Tuesday, April 1, 2025
spot_imgspot_img
HomeOpinionസ്വകാര്യ മേഖലയുടെ കയ്യിലാകുന്നത് 15,000 ഏക്കർ ജലാശയം, മത്സ്യ തൊഴിലാളികൾ സീപ്ലെയിൻ പദ്ധതിയെ എതിർക്കുന്നുണ്ടോ?

സ്വകാര്യ മേഖലയുടെ കയ്യിലാകുന്നത് 15,000 ഏക്കർ ജലാശയം, മത്സ്യ തൊഴിലാളികൾ സീപ്ലെയിൻ പദ്ധതിയെ എതിർക്കുന്നുണ്ടോ?

(ജനയു​ഗം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്)

ടി ജെ ആഞ്ചലോസ്

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഗുജറാത്തിലെ സീ പ്ലെയിൻ പദ്ധതി ഒരു ഏജൻസിയും താല്പര്യം കാണിക്കാത്തതുകൊണ്ട് നിലച്ചതായി 2023 ഡിസംബറിൽ ഗുജറാത്ത് നിയമ സഭയിൽ കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി സംസ്ഥാനമന്ത്രി പറഞ്ഞു. 17.5 കോടി അങ്ങനെ വെള്ളത്തിലായി. അഹമ്മദാബാദിലെ സബർമതി നദീതീരത്തിനും കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്കും (സർദാർ പട്ടേൽ പ്രതിമ) ഇടയിൽ ലക്ഷ്യംവച്ച സീപ്ലെയിൻ പദ്ധതിയാണ് ചിറകുവിരിക്കാതെ പോയത്. അവിടെ ആരും സമരം ചെയ്തില്ല. നഷ്ടക്കച്ചവടമായതിനാൽ മുതൽമുടക്കുവാൻ ആളുണ്ടായില്ല എന്ന് മാത്രം.

കേരളത്തിലും സീപ്ലെയിൻ പദ്ധതിയിലൂടെ ടൂറിസം മേഖലയുടെ സ്വപ്നങ്ങൾ പൂവണിയുന്നതിന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) എതിരല്ല. 2013ൽ കേരളത്തിൽ നടപ്പിലാക്കിയ സ്വകാര്യ സീപ്ലെയിൻ പദ്ധതി മൂലം ഖജനാവിന് കോടികളുടെ നഷ്ടമുണ്ടായെന്ന് സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പദ്ധതി ലാഭകരമല്ല എന്ന യാഥാർത്ഥ്യം മറച്ചുവച്ചുകൊണ്ടാണ് ടൂറിസം മേഖലയുടെ സ്വപ്നങ്ങൾ ലക്ഷ്യം കാണുന്നതായി ചിലർ പ്രചരിപ്പിക്കുന്നത്. വിമാനത്താവളങ്ങളിൽ നിന്ന് അണക്കെട്ടുകളിലേക്കും വന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും സീപ്ലെയിൻ പദ്ധതി ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളികൾ എതിരല്ല.

മത്സ്യബന്ധന കേന്ദ്രങ്ങളായ അഷ്ടമുടിക്കായലിൽ നിന്നും വേമ്പനാട് കായലിലേക്ക് ജലവിമാന പദ്ധതി ആരംഭിക്കുന്നതിനെയാണ് മത്സ്യത്തൊഴിലാളി സംഘടനകൾ 10വർഷം മുമ്പ് യോജിച്ച് എതിർത്തത്. അല്ലാതെ ടൂറിസം മേഖലയിൽ ജലവിമാന പദ്ധതിയേ വേണ്ട എന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ഇപ്പോൾ മാട്ടുപ്പെട്ടി ഡാമിനെ ലക്ഷ്യമാക്കി ജലവിമാന പദ്ധതി ആരംഭിക്കുന്നതിനെയും മത്സ്യത്തൊഴിലാളികൾ എതിർക്കുന്നില്ല. ഇതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ ഭാവിയിൽ അഷ്ടമുടി, വേമ്പനാട് കായലുകളിൽ പദ്ധതി ആരംഭിക്കുമെന്ന അറിയിപ്പ് വന്നതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളി സംഘടനകൾ പ്രതിഷേധം അറിയിച്ചത്. അത് ഉറച്ച നിലപാട് തന്നെയാണ്.

ഒരു ജലവിമാനം ഇറങ്ങുന്നതിനുള്ള വാട്ടർ ഡോം നിർമ്മാണത്തിന് 750 ഏക്കർ ജലാശയമാണ് വേണ്ടിവരുന്നത്. കുറഞ്ഞത് ഒരു കിലോമീറ്റർ വ്യാസാർധത്തിൽ മത്സ്യബന്ധനം നിരോധിക്കപ്പെടും. ഇത്തരത്തിൽ വേമ്പനാട്, അഷ്ടമുടി കായലുകളിൽ 15 കേന്ദ്രങ്ങൾ ലക്ഷ്യംവച്ചാൽ കുറഞ്ഞത് 15,000 ഏക്കർ ജലാശയം സ്വകാര്യ മേഖലയ്ക്ക് കൈവശം ലഭിക്കും. ഈ പദ്ധതിയോടാണ് മത്സ്യത്തൊഴിലാളികൾ അന്നും എതിർപ്പ് പ്രകടിപ്പിച്ചത്. ഇപ്പോൾ പദ്ധതിയുടെ ട്രയൽ നടന്ന ബോൾഗാട്ടിയിൽ 1,500 മീറ്റർ നീളത്തിൽ വാട്ടർ ഡോം ഉണ്ടാക്കുമ്പോൾ ഈ ഭാഗത്ത് മത്സ്യബന്ധനം നിരോധിക്കപ്പെടുമെന്ന് ഉറപ്പാണ്.

വിവിധ പദ്ധതികളുടെ പേരിൽ തേവര പാലം മുതൽ അഴിമുഖം വരെ മത്സ്യബന്ധനം നിരോധിക്കപ്പെട്ട മേഖലയാണ്. വല്ലാർപാടം ദുബായ് പോർട്ട്, കൊച്ചി തുറമുഖം, കപ്പൽശാല, നാവികത്താവളം, എൽഎൻജി ടെർമിനൽ, ഐഒസി തുടങ്ങിയ വികസന പ്രവർത്തനങ്ങളുടെ പേരിൽ ഏഴ് കിലോമീറ്റർ വരെയാണ് മത്സ്യബന്ധന നിരോധനം. ഇതിനെയൊന്നും എതിർത്തിട്ടില്ല. പക്ഷേ പദ്ധതികളുടെ ഇരകളായ മത്സ്യത്തൊഴിലാളികളുടെ ശബ്ദം ആരും ശ്രവിച്ചില്ല. ജലവിമാനപദ്ധതിയെ സംബന്ധിച്ച സാമൂഹിക — സാമ്പത്തിക പഠനമോ, പാരിസ്ഥിതിക പഠനമോ നടത്തിയതായി അറിവില്ല. മത്സ്യത്തൊഴിലാളി പ്രതിനിധികൾ ഉൾക്കൊള്ളുന്ന വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.

ഐക്യരാഷ്ട്ര സഭ ഇറാനിലെ റാംസറിൽ വിളിച്ചുചേർത്ത 165 രാജ്യങ്ങൾ പങ്കെടുത്ത കൺവെൻഷനിൽ അംഗീകരിച്ച അന്തർദേശീയ തണ്ണീർത്തട ഉടമ്പടിയിൽ ഉൾപ്പെട്ടതാണ് വേമ്പനാടും, അഷ്ടമുടിയും. 1986ലെ പരിസ്ഥിതി നിയമം, 2005ലെ ജൈവ വൈവിധ്യ നിയമം, 2010ലെ തണ്ണീർത്തട സംരക്ഷണ നിയമം, എന്നിവയ്ക്കും പ്രാധാന്യമുണ്ട്. 2018ലെ മഹാപ്രളയത്തിന് ശേഷം വേമ്പനാട് കായൽ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. പ്രളയത്തിൽ കിഴക്കൻ മേഖലയിൽ നിന്നും മണലും ചെളിയും വൻതോതിൽ കായലിൽ വന്നടിഞ്ഞു. കുഫോസ് തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നത് കായലിന്റെ ജലസംഭരണ ശേഷി 85 ശതമാനം കുറഞ്ഞുവെന്നാണ്. ചെറിയ വേലിയേറ്റമുണ്ടായാൽ പോലും കായലരികത്ത് ജനജീവിതം ദുഃസഹമാണ്. 3,000 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ കായലിന്റെ അടിത്തട്ടിലുണ്ടന്നാണ് കുഫോസിന്റെ മറ്റൊരു പഠനം. 150 ഇനങ്ങൾ മത്സ്യങ്ങൾ ഉണ്ടായിരുന്ന കായലിൽ ഇന്നുള്ളത് 90 ഇനങ്ങൾ മാത്രം. മാലിന്യങ്ങൾ കായലിൽ ഒഴുക്കുന്നതുമൂലമുള്ള ദുരന്തത്തിന് അടുത്ത നാളുകളിൽ പെരിയാർ സാക്ഷിയായി. പെരിയാർ ദുരന്ത പഠന റിപ്പോർട്ടുകളും പുറത്ത് വന്നു. ഫലമൊന്നുമുണ്ടായില്ല.

