ആലപ്പുഴ: ഡിസംബർ 16 മുതൽ 20വരെ നടക്കുന്ന എഐടിയുസിയുടെ 42-ാം ദേശീയ സമ്മേളനത്തിനു മുന്നോടിയായി പതാക ദിനം ആചരിച്ചു. പതാക ദിനത്തിന്റെ ഭാഗമായി വലിയ ചുടുകാട്ടിൽ ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ പതാക ഉയർത്തി. തൊഴിലാളി മുന്നേറ്റത്തിലൂടെ പുതിയ ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തിയാണ് ആലപ്പുഴയുടെ മണ്ണിൽ എഐടിയുസിയുടെ ദേശീയ സമ്മേളനം നടക്കുക. സമ്മേളന നഗരിയിൽ ഉയർത്തുന്നതിനുള്ള പതാക വഹിച്ചുകൊണ്ടുള്ള ജാഥ ഡിസംബർ 13ന് കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പുറപ്പെടും. പതാക മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ജാഥ ക്യാപ്ടൻ പി രാജുവിനു കൈമാറും. വൈസ് ക്യാപ്ടൻ എലിസബത്ത് അസീസിയും നേതൃത്വം നൽകും.
ബാനർ ജാഥ ഡിസംബർ 14 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലുള്ള അയങ്കാളി സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. ബാനർ ജാഥയുടെ ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ജാഥാ ക്യാപ്ടൻ കെ മല്ലികയ്ക്ക് നൽകി ഉദ്ഘാടനം ചെയ്യും. ജാഥാ വൈസ് ക്യാപ്ടൻ എം ജി രാഹുൽ ജാഥയെ അനുഗമിക്കും.
കൊടിമര ജാഥ ഡിസംബർ 14 ന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽനിന്നും കെ പ്രകാശ് ബാബു ക്യാപടൻ വി ബി ബിനുവിനും നൽകി ഉദ്ഘാടനം ചെയ്യും. വൈസ് ക്യാപ്ടൻ കവിതാ രാജൻ കൊടിമര ജാഥയെ അനുഗമിക്കും. സമ്മേളന നഗരിയിൽ കൊളുത്തുന്നതിനായുള്ള ദീപശിഖ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ജലോസ് ജാഥാ ക്യാപ്ടൻ അർച്ചന ജിസ്മോനു നൽകി ഉദ്ഘാടനം നിർവഹിക്കും.
അതിനിടെ ദേശീയ സമ്മേളനത്തിനു മുന്നോടിയായുള്ള തീം സോങ് എഐടിയുസി പുറത്തിറക്കി. വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് ബിജിബാലാണ് ഈണം നൽകിയിരിക്കുന്നത്. പ്രദീപ് കൊല്ലമാണ് തീം സോങിനു ദൃശ്യാവിഷ്കാരം നൽകിയത്.