സംഘപരിവാർ, ബിജെപി ശക്തികേന്ദ്രങ്ങളെ ഒഴിവാക്കിയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നടക്കുന്നതെന്ന് വ്യാപകമായ വിമർശനം ഉയർന്നിട്ടുണ്ട്. ബിജെപിക്ക് ഒട്ടും വേരോട്ടമില്ലാത്ത, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉരുക്കു കോട്ടയുള്ള കേരളത്തിൽക്കൂടിയാണ് കോൺഗ്രസ് മുൻ അധ്യക്ഷന്റെ പദയാത്ര ഏറ്റവും കൂടുതൽ ദിവസം കടന്നുപോകുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ രാഹുൽ കാൽതൊടുന്നില്ല. യുപിയിൽ വളരെ ചുരുങ്ങിയ മണിക്കൂറുകൾ മാത്രം. ഈ അവസരത്തിലാണ്, യുപി അടക്കമുള്ള സംഘപരിവാറിന്റെ ശക്തിദുർഗങ്ങളിലൂടെ എഐഎസ്എഫും എഐവൈഎഫും സംയുക്തമായി മാർച്ച് നടത്തിയ ഓർമ്മകൾ രാജ്യത്തെ ജനാധിപത്യ വിശ്വാസികളിലേക്ക് വീണ്ടും തെളിയുന്നത്.
സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി എഐഎസ്എഫ്-എഐവൈഎഫ് ലോങ് മാർച്ച് വിജയക്കൊടി പാറിച്ച് പര്യടനം പൂർത്തിയാക്കിയിട്ട് അഞ്ച് വർഷം തികഞ്ഞിരിക്കുകയാണ്. 2017 ജൂലൈ 15ന് കന്യാകുമാരിയിൽനിന്ന് അന്നത്തെ സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി ഉദ്ഘാടനം നിർവഹിച്ച ലോങ് മാർച്ച് 19 സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തി സെപ്റ്റംബർ 12ന് പഞ്ചാബിലെ ഹുസൈനിവാലയിൽ സമാപിക്കുകയായിരുന്നു. വിദ്യാർത്ഥി-യുവജന പ്രസ്ഥാനം സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നടത്തിയ ഏറ്റവും വലിയ യാത്രയായിരുന്നു 60 ദിവസം നീണ്ടുനിന്ന ലോങ് മാർച്ച്.
ബിജെപി സർക്കാരിന്റെ ജനവിരുദ്ധ വർഗ്ഗീയ നയങ്ങൾക്കെതിരായ സന്ദേശവുമായാണ് ലോങ് മാർച്ച് രാജ്യവ്യാപകമയി പര്യടനം നടത്തിയത്. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ഭീകരതയ്‌ക്കെതിരായ വമ്പിച്ച യുവജനവിദ്യാർത്ഥി മുന്നേറ്റമായിരുന്നു ലോങ് മാർച്ചിൽ തുടക്കം മുതൽ അവസാനം വരെ കാണാനായത്.
തൊഴിൽ-വിദ്യാഭ്യാസം-തെരഞ്ഞെടുപ്പ് പരിഷ്‌കരണം എന്നീ മൂന്ന് സുപ്രധാന മുദ്രാവാക്യങ്ങളായിരുന്നു ലോങ് മാർച്ച് അന്ന് മുന്നോട്ടുവച്ചത്. മോദി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങൾ രാജ്യത്ത് തൊഴിലില്ലായ്മ ഉയരുന്നതിനു കാരണമായി. പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്നവർ ഉള്ള തൊഴിൽകൂടി ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് വിളിച്ചോതിക്കൊണ്ടായിരുന്നു മാർച്ച്.
പശുവിന്റെ പേരിൽ യുപിയിലും ന്യൂനുപക്ഷങ്ങൾക്കും ദളിതർക്കും നേരെ ഗുജറാത്തിലും നിരന്തരം ഹിന്ദുത്വ ഭീകരർ അഴിഞ്ഞാട്ടം നടത്തിയ സമയത്താണ് ലോങ് മാർച്ച് നടത്തിയത്. കേരളം വിട്ട് പല സംസ്ഥാനങ്ങളിലും ജാഥാ അംഗങ്ങൾക്ക് നേരെ സംഘപരിവാർ ആക്രമണമുണ്ടായി. കർണാടകയിലും യുപിയിലും ഗുജറാത്തിലും ബംഗാളിലും ഡൽഹിയിലും ജാഥാ അംഗങ്ങൾക്ക് സംഘപരിവാർ ഗുണ്ടകളെ കായികമായി നേരിടേണ്ടിവന്നു. പല സംസ്ഥാനങ്ങളിലും സംഘപരിവാറിനൊപ്പം നിന്ന പൊലീസ്, യാത്രയ്ക്ക് അനുമതി നിഷേധിക്കുന്ന സാഹചര്യമുണ്ടായി. എന്നിട്ടും 19 സംസ്ഥാനങ്ങൾ താണ്ടി സഖാക്കൾ മാർച്ച് ലക്ഷ്യ സ്ഥാനത്തെത്തിച്ചു.
പതിനായിക്കണക്കിന് പേരാണ് പലയിടത്തും മാർച്ചിനെ വരവേൽക്കാൻ തടിച്ചുകൂടിയിരുന്നത്. 2017 സെപ്റ്റംബർ 12ന് സമാപനവേദിയായ പഞ്ചാബിലെ ഹുസൈനിവാലയിലെത്തുമ്പോൾ മാർച്ച് ജനസാഗരമായി മാറുകയായിരുന്നു.
ധീരരക്തസാക്ഷികൾ ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരുവും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ഹുസൈനിവാല. മാർച്ചിലുടനീളം ഇടത്, പുരോഗമന പ്രസ്ഥാനങ്ങൾ ഐക്യദാർഢ്യ പ്രഖ്യാപനവുമായി എത്തിയിരുന്നു. രാജ്യത്തെ മുൻനിര പ്രതിപക്ഷ പാർട്ടിയുടെ മുതിർന്ന നേതാവ് സേഫ് സോണിലൂടെ മാർച്ച് നടത്തുമ്പോൾ, ഒരുപറ്റം കമ്മ്യൂണിസ്റ്റ് യുവാക്കൾ നടത്തിയ ഐതിഹാസിക പോരാട്ട യാത്രയുടെ ഓർമ്മകൾ പുതുക്കാതിരിക്കുന്നതെങ്ങനെ…