ഉൾനാടൻ മത്സ്യബന്ധന അനുബന്ധ മേഖല (മത്സ്യ ബന്ധനവും കക്കവാരൽ തൊഴിലാളികളും) അരലക്ഷത്തോളം പേരുടെ ഉപജീവന മാർഗമാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഒരാൾ മത്സ്യ ബന്ധനം നടത്തിയാൽ അനുബന്ധമായി നാല് തൊഴിലുകൾ കൂടി ലഭ്യമാകും. ദേശീയ ജലപാതയ്ക്ക് വേണ്ടി കോട്ടപ്പുറം മുതൽ കൊല്ലം വരെ 50 മീറ്റർ വീതിയിൽ കായൽ ഏറ്റെടുത്തുകൊണ്ട് ഓപ്പറേറ്റ് ആന്റ് മെയിന്റനൻസ് എന്ന പേരിൽ സ്വകാര്യ കമ്പനികളെ ഏല്പിച്ചിരിക്കുകയാണ്. അന്ന് 1,097 ഊന്നി വലകളും ചീന വലകളും ഊരി മാറ്റിയത് മൂലം 3,000 ത്തിലധികം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായത്. അവരെ പുനരധിവസിപ്പിക്കുവാൻ യാതൊരു പദ്ധതിയും ഉണ്ടായില്ല.

കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന ബ്ലൂ ഇക്കോണമി നയത്തിന്റെ ഇരകളും മത്സ്യത്തൊഴിലാളികളാണ്. കപ്പൽ നിർമ്മാണ ശാലകൾ, കപ്പൽ പൊളിക്കൽ കേന്ദ്രങ്ങൾ, തുറമുഖങ്ങളിൽ നിന്നുള്ള കണ്ടെയ്നറുകൾക്കായി 2,000 കിലോമീറ്റർ തീരദേശ റോഡുകൾ, തുറമുഖ നഗരങ്ങൾ, കോസ്റ്റൽ ഡെവലപ്മെന്റ് സോണുകൾ, ടൂറിസ്റ്റ് സർക്യൂട്ടുകൾ, അഡാനി മോഡൽ തുറമുഖങ്ങൾ ഇവയെല്ലാം നിതി ആയോഗ് വിഭാവനം ചെയ്യുന്ന പദ്ധതികളാണ്. ഇവിടങ്ങളിൽ നിന്നും കുടിയിറക്കപ്പെടുന്നവർ മത്സ്യത്തൊഴിലാളികളാണ്. തൊഴിലാളികൾ വികസനവിരുദ്ധരല്ല. പക്ഷേ മത്സ്യബന്ധനം ഉപജീവനമാക്കിയ പാവപ്പെട്ടവരുടെ താല്പര്യം കൂടി ഭരണവർഗം പരിഗണിക്കണം. അന്തർദേശീയ മത്സ്യത്തൊഴിലാളി ദിനത്തിൽ ഇത്തരം ഇരകളുടെ പക്ഷത്തുതന്നെ ഉറച്ചുനിൽക്കുമെന്ന് ഫെഡറേഷൻ പ്രതിജ്ഞ ചെയ്യുന്നു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares