തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്റെ ദിശമാറ്റിക്കുറിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെപിഎസി(കേരള പീപ്പിൾസ് ആർട്സ് ക്ലബ്ബ് ) യുടെ അറുപത്തിയാറാമത് നാടകമായ ‘അപരാജിതർ’ന്റെ ആദ്യ പ്രദർശനം സംഘടിപ്പിച്ചു. വഴുതയ്ക്കാട് ടാഗോർ ഹാളിൽ വച്ചായിരുന്നു നാടകത്തിന്റെ ആദ്യ പ്രദർശനം നടന്നത്.
സാമൂഹിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് കെപിഎസി ശ്രമിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കവി ശ്രീകുമാരൻ തമ്പി പറഞ്ഞു. ശാസ്ത്രത്തിന്റെ വളർച്ച സമൂഹത്തിന് പ്രയോജനപ്പെടണം എന്ന ചിന്തയിൽ നിന്ന് ഉയർന്നതാണ് കെപിഎസിയുടെ മാറ്റങ്ങൾ. കെപിഎസിയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് താനെ ന്നും കെപിഎസി എന്ന പ്രസ്ഥാനത്തെ കുറിച്ച് പഠിക്കാൻ ഒരുപാട് പിന്നിലേക്ക് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെപിഎസി എന്ന സ്വപ്നം കാമ്പിശേരി കരുണാകരന്റേതായിരുന്നു. തോപ്പിൽ ഭാസിയുടെ സംഭാവനകളെയും ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു. കെപിഎസിയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കിയ നാടകമാണ് അപരാജിതർ എന്ന് ചടങ്ങിൽ അധ്യക്ഷനായ കെപിഎസി പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രൻ പറഞ്ഞു. സാമൂഹിക പ്രശ്നങ്ങൾ പരാമർശിക്കുന്നതാണ് കെപിഎസിയുടെ നാടകങ്ങൾ എന്ന് അദേഹം കൂട്ടിച്ചേർത്തു.