തിരുവനന്തപുരം: സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്ന് വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പതാകദിനം ആചരിക്കും. പാര്‍ട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പാര്‍ട്ടി പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം ടാഗോര്‍ തിയറ്ററില്‍ സജ്ജമാക്കുന്ന വെളിയം ഭാര്‍ഗവന്‍ നഗറിലാണ് നടത്തുക. പൊതു സമ്മേളനം പി കെ വി നഗറിലും (പുത്തരിക്കണ്ടം മൈതാനം) സെമിനാറുകള്‍ കെ വി സുരേന്ദ്രനാഥ് നഗറിലും (അയ്യന്‍കാളി ഹാള്‍) സാംസ്കാരിക സമ്മേളനം കണിയാപുരം രാമചന്ദ്രന്‍ നഗറിലും (ഗാന്ധി പാര്‍ക്ക്) നടക്കും.
സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള രക്തപതാക വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കൊണ്ടുവരും. 29ന് സ്വാതന്ത്ര്യസമര സേനാനി പി കെ മേദിനി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന് പതാക കൈമാറും. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീര്‍ വൈസ് ക്യാപ്റ്റനായിരിക്കും.
ബാനര്‍ ശൂരനാട് രക്തസാക്ഷി സ്മാരകത്തില്‍ വച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ ആര്‍ ചന്ദ്രമോഹനന്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രനും കൊടിമരം നെയ്യാറ്റിന്‍കര വീര രക്തസാക്ഷി വീരരാഘവന്റെ സ്മാരകത്തില്‍ വച്ച് ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍ കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ക്കും കൈമാറും.
ദീപശിഖ ജാഥ കുടപ്പനക്കുന്നില്‍ രക്തസാക്ഷി ജയപ്രകാശിന്റെ സ്മാരകത്തില്‍ നിന്ന് ആരംഭിക്കും. മന്ത്രി ജെ ചിഞ്ചുറാണി മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തത്തിന് ദീപശിഖ കൈമാറും. പതാക ദിനവും, പതാക, ബാനര്‍, കൊടിമര, ദീപശിഖ ജാഥകളും വിജയിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.