തൃശൂർ: കേരള ചരിത്രത്തിൽ ഇടം നേടിയ എഐവൈഎഫ് വനിതാ മാർച്ചിൽ തൃശൂരിൽ നിന്ന് അണിചേർന്ന സഖാക്കളെ യുവതി കൺവെൻഷനിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ആദരിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ മാർച്ചിൽ അമ്പത്തൊന്നോളം വനിതകളാണ് പങ്കെടുത്തിരുന്നത്. വനിതാ മാർച്ചിൽ തൃശൂരിൽ നിന്നും പങ്കെടുത്തവരെയാണ് കൺവെൻഷനിൽ ആദരിച്ചത്.
33 ദിവസവും ആ ജാഥയുടെ നിറസാനിധ്യമായി സംസ്ഥാനം മുഴുവൻ സഞ്ചരിച്ച റോസിലി സി ആർ, ജെസ്സി സി ആർ, രൂഷേന്ദ്ര മണി, അജിത കെ എസ് എന്നീ നാല് വനിത പ്രതിനിധികളേയും തൃശൂർ ജില്ലയിലെ ജാഥയിൽ പങ്കെടുത്ത സാറാമാ റോബ്സൺ, ജ്യോതി ലക്ഷ്മി, ആശ കെ എസ് എന്നിവരെയുമാണ് കൺവെൻഷൻ ആദരിച്ചത്.
എഐവൈഎഫ് ജില്ല കമ്മിറ്റി അംഗം നിമിഷ മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രാൻസ്ജെന്റർ കവി വിജയരാജമല്ലിക ഉദ്ഘാടനം നിർവഹിച്ചു. എം സ്വർണലത(മഹിളസംഘം ജില്ല സെക്രട്ടറി), പ്രസാദ് പറേരി (എഐവൈഎഫ് ജില്ല സെക്രട്ടറി), ബിനോയ് ഷബീർ(എഐവൈഎഫ് ജില്ല പ്രസിഡന്റ്) തുടങ്ങി നിരവധിപേർ കൺവെൻഷനിൽ പങ്കെടുത്തു.
കേരളത്തിലെ യുവജന സംഘടനകളുടെ ഇന്നോളമുള്ള ചരിത്രത്തിൽ സംസ്ഥാന വ്യപകമായി നടന്ന ഏക വനിതമാർച്ച്
‘വയനാട്ടിലെ കബനീ നദീതീരത്തൊരു’ എഐവൈഎഫ് സംസ്ഥാന ലീഡേഴ്സ് ക്യാമ്പ്. ആ ക്യാമ്പിന്റെ തീരുമാനപ്രകാരം ആണ് എഐവൈഎഫ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി വനിതകൾ മാത്രം പങ്കെടുത്ത് 600 കിലോമീറ്ററോളം ദൂരം കാൽനടയായി 51 യുവ വനിതാ സഖാക്കൾ തിരുവനന്തപുരത്ത് എത്തിച്ചേരുവാനുള്ള അതിസാഹസികമായ തീരുമാനം വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കപ്പെട്ടത്.
ചർച്ചകളിൽ സഖാക്കൾ വലിയ ആശങ്കകൾ പങ്കുവെച്ചു. വനിതാ സഖാക്കൾക്ക് ഈ ഭാരിച്ച ചുമതല വിജയകരമായി പൂർത്തികരിക്കാൻ കഴിയുമോ? യുവാക്കളായ സഖാക്കൾക്കായിരുന്നു ആശങ്ക കൂടുതൽ അന്ന് ക്യാമ്പിലുണ്ടായിരുന്ന ആനി രാജ, ഓ. സുഭാഗ്യം, പി. വസന്തം, ചിഞ്ചു റാണീ, ലതാദേവി എന്നിവർ പ്രകടിപ്പിച്ച ആത്മവിശ്വാസം ചർച്ചകളെ കൂടുതൽ സജീവമാക്കീ. ഈ ക്യാമ്പ് നടക്കുന്ന സമയത്ത് തന്നെ യൂത്ത് കോൺഗ്രസിന്റെ യാത്രയുടെ പ്രഖ്യാപനവും വന്നു, ‘രമേശിന്റെ നേതൃത്യത്തിൽ രണ്ടുമാർച്ചുകളും ആരംഭിച്ചു’.
കേരളത്തിന്റെ ഇടതുപക്ഷ മനസ്സുകളെ ഒന്നിച്ചണിചേർക്കാൻ വനിതാ മാർച്ചിന് കഴിഞ്ഞു. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ-ആർവൈഎഫ് പ്രവർത്തകർ കാത്ത് നിന്ന് പിന്തുണ നൽകി. എഐവൈഎഫിന്റെ സമര ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടായി വനിതാ മാർച്ച്. യുവ വനിതകളെ സംഘടനാ രംഗത്തേക്ക് ആകർഷിക്കുന്നതിലും നിലവിൽ പ്രവർത്തന രംഗത്തുണ്ടായിരുന്നവർക്ക് കൂടുതൽ ആത്മവിശ്വാസത്തിനും അവസരമൊരുക്കി. ആയിരക്കണക്കിന് യുവതികൾ കേരളത്തിലെമ്പാടും സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നു. ഇന്നും കേരളത്തിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ഒന്നാണ് എഐവൈഎഫ് വനിതാ മാർച്ച്.