അരീക്കോട്: സി പി ഐ ഏറനാട് മണ്ഡലം കമ്മിറ്റി ഓഫീസായ സി കെ ചന്ദ്രപ്പൻ സ്മാരക മന്ദിരത്തിന് പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ തറക്കല്ലിട്ടു. ബി ജെ പി-സംഘപരിവാർ ഫാസിസ്റ്റ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിനും,പൊതുമേഖലയാകെ വിറ്റു തുലക്കുന്ന ഭരണകൂടത്തിന്റെ കോർപ്പറേറ്റ് കച്ചവടത്തെയും ചെറുക്കാൻ സി കെ ചന്ദ്രപ്പന്റെ ഓർമ്മകൾ ആവേശം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
എഐഎസ്എഫ് പ്രവർത്തകനായി പൊതുരംഗത്തേക്ക് വന്ന സി കെ ചന്ദ്രപ്പൻ ഗോവൻ വിമോചന സമരമുൾപ്പെടെയുള്ള പോരാട്ടങ്ങളിൽ മുന്നണി പോരാളിയായിരുന്നു.മികച്ച പാർലിമെന്ററിയനും സംഘാടകനുമായിരുന്ന ചന്ദ്രപ്പൻ നിരവധി അവതരിപ്പിച്ച ബില്ലുകൾ എക്കാലത്തും പ്രസക്തമാണ്.
ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും വ്യക്തിശുദ്ധി പാലിക്കാനും എല്ലാകാലത്തും അദ്ദേഹത്തിനായിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഇടപെടലുകളുടെ ഭാഗമായി ജില്ലയിലെ പാർട്ടിക്കുണ്ടായ വളർച്ച തുടരുകയാണ്.പതിനൊന്ന് വർഷങ്ങൾക്ക് മുന്നെ ഇതേ ദിവസം അന്തരിച്ച സി കെ ചന്ദ്രപ്പന്റെ നിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ് ജില്ലയിൽ പാർട്ടി നേടുന്ന ജനപിന്തുണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി ടി മൊയ്തീൻ കുട്ടി അധ്യക്ഷനായി.സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്,കെ പ്രഭാകരൻ,കെ ബാബുരാജ്,പി പി ബാലകൃഷ്ണൻ,പി സുബ്മണ്യൻ,
അഡ്വ ഷഫീർ കിഴിശ്ശേരി,ഒ കെ അയ്യപ്പൻ,പി തുളസീദാസ് മേനോൻ,ജി അജയൻ,എം യു വേലായുധൻ,പി ടി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാബു ഗോകുലം സ്വാഗതവും കെ വി ജയപ്രകാശ് നന്ദിയും പറഞ്ഞു.