തൃശൂർ: രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം കേരളത്തിൽ.തൃശ്ശൂരിൽ മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു. പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചു. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്. കഴിഞ്ഞ 21 ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയിൽനിന്ന് നാട്ടിലെത്തിയത്.
യുവാവ് ചികിത്സ തേടാൻ വൈകിയെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. നിലവിൽ കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരുമടക്കം 15 പേർ സമ്പർക്കപ്പട്ടികയിൽ ഉണ്ട്.ഇവർക്ക് ആർക്കും ലക്ഷണങ്ങളില്ല.
പുന്നയൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് മരിച്ച യുവാവിന്റെ വീട്. യുവാവിന്റെ നില ഗുരുതരമായപ്പോഴാണു ബന്ധുക്കൾ വിദേശത്തെ പരിശോധനാ റിപ്പോർട്ട് ആശുപത്രി അധികൃതർക്ക് നൽകിയത്. ഇതിന്റെഅടിസ്ഥാനത്തിൽ യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി. സമ്പർക്ക പട്ടികയിൽ ഉള്ളവരോട് നിരീക്ഷണത്തിൽ പോകാനും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു.