Thursday, November 21, 2024
spot_imgspot_img
HomeKeralaഎസ്എഫ്ഐ മറന്നുപോയോ, എഐഎസ്എഫിന്റെ കരുണയിൽ ജീവിച്ച ആ കാലം?

എസ്എഫ്ഐ മറന്നുപോയോ, എഐഎസ്എഫിന്റെ കരുണയിൽ ജീവിച്ച ആ കാലം?

അധികാരി

കാലങ്ങളായി എസ്എഫ്ഐ പ്രവർത്തകർ അടിയന്തരാവസ്ഥയ്ക്ക് എഐഎസ്എഫ് പിന്തുണ നൽകി എന്ന വാദം ഉന്നയിക്കാൻ തുടങ്ങിയിട്ട്. സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് ഫാസിസത്തിനും ജനാധിപത്യ വിരുദ്ധതയ്ക്കും എഐഎസ്എഫ് കൂട്ടു നിന്നുവെന്നാണ് പുതിയ ആരോപണം ഉന്നയിച്ചിട്ടുള്ളത്. അതോടൊപ്പം ഒരു പടി കടന്ന് അവരുടെ കാരുണ്യത്തിലാണ് എഐഎസ്എഫ് നിലനിന്നു പോകുന്നത് എന്നു കൂടെ പറഞ്ഞു.

സാക്ഷാൽ എച്ച് കെ എസ് സുർജിത് ഇപ്പോൾ ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ തന്റെ അന്ധത വക വയ്ക്കാതെ കേരളത്തിൽ വന്നു സച്ചിൻ ദേവിനെ തല്ലിയേനെ. 80കളിൽ ഖാലിസ്ഥാൻവാദികളെ പേടിച്ചു ഓഫിസ് തുറക്കാൻ പറ്റാത്ത എസ്എഫ്ഐയ്ക്കും വല്യേട്ടന്മാർക്കും അമൃത്സറിലെ സിപിഐ ഓഫീസ് ആയ ഏക്ത ഭവൻ തുറന്നു വച്ചതും സുരക്ഷ ഏർപ്പെടുത്തിയതും സുർജിത്തിന്റെ അപേക്ഷ പ്രകാരമായിരുന്നു. എഐഎസ്എഫിന്റെ കരുണയും സഹായവും കൊണ്ട് മാത്രം ബിഹാറിലും പഞ്ചാബിലും യുപിയിലും ജീവിച്ചു പോയൊരു കാലം എസ്എഫ്ഐയ്ക്കുണ്ട്.

അടിയന്തരാവസ്ഥയെ എഐഎസ്എഫ് പിന്തുണച്ചു എന്ന വാദത്തെ കുറിച്ചു ഒരു മറുപടി പറയാം. ഇന്ദിരാഗാന്ധിയ്ക്ക് എതിരെ സമ്പൂർണ്ണ വിപ്ലവം പ്രഖ്യാപിച്ചു ജയ് പ്രകാശ് നാരായണൻ ആരംഭിച്ച മുന്നേറ്റത്തിൽ എഐഎസ്എഫും പങ്കാളികളായിരുന്നു. എന്നാൽ ജെ പി മുന്നേറ്റത്തെ കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ സംഘടനയുടെ നിലപാട് മാറ്റുന്നതിന് കാരണമായി. ആ നിരീക്ഷണങ്ങളാകട്ടെ ഇന്നും പ്രസക്തമാണ്. ബാങ്ക് ദേശസാത്കരണവും പ്രിവി പേഴ്‌സ് റദ്ദാക്കലും മൂലം ഹൃദയ വേദനയനുഭവിച്ച അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആരാധകരും ചെരുപ്പ് നക്കികളുമായ ആർഎസ്എസ് ഈ മുന്നേറ്റത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും പിന്തിരിപ്പൻ വലതുപക്ഷ ശക്തികളും പ്രതിലോമ വർഗ്ഗീയ ശക്തികളും രാഷ്ട്രീയമായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും അവർ നിരീക്ഷിച്ചു. അത് അക്ഷരാർത്ഥത്തിൽ ശരിയായി. ഇതിനെ കുറിച്ച് പ്രശസ്ത ചരിത്രകാരനായ ബിപാൻ ചന്ദ്ര വിശദമായി എഴുതുന്നുണ്ട്. എസ്എഫ്ഐ എബിവിപിയുമായും സിപിഎം ബിജെപിയുമായും കൂട്ടു കൂടിയതിനു തെളിവാണ് പി സുന്ദരയ്യ നൽകിയ കത്ത്.

അടിയന്തരാവസ്ഥയെ പൂർണ്ണമായും പിന്തുണച്ചു എന്നു പറയുന്നതിൽ അർത്ഥമില്ല. ന്യൂയോർക്ക് ടൈംസ് അടക്കമുള്ള പത്രങ്ങൾ സഖാവ് രാജേശ്വര റാവുവും ഇന്ദ്രജിത്ത് ഗുപ്‌തയും ചേർന്നു നയിച്ച ഇന്ദിരാഗാന്ധിയ്ക്ക് എതിരെയുള്ള സമരങ്ങൾ വലിയ പ്രധാന്യത്തോട് കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാർലമെന്റിനും അകത്തും പുറത്തുമായി നിരന്തര ഇടപെടലുകൾ സിപിഐയുടെ ഭാഗത്ത് നിന്നും എഐഎസ്എഫിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.

അവസാനമായി എസ്എഫ്ഐ യുടെ തണലിൽ ആണ് എഐഎസ്എഫ് നിൽക്കുന്നത് എന്നുള്ള നുണയൊക്കെ മെക്സിക്കൻ അപാരതയും സിഐഎ യും കണ്ടു കൊടി പിടിക്കാൻ വന്നവരുടെ അടുത്ത് ചിലവാകും. ലോക ജനാധിപത്യ യുവജന ഫെഡറേഷന്റെ അമരത്ത് എത്താൻ പറ്റാതെ പോകുന്ന, ഇന്ത്യ മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു ലോങ് മാർച്ച് പോലും നടത്താൻ പറ്റാത്ത എസ്എഫ്ഐയുടെ ജീർണത ആരും അറിയണ്ട. കേരളത്തിന് അപ്പുറം കാണാനോ ചിന്തിക്കാനോ പറ്റാത്ത എസ്എഫ്ഐ യ്ക്ക് കശ്മീർ മുതൽ കന്യാകുമാരി വരെ ലോങ് മാർച്ചുകൾ നടത്തുന്ന എഐഎസ്എഫിനോളം വലുതാകാൻ ഇനിയും നൂറ്റാണ്ടുകൾ വേണം. ഈ ലോങ് മാർച്ചുകൾ സംഘപരിവാറിന്റെ ആക്രമണങ്ങളെ നേരിട്ടും അതിന് അതേ നാണയത്തിൽ മറുപടി കൊടുത്തുമാണ് മുന്നോട്ട് പോയിരുന്നത്. സേഫ് സോണുകളിൽ അല്ല ബിജെപി കൊടി കുത്തി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെയാണ് എഐഎസ്എഫുകാർ തങ്ങളുടെ കൊടിയുമേന്തി ലോങ് മാർച്ചുകൾ നടത്തിയത്.

ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾക്ക് വിരുദ്ധമായ പോരാട്ടം എഐഎസ്എഫ് ശക്തമായി ആദ്യ കാലങ്ങളിലെ തുടർന്നു വരുന്ന കാര്യമാണ്. മൊറാർജി ദേശായിയുടെ വലതുപക്ഷ പിന്തിരിപ്പൻ സർക്കാരിൽ ഭാഗമായിരുന്ന സംഘപരിവാർ പ്രതിനിധികൾ മാനവ വിഭവ വകുപ്പ് ഏറ്റെടുത്തു സിലബസിൽ ഹിന്ദുത്വ അജണ്ടകൾ തിരുകി കയറ്റുമ്പോൾ ആ സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈകൊണ്ട് വിവിധ കമീഷനുകളിൽ അംഗമായ ഇഎംഎസ് നമ്പൂതിരിപ്പാടും അയാളുടെ പാർട്ടിയും വർഗ്ഗബഹുജന സംഘടനകളും മൗനം പാലിക്കുമ്പോൾ ഇത് ഒടുക്കത്തിന്റെ സൂചനകളാണ് സിലബസ് പരിഷ്‌ക്കരണം എതിർക്കണം എന്നു ആവശ്യപ്പെട്ടത് എഐഎസ്എഫ് ആണ്.

ജനാധിപത്യം ബോധം എന്താണ് എന്ന് മനസിലാകാത്ത എസ്എഫ്ഐ കാരോട് ഒരു കാര്യം പറഞ്ഞു അവസാനിപ്പിക്കുന്നു. ബിഹാറിൽ നിങ്ങളുടെ മൊത്തം മെമ്പർഷിപ്പ് എടുത്തു നോക്കിയാൽ എഐഎസ്എഫിന്റെ പട്നയിലുള്ള മെമ്പർഷിപ്പിന്റെ പകുതി വരില്ല. പട്ന യൂണിവേഴ്‌സിറ്റികളിലെ പല കോളേജുകളും എഐഎസ്എഫ് എതിരില്ലാതെ ജയിക്കുന്നവയാണ്. എബിവിപി യെ പ്രതിരോധിച്ചും ആർജെഡി ഗുണ്ടകളോട് ചെറുത്തു നിന്നുമാണ് ജയം. പലപ്പോഴും സഖ്യമായിട്ടും അല്ലാതെയും ജയിച്ചിട്ടുണ്ട്. വർഷങ്ങളായി പൊന്നാപുരം കോട്ട പോലെ ജയിക്കുന്ന കോളേജുകൾ ഉണ്ട്. ഇവിടെയെല്ലാം സിംഹവാലൻ കുരങ്ങൻമാരെ പോലെ എസ്എഫ്ഐകാരും ഉണ്ട്.

എന്നാൽ എഐഎസ്എഫ് ആരുടെയും പ്രവർത്തന സ്വാതന്ത്ര്യത്തിൽ ഇടപെടാനോ നോമിനേഷൻ കീറികളയാനോ ശ്രമിച്ചിട്ടില്ല. അത് ഇന്ന് മാത്രമല്ല ജന്മിമാരുടെ ഗുണ്ടകളെയും ആർജെഡി ഗുണ്ടകളെയും നേരിടാൻ തോക്കുമായി നടക്കുന്ന കാലത്ത് പോലും ക്യാമ്പസുകളിലെ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുന്ന ഒന്നും തന്നെ എഐഎസ്എഫ് നടത്തിയിട്ടില്ല. അത് നിങ്ങൾക്ക് എത്തിപിടിക്കാൻ കഴിയാത്ത ഒരു ജനാധിപത്യ ബോധമാണ്. കൊടിയിൽ എഴുതി ചേർത്തത് എന്താണ് എന്ന് അടിസ്ഥാനമായി മനസിലാക്കാൻ ശ്രമിക്കുക.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares