എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകരിക്കുന്ന നവജീവൻ കൾചറൽ ഫോറത്തിന്റെ ഉദ്ഘാടന ഇന്ന്. തിരുവനന്തപുരം തമ്പാനൂർ ടി വി സ്മാരക ഹാളിൽ നടക്കുന്ന രൂപീകരണ സമ്മേളനം റവന്യു മന്ത്രി കെ രാജൻ നിർവഹിക്കും. കല സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രതിഭകൾക്കായൊരു കൂട്ടായ്മയാണ് നവജീവൻ കൾചറൽ ഫോറം.
സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സർഗാത്മക ആവിഷ്കാരമാണ് കല. കേരളീയ സംസ്കാരത്തിന്റെ നവോത്ഥാന കുതിപ്പിൽ കലകളും സംസ്കാരവും നിർവഹിച്ച അനിഷേധ്യമായ പങ്ക് ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല. അത്തരത്തിൽ യുവത്വത്തെ സാമൂഹ്യ മാറ്റത്തിനുള്ള ചാലക ശക്തിയാക്കി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇപ്രകാരം ഒരു ഉദ്യമത്തിന് എഐവൈഎഫ് തയ്യാറെടുക്കുന്നത്.