Tuesday, January 21, 2025
spot_imgspot_img
HomeIndiaമുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതോട ഇന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ മൻമോഹൻ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു, 2024-ൻ്റെ തുടക്കം മുതൽ ആരോഗ്യം അത്ര സുഖകരമായിരുന്നില്ല. 2024 ജനുവരിയിൽ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പൊതുപരിപാടി.

2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ഈ വർഷം ആദ്യമാണ് രാജ്യസഭയിൽനിന്ന് വിരമിച്ചത്. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായിരുന്നു ഇദ്ദേഹം. 2004 മേയ് 22നാണ് ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിൽ മൻമോഹൻ സിങ് എത്തുന്നത്. 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ വീണ്ടും അധികാരത്തിലെത്തിയതോടെ മൻമോഹൻ വീണ്ടും പ്രധാനമന്ത്രിയായി.

1932 സെപ്തംബർ 26 ന് ഗുർമുഖ് സിങ്ങിന്റേയും അമൃത് കൗറിന്റേയും മകനായാണ് മൻമോഹൻ ജനിച്ചത്. വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചതിനാൽ അച്ഛന്റെ അമ്മയാണ്‌ മൻമോഹനെ വളർത്തിയത്‌. പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പുകൾ നേടിയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവകലാശാലയിൽ ചേർന്നു. അവിടെ നിന്ന് ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ൽ പിഎച്ച്ഡി പഠനത്തിനായി കേംബ്രിഡ്ജ് സർവകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു.ഏറ്റവും മികച്ച വിദ്യാർഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും ആദം സ്മിത്ത് പുരസ്കാരവും നേടിയാണ് മൻമോഹൻ സിങ് സർവകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസറായാണ് മൻമോഹൻ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് 1971 ൽ ഗതാഗത വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. 1972 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ ഭാരത സർക്കാർ ധനകാര്യ വകുപ്പിൽ മുഖ്യ ഉപദേഷ്ടാവായിരുന്നു. 1982 ൽ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി മൻമോഹൻ സിങിനെ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചു. പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ചെയർമാനായും യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മിഷന്റെ ചെയർമാനായും മൻമോഹൻ പ്രവർത്തിച്ചിട്ടുണ്ട്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares