Sunday, November 24, 2024
spot_imgspot_img
HomeIndiaബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാർ നടത്തുന്ന കരുനീക്കങ്ങൾക്കെതിരെ തുറന്നടിച്ച് മുൻ ആർഎസ്എസ് പ്രവർത്തകൻ

ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാർ നടത്തുന്ന കരുനീക്കങ്ങൾക്കെതിരെ തുറന്നടിച്ച് മുൻ ആർഎസ്എസ് പ്രവർത്തകൻ

മുംബൈ: ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ കോടതിയെ മാത്രമാണ് വിശ്വാസമെന്ന് മുൻ ആർഎസ്എസ് പ്രവർത്തകൻ യശ്വന്ത് ഷിൻഡെ. ഇന്ത്യയിലുടനീളം നടക്കുന്ന അക്രമണങ്ങളെല്ലാം മുസ്ലീങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് രാജ്യത്ത് ന്യൂനപക്ഷ സമുദായത്തോടുള്ള വിദ്വേഷം വളർത്തുന്നതിനായാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സർക്കാർ സംവിധാനങ്ങളെല്ലാം കുറ്റാരോപിതരോടൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസും മാധ്യമങ്ങളും സംഘപരിവാർ ചെയ്യുന്ന ഭീകരപ്രവർത്തനങ്ങളെ മുസ്ലിങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഷിൻഡെ പറഞ്ഞിരുന്നു.

2006ലെ നന്ദേഡ് കേസിൽ വിചാരണ നടക്കുന്ന കോടതിയിലാണ് ഷിൻഡെ സത്യവാങ്മൂലം സമർപ്പിച്ചത്. ഇതിന് പിന്നാലെ തന്നെ കേസിൽ സാക്ഷിയാക്കണമെന്നും ഷിൻഡെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

1999ലെ കാർഗിൽ യുദ്ധം പോലെ 2016 ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണവും പാകിസ്ഥാനെതിരെ നടന്ന മിന്നലാക്രമണവും എല്ലാം ബിജെപിയുടെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സംശയമുണ്ടെന്നും ഷിൻഡെ കോടതിയെ ബോധിപ്പിച്ചു.

1999ലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ വേണ്ടി അന്നത്തെ പ്രധാനമന്ത്രി വാജ്പേയി കാർഗിൽ യുദ്ധം അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും യശ്വന്ത് ഷിൻഡെ കൂട്ടിച്ചേർത്തു.

ഹിന്ദുമതത്തോടുള്ള സ്നേഹമാണ് ഇക്കാര്യങ്ങൾ തന്നെ വെളിപ്പെടുത്താൻ പ്രേരിപ്പിച്ചതെന്നാണ് ഷിൻഡെ സത്യവാങ്മൂലത്തിൽ പറഞ്ഞത്.

‘ഹിന്ദുമതത്തിനകത്ത് ഭീകരത വളർത്താനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. എനിക്കത് അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിരപരാധികളായ ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും ക്രിസ്ത്യാനികളേയും കൊന്നൊടുക്കുകയാണ് അവർ. ഹിന്ദു മതത്തോടുള്ള സ്‌നേഹമാണ് എന്നെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചത്,’ യശ്വന്ത് പറയുന്നു.

2004ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് നൂറുകണക്കിന് ബോംബ് സ്‌ഫോടനങ്ങൾ നടത്താൻ ആർ.എസ്.എസ് പദ്ധതിയിട്ടിരുന്നുവെന്നും ഇതിന് വേണ്ടി ബോംബ് നിർമാണത്തിൽ പങ്കെടുത്ത നിരവധി പേരെ താൻ പറഞ്ഞ് പിന്തിരിപ്പിച്ചതു കൊണ്ടാണ് അന്ന് സ്‌ഫോടനങ്ങൾ നടക്കാതെ പോയതെന്നും ഷിൻഡെ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

ബി.ജെ.പിയുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ആർ.എസ്.എസും വി.എച്ച്.പിയും ഉൾപ്പെടെയുള്ള സംഘടനകൾ പ്രവർത്തിക്കുന്നത്. ഇതിന് വേണ്ടിയാണ് ഈ സംഘടനകളിലെ പ്രവർത്തകർ ആയുധ പരിശീലനം നേടുന്നതും ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും. ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നും സത്യവാങ്മൂലത്തിൽ യശ്വന്ത് കൂട്ടിച്ചേർക്കുന്നു.

‘ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതു മുതലാണ് വിവിധ കേസുകളിൽ ഒളിവിൽ പോയവരെല്ലാം തിരികെ വന്നു തുടങ്ങിയത്. കോൺഗ്രസ് ഭരണകാലത്ത് അവരെല്ലാം വിവിധ കാരണങ്ങളാൽ നാടുവിട്ടവരോ ഒളിവിൽ പോയവരോ ആയിരിക്കും. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ പ്രദേശങ്ങളിൽ ഭീകര പ്രവർത്തനങ്ങൾ അഴിച്ചുവിടുന്നത് ഇതേ സംഘമാണ്,’ ഷിൻഡെ പറഞ്ഞു.

തന്റെ നേതൃത്വത്തിൽ ഏഴുപേരെ കശ്മീരിൽ സൈനിക പരിശീലനത്തിന് എത്തിച്ചതായും ഇവർക്ക് മഹാരാഷ്ട്രയിലെ സിനാഗഡിൽ ബോംബ് സ്ഫോടനത്തിന്റെ പരിശീലനം നൽകിയതായും യശ്വന്ത് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തുന്നുണ്ട്. നന്ദേഡ് സ്ഫോടനത്തിൽ വി.എച്ച്.പി ദേശീയ സംഘാടകൻ മിലിന്ദ് പരന്തെ, 2008ലെ മലേഗാവ് സ്ഫോടനത്തിൽ പ്രതി രാകേഷ് ധവാഡെ, ഹരിദ്വാർ സ്വദേശി രവിദേവ് തുടങ്ങിയവരാണ് പ്രതികളെന്നും യശ്വന്ത് തന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവരെ പ്രതിചേർക്കണമെന്നും അദ്ദേഹം കത്തിൽ പരാമർശിക്കുന്നുണ്ട്.

അതേസമയം ആർ.എസ്.എസ് പ്രവർത്തകന്റെ വെളിപ്പെടുത്തലുമായി ഷിൻഡെ നൽകിയ ഹരജി കോടതി സെപ്റ്റംബർ 22ന് പരിഗണിക്കും. നന്ദേദ് സെഷൻസ് കോടതിയായിരിക്കും ഹരജി പരിഗണിക്കുക. അന്നേ ദിവസം തന്നെ മറുപടി നൽകണമെന്ന് നാന്ദേഡ് സ്‌ഫോടന കേസിൽ വാദം കേൾക്കുന്ന സെഷൻസ് കോടതി ജഡ്ജി അശോക് ആർ. ധമേച്ച സർക്കാരിനോട് നിർദശിച്ചിട്ടുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares