തിരുവനന്തപുരം: സിപിഐ നേതാവും പ്രമുഖ ട്രേഡ് യൂണിയൻ സംഘാടകനുമായ മുൻ എംഎൽഎ യു എസ് ശശി (72)അന്തരിച്ചു. ഇന്നലെ രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം രാത്രിതന്നെ മാള നെയ്തക്കുടിയിലെ വസതിയിലെത്തിച്ചു. മൃതദേഹം രാവിലെ 11 മുതൽ 12 വരെ മാളയിലെ സിപിഐ ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി വസതിയിലേക്ക് തിരിച്ചുകൊണ്ടുപോകും. വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
ചെത്തുതൊഴിലാളിയായിരിക്കെയാണ് യൂണിയന്റെ പ്രവർത്തനങ്ങളിലേക്ക് ശശി സജീവമാകുന്നത്. പിന്നീട് ചെത്തുതൊഴിലാളി ഫെഡറേഷൻ-എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റായും റേഷൻ വ്യാപാരി സംഘടന ജില്ലാ പ്രസിഡന്റായും കേരളാഫീഡ്സ്, കാംകോ എന്നിവിടങ്ങളിലെ തൊഴിലാളികളുടെ നേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന കൗൺസിൽ അംഗമായും തൃശൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായും ചുമതലവഹിച്ചിട്ടുണ്ട്.
കൃഷിമന്ത്രിയായിരിക്കെ അന്തരിച്ച വി കെ രാജന്റെ ഒഴിവിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ 1998 ഫെബ്രുവരി 28 മുതൽ 98 മാർച്ച് ഒമ്പതുവരെ മാള നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. തുടർന്ന് പൊതുതെരഞ്ഞെടുപ്പിലും മാളയിൽ നിന്ന് മത്സരിച്ചു. യു എസ് ശശിയുടെ വേർപാടിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചിച്ചു.