ബംഗലൂരു: രാജ്യത്ത് ആദ്യമായി ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഹ്യൂമൻ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ആദ്യ കേസാണിത്. ചൈനയിൽ കണ്ടെത്തിയ വൈറസ് വകഭേദമാണോ കുട്ടിക്ക് ബാധിച്ചിട്ടുള്ളത് എന്നത് പരിശോധിച്ചു വരികയാണ്. സ്വകാര്യ ആശുപത്രി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ജാഗ്രതാ നടപടികളിലേക്ക് കടക്കുകയാണെന്നും കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
കുട്ടിക്ക് ബാധിച്ചിട്ടുള്ളത് ഏതു വേരിയന്റ് ആണെന്ന് കണ്ടെത്തുന്നതിനായി കുഞ്ഞിന്റെ കൂടുതൽ സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തുമെന്ന് കർണാടക സർക്കാർ അറിയിച്ചു. കുട്ടികൾക്കും പ്രായമേറിയവർക്കുമാണ് സാധാരണയായി എച്ച്എംപിവി രോഗബാധ കൂടുതലായി കണ്ടു വരുന്നത്. ചൈനയിൽ എച്ച്എംപിവി വൈറസ് പടരുന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തിനിടയിൽ സഞ്ചരിക്കുമ്പോൾ മാസ്‌ക് അടക്കമുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണമെന്ന് കർണാടക ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു.