്ഷൻമാരും കേരള വർമ്മ കോളേജ് വിദ്യാർത്ഥി ശ്രീ ശങ്കരൻ നമ്പൂതിരി സെക്രട്ടറിയും, ശ്രീ കാലടി ഗോപി, ശ്രീ.സി.ആർ.ബാലൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമായി ഒരു സ്വാഗതസംഘം രൂപീകരിക്കപ്പെട്ടു.

സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ മുഴുവൻ ചുമതലയും അവരാണ് നിർവഹിച്ചത്. പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ നൂറു കണക്കിനു വിദ്യാർത്ഥികൾ സോത്സാഹം മുന്നോട്ടു വന്നു. പണം പിരിക്കുവാനും പോസ്റ്റർ എഴുതുവാനും എന്നുവേണ്ട എന്തുവേണമെങ്കിലും ചെയ്യുവാൻ തയ്യാറെടുത്തുകൊണ്ടു നിർദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ടു സ്വാഗതസംഘം ആപ്പീസില്‍ സദാ പ്രവർത്തകർ അങ്ങനെ തിങ്ങിക്കൂടി. രാപ്പകലില്ലാതെ അവിരാമമായി അവർ പണിയെടുത്തു. അതു തന്നെയായിരുന്നു സമ്മേളനത്തിന്റെ വിജയത്തിന്റെ മുഖ്യകാരണം. കേരളസമ്മേളനത്തിനു മുൻപായി പ്രാദേശിക – താലൂക്ക് കോൺഫറൻസുകൾ ചില സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നടത്തുകയുണ്ടായി.

നെയ്യാറ്റിൻകര മുതൽ കാസർകോട് വരെ

നെയ്യാറ്റിൻകര മുതൽ കാസർകോട് വരെ, കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി 250 ഓളം പ്രതിനിധികൾ തൃശൂർ സമ്മേളനത്തിലാദ്യാവസാനം പങ്കെടുത്തു. ഇവരെ കൂടാതെ സമ്മേളന നടപടികൾ വീക്ഷിക്കുവാനായി പല സ്ഥലങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ദിവസേന വന്നുകൊണ്ടിരുന്നു. ഇരുപത്തിയഞ്ചാം തീയതി വൈകിട്ടും ഇരുപത്തിയാറാം തീയതി രാവിലെയുമായി പ്രതിനിധികളെല്ലാം വന്നെത്തി. ഒന്നിനു പുറകെ ഒന്നായി മുദ്രാവാക്യങ്ങളും മുഴക്കിക്കൊണ്ടുളള പ്രതിനിധിസംഘ ങ്ങളുടെ വരവ്
ഒന്നു കാണേണ്ടത് തന്നെയായിരുന്നു. അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനു
വേണ്ടി വളന്റിയർമാർ സദാ ജാഗരൂഗരായി നിന്നു.

സമ്മേളനം തുടങ്ങുകയാണ്. രാവിലെ(26-ാം തീയതി) തന്നെ പ്രതിനിധികൾ ടൗൺഹാളിൽ വന്നു കൂടി. ടൗൺഹാളും പരിസരവും നേരത്തെതന്നെ കമനീയമായി അലങ്കരിച്ചിരുന്നു. പതാക ഉയർത്തലാണ് അടുത്ത പരിപാടി. പ്രതിനിധികൾ കൊടിമരത്തിനു ചുറ്റും കൂടി. അന്തരീക്ഷം ഭേദിച്ചുകൊണ്ടു മുദ്രാവാക്യങ്ങളുയർന്നു. അതോടൊപ്പം വിദ്യാർത്ഥി ഫെഡറേഷൻ പതാകയും. പ്രതിനിധികളിൽ ഏററവും പ്രായം കുറഞ്ഞ ആളായ ശ്രീ.നാരായണൻ (ചേർപ്പ് ഹൈസ്‌കൂൾ വിദ്യാർത്ഥി) പതാക ഉയർത്തി.

ശ്രീ. സാംബശിവൻ

പ്രതിനിധി സമ്മേളനം ആരംഭിച്ചു. ശ്രീ. സാംബശിവനാണ് അധ്യക്ഷൻ. അധ്യക്ഷൻ അവതരിപ്പിച്ച രക്തസാക്ഷി പ്രമേയം പ്രതിനിധികൾ ആദരവോടുകൂടി എഴുന്നേറ്റു നിന്നു പാസ്സാക്കി. ശ്രീ.കാലടി ഗോപി സ്വാഗതം പറഞ്ഞ ഉപക്രമത്തിനു ശേഷം ശ്രീ.വി.ശിവരാമൻ (തിരു കൊച്ചി വിദ്യാർത്ഥി ഫെഡറേഷന്റെ മുൻ പ്രസിഡന്റ്) സമ്മേളനം ഉദ്ഘാടനം ചെയ്തു. അജണ്ട അംഗീകരിച്ച ശേഷം മലബാറിലേയും തിരു കൊച്ചിയിലേയും പ്രതിനിധികൾ പ്രത്യേകം പ്രത്യേകം സമ്മേളിക്കുകയുണ്ടായി.

ശ്രീ.കാലടി ഗോപി

റിപ്പോർട്ടുകളും കണക്കുകളും ചർച്ച ചെയ്ത് അംഗീകരിക്കുകയും ഇരുസംഘടനകളും സംയോജിക്കു വാനുളള ഔദ്യോഗിക തീരുമാനമെടുക്കുകയും ചെയ്തതോടു കൂടി ആദ്യ ദിവസത്തെ സമ്മേളനം അവസാനിച്ചു.അനന്തരം പ്രതിനിധികൾ ടൗണ്‍ ചുറ്റി ഗംഭീരമായ ഒരു പ്രകടനം നടത്തി. വളരെയേറെ ബഹുജനശ്രദ്ധയെ ആകര്‍ഷിച്ച ഒരു പ്രകടനമായിരുന്നു അത്. രാത്രി ടൗണ്‍ഹാളില്‍വെച്ചു നടന്ന കലാപരിപാടികളില്‍ ഒരു നല്ല ജനക്കൂട്ടം പങ്കെടുത്തു.

രണ്ടാം ദിവസം രാവിലെ 9.30ന് വീണ്ടും പ്രതിനിധി സമ്മേളനം ആരംഭിച്ചു. മെ.സാംമ്പന്‍, ശിവന്‍പിള്ള, കനിബാല, കുമാരന്‍, മമ്മൂട്ടി എന്നിവരുള്‍പ്പെട്ട പ്രസീഡിയവും, മെ.പ്രഭാകരന്‍, ശങ്കരന്‍, നാരായണന്‍, ബാലകൃഷ്ണപ്പണിക്കര്‍, ചന്ദ്രപ്പന്‍. പൈലി, അച്ചുതക്കുറുപ്പ് എന്നിവരുള്‍പ്പെട്ട സ്റ്റീയറിങ്ങ് കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ കേരളാ സമ്മേളനം തുടങ്ങി. ഭരണഘടനയെക്കുറിച്ചാണ് സമ്മേളനം ആദ്യം പര്യാലോചിച്ചത്. ഒരു കരട് ഭരണഘടന ശ്രീ. പൈലി അവതരിപ്പിച്ചു സംസാരിച്ചു. വാദപ്രതിവാദങ്ങള്‍ക്കുശേഷം ഏതാനും ഭേദഗതികളോടുകൂടി ഭരണഘടന ഏകകണ്ഠമായി പാസ്സാക്കപ്പെട്ടു.

ചര്‍ച്ചയ്ക്കു ശേഷം വിദ്യാഭ്യാസ സമ്മേളനമാണ് നടന്നത്. ശ്രീ. മുണ്ടശ്ശേരി അദ്ധ്യക്ഷനും, സ്വാമി ആഗമാനന്ദന്‍ ഉദ്ഘാടകനുമായിരുന്നു. ശ്രീമതി ഗൗരിയമ്മ, പ്രൊഫ. ബാലകൃഷ്ണപിള്ള, ശ്രീ.പി.ആര്‍. നമ്പ്യാര്‍ എന്നിവരായിരുന്നു പ്രാസംഗികര്‍. പ്രതിനിധികള്‍ക്ക് പുറമേ മറ്റ് വിദ്യാര്‍ത്ഥികളും നാട്ടുകാരുമടങ്ങുന്ന ഒരു നല്ല ജനക്കൂട്ടം വിദ്യാഭ്യാസ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. ശ്രീ. സാംമ്പശിവന്റെ സ്വാഗത പ്രസംഗത്തിനുശേഷം സ്വാമി ആഗമാനന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന വിജ്ഞേയങ്ങളായ പ്രസംഗങ്ങള്‍, വിദ്യാഭ്യാസത്തിന്റെ നാനാ വശങ്ങളെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന വയായിരുന്നു. വിദ്യാഭ്യാസ പുനസംവിധാനത്തെക്കുറിച്ചും മറ്റും വിഭിന്നങ്ങളായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടു. ഈ പ്രസംഗങ്ങളെല്ലാം തന്നെ വിദ്യാഭ്യാസ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിലപ്പെട്ടവയായിരുന്നു.പൊതുസമ്മേളനത്തിനുശേഷം പ്രസംഗ-സംഗീതമത്സരങ്ങളും അതിനുശേഷം കലാപരിപാടിയും നടന്നു.

കേരളാ വിദ്യാർത്ഥിഫെഡറേഷന് ഒരു പരിപാടി തയ്യാറാക്കുവാനുള്ള ശ്രമത്തിലാണ് മൂന്നാംദിവസം രാവിലെ പ്രതിനിധികൾ ഏർപ്പെട്ടത്. ചില നിർദ്ദേശങ്ങൾ സമർപ്പിച്ചുകൊണ്ട് ശ്രീ. ആയംകുറിശ്ശി ശങ്കരൻ സംസാരിച്ചു. സജീവമായ ചർച്ചകൾ നടന്നു. സ്റ്റീയറിംഗ് കമ്മിറ്റിക്കുവേണ്ടി എല്ലാ അഭിപ്രായങ്ങളെയും ക്രോഡീകരിച്ചുകൊണ്ട് അച്ചുതക്കുറുപ്പ് സംസാരിക്കുകയും ഈ അഭിപ്രായങ്ങളുടെ വെളിച്ചത്തിൽ ഒരു കരടുപരിപാടി തയ്യാറാക്കുവാൻ പുതുതായി രൂപംകൊള്ളുന്ന പ്രവർത്തകസമിതിയെ അധികാരപ്പെടുത്തണമെന്ന നിർദ്ദേശം സമർപ്പിക്കുകയും ചെയ്തു. നിർദ്ദേശം പ്രതിനിധികളംഗീകരിച്ചു.
പ്രമേയങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് അടുത്തത്.

ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്കുശേഷം നാല്പതിൽപരം പ്രമേയങ്ങൾ യോഗം അംഗീകരിച്ചു. ഇതോടെ കോൺഫറൻസ് അതിന്റെ അവസാന പരിപാടിയിലേയ്ക്ക് കടക്കുകയായി. പ്രവർത്തകസമിതി തിരഞ്ഞെടുപ്പാണത്. പ്രിസീഡിയം സ്ഥാനമൊഴിഞ്ഞ ശ്രീ. കെ. ഗോപാലകൃഷ്ണൻ (തിരു-കൊച്ചി വിദ്യാർത്ഥി ഫെഡറേഷന്റെ മുൻപ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. പുതിയ കമ്മിറ്റിയുടെ പാനൽ ശ്രീ. അച്ചുതക്കുറുപ്പ് അവതരിപ്പിച്ചു. പാനലിലേയ്ക്ക് കൂടുതൽ നാമനിർദ്ദേശങ്ങൾ ക്ഷണിക്കപ്പെട്ടു. ചില നാമനിർദ്ദേശങ്ങൾ ഉണ്ടായി. നിർദ്ദേശിക്കപ്പെട്ടവരിൽ ചിലർ സ്വയം പിന്മാറി. തുടർന്ന് തിരഞ്ഞെടുപ്പ് നടന്നു.

സമയം 6 മണി കഴിഞ്ഞു. ഒരു വമ്പിച്ച ജനത ടൗൺഹാളിനുവെളിയിൽ കാത്തുനിൽക്കുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഘോഷയാത്രക്ക് തയ്യാറായി മുദ്രാവാക്യങ്ങളും മുഴക്കിക്കൊണ്ട് പുറത്തുനിൽക്കുകയാണ്. പ്രതിനിധികൾ ഇറങ്ങിച്ചെല്ലുന്നതിനുള്ള താമസമേയുള്ളൂ. അവർ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും കാത്തുകൊണ്ട് ഹാളിൽ ഇരിക്കുകയാണ്. നിമിഷങ്ങൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു. അവസാനം ഫലം പ്രഖ്യാപിക്കപ്പെട്ടു. ഉടൻതന്നെ പുതിയ കമ്മിറ്റിക്ക് ശ്രീ. സാംബശിവനെ പ്രസിഡന്റായും മെ: മമ്മൂട്ടി, കെ.സി. ശിവൻ പിള്ള, എൻ.വി. പൈലി എന്നിവരെ വൈസ് പ്രസിഡന്റുമാരായും, അച്ചുതക്കുറുപ്പിനെ ജനറൽ സെക്രട്ടറിയായും, മെ: റ്റി.എൻ. പ്രഭാകരൻ, മി: എ. ശങ്കരൻ, പി.ബി. പണിക്കർ, സി.കെ. ചന്ദ്രപ്പൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഹാളിൽ ഹർഷാരവം മുഴങ്ങി. ഉടൻ തന്നെ ഘോഷയാത്രയാരംഭിക്കുകയായി.

ചാറിച്ചാറി പെയ്തു കൊണ്ടിരിക്കുന്ന മഴ കണക്കാക്കാതെ ഘോഷയാത്ര വിദ്യാർത്ഥി കോർണറിലേയ്ക്ക് നീങ്ങി. വമ്പിച്ച ഒരു ജനക്കൂട്ടം അഞ്ചുമണി മുതൽ അവിടെ കാത്തുനിൽക്കുകയാണ്. പ്രതീക്ഷകളെ വകവെയ്ക്കാതെ, നിർഭാഗ്യകരമായ ആ മഴ ഉറക്കെ പെയ്യുവാൻ തുടങ്ങി. മഴയെ വെല്ലുവിളിച്ചുകൊണ്ട് ജനക്കൂട്ടം അവിടെതന്നെ നിന്നു. മഴ അല്പമൊന്ന് ശമിക്കട്ടെയെന്ന് കരുതി യോഗം തുടങ്ങാൻ കുറേ നേരം കാത്തിരുന്നു. പക്ഷെ മഴ കൂടുതൽ ശക്തമാകുകയാണ് ചെയ്തത്. പൊതുയോഗം ടൗൺഹാളിലേയ്ക്ക് മാറ്റുവാൻ ശ്രമിച്ചെങ്കിലും, ഹാളിന് അനുവാദം ലഭിക്കുകയുണ്ടായില്ല. എന്താണ് ചെയ്യേണ്ടത്? സമ്മേളനത്തിൽ പങ്കെടുക്കുവാൻ വന്ന നേതാക്കന്മാരും പ്രവർത്തകരും കൂടിയാലോചിച്ചു. ഒടുവിൽ യോഗം മാറ്റിവെക്കുവാൻതന്നെ തീരുമാനിക്കേണ്ടിവന്നു. അപ്രതീക്ഷിതമായി മഴ വരുത്തിവെച്ച അസൗകര്യങ്ങൾ ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടതാണ്. അതിനാൽ യോഗം മാറ്റിവെക്കുവാനുള്ള തീരുമാനത്തെ അവർ സ്വാഗതം ചെയ്തു. ആളുകൾ പിരിഞ്ഞു. മൂന്നുദിവസത്തെ പരിപാടികൾ അങ്ങനെ സമാപിച്ചു.

സാംസ്കാരിക മത്സരം

കേരള സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരികമത്സരങ്ങൾ എടുത്തുപറയത്തക്കവതന്നെയാണ്. ഈ വിഷയത്തിൽ വിദ്യാർത്ഥികൾ പ്രദർശിപ്പിച്ച താല്പര്യം, ഈ മത്സരങ്ങളുടെ വിവരം പ്രസിദ്ധീകരിക്കുമ്പോൾ ഞങ്ങൾക്കുണ്ടായിരുന്ന പ്രതീക്ഷകളെ കവച്ചുവെച്ചു. ചെറുകഥ, കവിത, പ്രബന്ധം (ഇംഗ്ലീഷിലും മലയാളത്തിലും), ചിത്രം തുടങ്ങിയവയിൽ ഹൈസ്‌ക്കൂൾ കോളേജ് വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.മത്സരങ്ങൾ പരിശോധിക്കുവാനും സമ്മാനങ്ങൾ നിശ്ചയിക്കുവാനും പ്രഗത്ഭരായ സാംസ്കാരിക പ്രവർത്തകരും അദ്ധ്യാപകരും തയ്യാറായി എന്നുള്ളത് സന്തോഷകരമാണ്.

സമ്മേളനദിവസങ്ങളിൽതന്നെയാണ് പ്രസംഗമത്സരവും സംഗീതമത്സരവും നടന്നത്. വിദ്യാർത്ഥി ഫെഡറേഷനുമായി ഒരു ബന്ധവുമില്ലാത്ത വിദ്യാർത്ഥികൾ പോലും ഈ മത്സരങ്ങളിലൊക്കെ പങ്കെടുത്തു. സമ്മാനം നല്കുവാനായി പുസ്തകങ്ങൾ തന്ന അഭ്യുദയകാംക്ഷികളോട് ഞങ്ങൾ കൃതജ്ഞരാണ്.
വേണ്ടത്ര തയ്യാറെടുപ്പ് ഇല്ലായിരുന്നുവെങ്കിൽ കൂടി കലാപരിപാടികൾ പൊതുവെ വിജയകരമായിരുന്നു. ആദ്യദിവസം കാറളം ബാലകൃഷ്ണന്റെ ഗാനമേള, കലാമണ്ഡലം ക്ലാര, സുകുമാരി എന്നിവരുടെ നൃത്തം, പ്രാചീനഭാരതീയ കളരിപ്പയറ്റ് സംഘത്തിന്റെ കായികാഭ്യാസങ്ങൾ, പാഞ്ഞോളി വിദ്യാർത്ഥി ഫെഡറേഷൻ യൂണിറ്റിന്റെ ഏകാങ്കം, രാജരാജവർമ്മയുടെ മോണോആക്ട് എന്നിവ നടന്നു.

രണ്ടാംദിവസം തൃശ്ശൂർ വിദ്യാർത്ഥി ഫെഡറേഷൻ കലാസമിതിയുടെ ‘മനുഷ്യൻ കാരാഗൃഹത്തിൽ’ എന്ന നാടകം, ഉത്തരതിരുവിതാംകൂർ വിദ്യാർത്ഥി ഫെഡറേഷൻ യൂണിറ്റ്, ചേർപ്പ് ഹൈസ്‌ക്കൂൾ യൂണിറ്റ് എന്നിവരുടെ ‘അവർ വേദനിക്കട്ടെ’, ‘സ്വയം സഹായപദ്ധതി’ എന്നീ ലഘുനാടകങ്ങൾ, സമൂഹഗാനങ്ങൾ മുതലായ പരിപാടികൾ നടന്നു. സമാപനദിവസം ശ്രീ. സാംബശിവന്റെ കഥാപ്രസംഗമായിരുന്നു പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്. മഴമൂലം അത് നടന്നില്ല.

സി കെ ചന്ദ്രപ്പൻ

ഇങ്ങിനെ മഴനിമിത്തം ചില അസൗകര്യങ്ങളുണ്ടായെങ്കിലും, പുതിയ ആവേശത്തോടും ദൃഢനിശ്ചയത്തോടും കൂടിയാണ് പ്രതിനിധികൾ പിരിഞ്ഞുപോയത്. കേരളം പിറക്കുവാൻ പിന്നീട് രണ്ടു ദിവസങ്ങളേയുണ്ടായിരുന്നുള്ളൂ. ആ ദിനം കൊണ്ടാടുവാൻ വെമ്പൽകൊള്ളുകയായിരുന്നു ഓരോ ഹൃദയവും, കേരളത്തിന്റെ പിറവിയിൽ അവരോരുത്തരും അഭിമാനം കൊള്ളുന്നുണ്ട്. കേരളത്തിനുവേണ്ടി നാട്ടുകാരോടൊപ്പം പൊരുതിയവരാണവർ. ആ സമരത്തിന് നേതൃത്വം കൊടുത്ത സംഘടനയുടെ പ്രതിനിധികളാണവർ. ആ ആഹ്ലാദത്തിനിടയിലും പുതിയ കേരളത്തിന്റെ പിറവി തങ്ങളിലർപ്പിക്കുന്ന കടമകളെക്കുറിച്ച് ചിന്തിക്കുവാൻ അവർ മറന്നില്ല. ഒരു നല്ല ജീവിതത്തിനുവേണ്ടിയുള്ള ജനാഭിലാഷം സാക്ഷാൽക്കരിക്കപ്പെടുന്നതിന്റെ തുടക്കം മാത്രമാണിതെന്നും ആ അഭിലാഷം പുഷ്പിക്കണമെങ്കിൽ ഇനിയുമിനിയും പണിയെടുക്കേണ്ടതുണ്ടെന്നും ഗൗരവത്തോടുകൂടിത്തന്നെ ഓരോ പ്രതിനിധിയും മനസ്സിലാക്കിയിരുന്നു.

ടി എൻ പ്രഭാകരൻ

കേരളത്തിന്റെ പുരോഗതിക്ക് വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ വരുത്തേണ്ടതാവശ്യമാണെന്ന കാര്യത്തിൽ കോൺഫറൻസിന് സംശയമേയുണ്ടായിരുന്നില്ല. വിദ്യാഭ്യാസരംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും കോൺഫറൻസ് ചർച്ചചെയ്യുകയുണ്ടായി. ചിലതൊക്കെ സ്വാഗതാർഹങ്ങളാണ്. വിനാശകരങ്ങളായ ചില പരിഷ്‌കരണങ്ങളും ഉണ്ടാകുന്നുണ്ട്. ദേശീയസംവിധാനത്തിന്റെ ഭാഗമായി, വിദ്യാഭ്യാസരംഗത്തെ പുനഃസംവിധാനം ചെയ്യേണ്ടതുണ്ട്. സാമ്പത്തികരംഗത്തെന്നപോലെ വിദ്യാഭ്യാസരംഗത്തും വ്യക്തവും ക്ലിപ്തവുമായ ഒരു പദ്ധതിയുണ്ടാവണം. ഇത് സാധിക്കണമെങ്കിൽ വിദ്യാഭ്യാസരംഗത്ത് രണ്ട് സുപ്രധാനഘടകങ്ങളായ അദ്ധ്യാപകരും വിദ്യാർത്ഥികളും ഇതേക്കുറിച്ചാലോചിക്കുകയും അതിനുവേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വേണം.
നമ്മുടെ വിദ്യാഭ്യാസരംഗം ഇന്ന് അസ്വസ്ഥമാണ്.

വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമുള്ള സ്വാതന്ത്ര്യം തടയപ്പെടുന്നു. സാമ്പത്തികഭാരം വർദ്ധിപ്പിക്കുന്നു. വേണ്ടത്ര വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭിക്കുന്നില്ല. ശമ്പളം കിട്ടണമെങ്കിൽ, ജോലിസ്ഥിരത ഉണ്ടാവണമെങ്കിൽ, മറ്റവകാശങ്ങൾ ലഭിക്കണമെങ്കിൽ സമരം ചെയ്‌തേപറ്റൂവെന്ന നിലയാണ് അദ്ധ്യാപകർക്കുപോലുമുള്ളത്.

എൻ സി മമ്മൂട്ടി

ഇതിനെക്കുറിച്ചെല്ലാം കോൺഫറൻസ് സമഗ്രമായി ചർച്ചചെയ്തു. ഈ അടിസ്ഥാനത്തിൽ-പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന്, രാഷ്ട്രപുനഃസംവിധാനം വിജയപ്രദമായി നടത്തുന്നതിന്, ഒരു നല്ല വിദ്യാഭ്യാസസമ്പ്രദായം പടുത്തു യർത്തുന്നതിന്, വിദ്യാഭ്യാസനിലവാരമുയർത്തുന്നതിന്, അദ്ധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്, വിദ്യാർത്ഥികളും ബഹുജനങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിന്, സർവ്വോപരി ശാന്തിയും സമാധാനവുമുള്ള ഒരു നല്ലജീവിതം പടുത്തുയർ ത്തുന്നതിന് മുഴുവൻ വിദ്യാർത്ഥികളെയും അണിനിരത്തുവാൻ പര്യാപ്തമായ കർമ്മപരിപാടിയും സംഘടനാരൂപവും നെയ്‌തെടുത്തുകൊണ്ടാണ് സമ്മേളനം പര്യവസാനിച്ചത്. അങ്ങനെ പുതിയ കേരളത്തിന്റെ പിറവിയോടൊപ്പം കേരളത്തിലൊരു വിദ്യാർത്ഥിസംഘടന ജന്മംകൊണ്ടിരിക്കുകയാണ്-കേരളാ വിദ്യാർത്ഥി ഫെഡറേഷൻ.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares